News - 2024

ഉത്തരകൊറിയയില്‍ ക്രൈസ്തവരെ അഗ്നിയുടെ നടുവില്‍ കുരിശിലേറ്റുന്നു; വിശ്വാസികളെ ഉന്മൂലനം ചെയ്യുവാന്‍ സ്വേച്ഛാധിപതി കിം ജോംങ് ഉന്നിന്റെ തീവ്രശ്രമങ്ങള്‍

സ്വന്തം ലേഖകന്‍ 24-09-2016 - Saturday

ലണ്ടന്‍: ഉത്തര കൊറിയയില്‍ ക്രൈസ്തവര്‍ക്കു നേരെയുള്ള പീഡനങ്ങള്‍ വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്. യുകെ ആസ്ഥാനമായ 'ക്രിസ്ത്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡ് (സിഎസ്ഡബ്ല്യു)' എന്ന സംഘടനയാണ് വിശദമായ പഠനങ്ങള്‍ക്ക് ശേഷം റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. മതസ്വാതന്ത്ര്യത്തിന് ഒരു വിലയും കല്‍പ്പിക്കാത്ത നിലപാടുകളാണ് കമ്യൂണിസ്റ്റ് സ്വേച്ഛാധിപതിയായിരിക്കുന്ന കിം ജോംങ് ഉന്നിന്റെ നേതൃത്വത്തില്‍ രാജ്യത്ത് നടക്കുന്നത്.

ഉത്തര കൊറിയയില്‍ ക്രൈസ്തവര്‍ക്കും മറ്റു മതവിശ്വാസികള്‍ക്കും നേരെ നടക്കുന്ന മനുഷ്യത്വ രഹിതമായ കാര്യങ്ങളെ സംബന്ധിക്കുന്ന റിപ്പോര്‍ട്ടില്‍ ഞെട്ടിപ്പിക്കുന്ന പലവിവരങ്ങളും ഉള്‍പ്പെടുന്നു. ക്രൈസ്തവ വിശ്വാസികളെ അഗ്നിയുടെ നടുവില്‍ ക്രൂശിക്കുന്നതുള്‍പ്പെടെയുള്ള നിരവധി ഹീനപ്രവര്‍ത്തികള്‍ നടക്കുന്ന രാജ്യമായി ഉത്തരകൊറിയ മാറിയിരിക്കുന്നതായും ക്രൈസ്തവരുടെ പൂര്‍ണ്ണ ഉന്മൂലനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ക്രൈസ്തവ വിശ്വാസികളെ സര്‍ക്കാര്‍ നേരിട്ട് കൊലപ്പെടുത്തിയ നിരവധി സംഭവങ്ങള്‍ ഉത്തരകൊറിയയില്‍ ഇതിനോടകം തന്നെ ഉണ്ടായിട്ടുണ്ട്.

തന്റെ സ്വേച്ഛാധിപത്യത്തിനെതിരേയുള്ള വെല്ലുവിളിയായിട്ടാണ് കിം ജോംങ് ഉന്‍ ക്രൈസ്തവരെ കാണുന്നത്. ഇക്കാരണത്താല്‍ തന്നെ, വിശ്വാസികളെ കടന്നാക്രമിക്കുവാന്‍ അദ്ദേഹം പട്ടാളത്തോട് നിര്‍ദേശിച്ചിരിക്കുകയാണ്. ഒരാള്‍ വിശ്വാസിയാണെന്ന് കണ്ടെത്തിയാല്‍ പിന്നെ ആ വ്യക്തിയുടെ കുടുംബത്തെ പൂര്‍ണ്ണമായും നശിപ്പിക്കുന്ന രീതിയാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഇത്തരത്തില്‍ കൊല്ലപ്പെടുന്നവര്‍ പലരും ദൈവവിശ്വാസികള്‍ പോലും ആകണമെന്നില്ലെന്നും സിഎസ്ഡബ്ല്യു തങ്ങളുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

ക്രൈസ്തവരെ കൊലപ്പെടുത്തുന്നതിനൊപ്പം നിര്‍ബന്ധിത അടിമവേലയ്ക്കും, പലവിധ പീഡനങ്ങള്‍ക്കും സര്‍ക്കാര്‍ വിധേയമാക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. താമസസ്ഥലത്തു നിന്നും മറ്റൊരു പ്രദേശത്തേക്ക് കുടിയൊഴിപ്പിക്കുകയും, വ്യാജ കേസുകള്‍ ചുമത്തി വിചാരണ ചെയ്ത ശേഷം തുറങ്കിലടയ്ക്കുകയും ചെയ്യുന്ന നിരവധി സംഭവങ്ങള്‍ ക്രൈസ്തവരെ ലക്ഷ്യം വച്ചു രാജ്യത്ത് നടക്കുന്നു. ക്രൈസ്തവ വിശ്വാസികളായ സ്ത്രീകളെ മാനഭംഗപ്പെടുത്തുന്നതും വിവിധ ലൈംഗീക വൈകൃതങ്ങള്‍ക്ക് ഉപയോഗിക്കുന്നതും രാജ്യത്ത് നിര്‍ബാധം തുടരുന്നുണ്ട്.

സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഉത്തര കൊറിയയില്‍ പതിമൂവായിരം ക്രൈസ്തവര്‍ മാത്രമാണ് ഉള്ളത്. എന്നാല്‍ വിശ്വാസികളുടെ എണ്ണം ഇതിലും കൂടുതലാണ്. സര്‍ക്കാര്‍ നടപടി ഭയന്ന് ആരും തന്നെ തങ്ങളുടെ വിശ്വാസം തുറന്നു പറയാറില്ല. മാമോദീസ സ്വീകരിച്ച് സഭയോട് ചേരുന്നതിനും ക്രൈസ്തവരായി ജീവിക്കുന്നതിനും നിരവധി പേര്‍ രാജ്യത്ത് നിന്നും പലായനം ചെയ്ത് ചൈനയിലേക്ക് കടക്കാറുണ്ട്. ഇങ്ങനെ രാജ്യം വിടുന്നവരെ സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തി ഉത്തരകൊറിയയിലേക്ക് മടക്കികൊണ്ടു വരികയും കൊടിയ പീഡനങ്ങള്‍ക്ക് വിധേയരാക്കുകയുമാണ് പതിവ്.

64 ബുദ്ധക്ഷേത്രങ്ങളും, 52 ചിയോംഡോയിസ്റ്റ് ക്ഷേത്രങ്ങളും ഉള്ള ഉത്തരകൊറിയയില്‍ അഞ്ച് ക്രൈസ്തവ ആരാധനാലയങ്ങളാണ് ഉള്ളത്. ഇവയെല്ലാം തന്നെ രാജ്യതലസ്ഥാനമായ പോംങ്യാംഗിലാണ് സ്ഥിതി ചെയ്യുന്നത്. ദേവാലയങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ കണ്ണില്‍ പൊടിയിടുവാനുള്ള വെറും തന്ത്രങ്ങള്‍ മാത്രമാണെന്ന് സിഎസ്ഡബ്ല്യു തങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആരാധനാ സ്വാതന്ത്ര്യം ഒരിടങ്ങളിലും സര്‍ക്കാര്‍ അനുവദിച്ചു നല്‍കാറില്ല. ദേശീയ സ്മാരകങ്ങള്‍ എന്ന നിലയിലാണ് സര്‍ക്കാര്‍ ഇതിനെ കണക്കാക്കുന്നത്. 500-ല്‍ അധികം ഭവനങ്ങളില്‍ ക്രൈസ്തവ ആരാധന രഹസ്യമായി നടക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

1950-ലെ കൊറിയന്‍ യുദ്ധത്തിനു മുന്‍പു വരെ ക്രൈസ്തവരാല്‍ സമ്പന്നമായിരുന്ന രാജ്യമായിരുന്നു ഉത്തരകൊറിയ. യുദ്ധത്തിനു ശേഷം വന്ന സര്‍ക്കാരുകളാണ് വിശ്വാസത്തെ തുടച്ചു നീക്കുവാനുള്ള തീരുമാനം സ്വീകരിച്ചത്. മതസ്വാതന്ത്ര്യം അനുവദിച്ചു നല്‍കാത്ത സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നിരവധി തവണ ഐക്യരാഷ്ട്ര സഭയും അന്താരാഷ്ട്ര സമൂഹവും ഉത്തരകൊറിയക്ക് മുന്നറിയിപ്പു നല്‍കിയതാണ്. എന്നാല്‍ ഇത്തരം മുന്നറിയിപ്പുകളെ സ്വീകരിക്കുവാന്‍ ഉത്തരകൊറിയ ഇത് വരെയും തയ്യാറായിട്ടില്ല.

More Archives >>

Page 1 of 84