News - 2024

ലോകസമാധാനത്തിനായി ലെബനനില്‍ മാതാവിന്റെ മദ്ധ്യസ്ഥതയില്‍ പ്രത്യേക പ്രാര്‍ത്ഥന; ഇസ്ലാം മതവിശ്വാസികള്‍ മരിയന്‍ ഗാനം ആലപിച്ചു

സ്വന്തം ലേഖകന്‍ 23-09-2016 - Friday

ബെയ്‌റൂട്ട്: ലോക സമാധാനത്തിനായി ലെബനനിലെ വിവിധ മതവിശ്വാസികള്‍ ഹരിസായിലുള്ള പരിശുദ്ധ ദൈവമാതാവിന്റെ ദേവാലയത്തില്‍ പ്രാര്‍ത്ഥനയ്ക്കായി ഒത്തുകൂടി. ക്രൈസ്തവര്‍ക്കൊപ്പം ഇസ്ലാം മതവിശ്വാസികളും ചേര്‍ന്നാണ് പരിശുദ്ധ അമ്മയുടെ മധ്യസ്ഥ പ്രാര്‍ത്ഥന നടത്തുവാനായി ഒത്തു ചേര്‍ന്നത്. ചടങ്ങില്‍ ഇസ്ലാം മതവിശ്വാസികള്‍ ഏവരേയും അതിശയിപ്പ് മരിയന്‍ ഗാനം ആലപിച്ചു.

ഇറ്റലിയിലെ അസീസിയില്‍ നടന്ന സര്‍വ്വമത സമ്മേളനത്തിന്റെ ഭാഗമായി എല്ലാ ദേവാലയങ്ങളിലും സമാധാനത്തിനായി പ്രത്യേകം പ്രാര്‍ത്ഥന നടത്തണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാന ചെയ്തിരിന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ലെബനനില്‍ സമൂഹ പ്രാര്‍ത്ഥന നടത്തിയത്.

സമാധാനത്തിനു വേണ്ടി നിലകൊള്ളുന്ന ലെബനനിലെ ബിഷപ്പുമാരുടെ കൂട്ടായ്മയുടെ സെക്രട്ടറിയായ ബിഷപ്പ് ചുക്രല്ലാഹ് നാബില്‍ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കി. പ്രാര്‍ത്ഥനയ്ക്കായി ബിഷപ്പ് ചുക്രല്ലാഹ് നാബില്‍ ഹേജ് തെരഞ്ഞെടുത്ത ആപ്തവാക്യം 'മേരിയുടെ അരികില്‍, മേരിയോടൊപ്പം' എന്നതായിരിന്നു.

യുദ്ധവും തീവ്രവാദവും മൂലം കൊല്ലപ്പെട്ട ലെബനനിലേയും പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേയും ആളുകള്‍ക്ക് വേണ്ടി പ്രാര്‍ത്ഥനാ സംഗമത്തിന് എത്തിയവര്‍ ഒരു മിനിറ്റ് മൗനം ആചരിച്ചു. മേഖലയില്‍ ശാന്തിയും സമാധാനവും വേഗം പുനഃസ്ഥാപിക്കപ്പെടുന്നതിനായും വിശ്വാസ സമൂഹം ദൈവ മാതാവിന്റെ മധ്യസ്ഥയില്‍ പ്രാര്‍ത്ഥിച്ചു. വിവിധ മത വിഭാഗങ്ങളിലെ പ്രതിനിധികള്‍ യോഗത്തില്‍ അവരുടെ സന്ദേശവും ആശംസകളും അറിയിച്ചു.

സമാധാനം സ്ഥാപിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമെന്ന പ്രതിജ്ഞയോടെയാണ് പ്രാര്‍ത്ഥനാ സംഗമം അവസാനിച്ചത്. മാര്‍ച്ച് 25-ാം തീയതി നടക്കാറുള്ള സഹായ മാതാവിന്റെ തിരുനാള്‍ ലെബനനിലെ ദേശീയ അവധിദിനമാണ്. ഇസ്ലാം മതവിശ്വാസികളും ക്രൈസ്തവരും ഒരു പോലെ സാഹോദര്യ സന്ദേശം ഉയര്‍ത്തി ആഘോഷിക്കുന്ന ഒരു ദേശീയ ആഘോഷം കൂടിയാണത്.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 84