News

പിസി കുടുംബത്തിന്റെ സഭാ വിമർശനവും ബിജെപിയുടെ ഇരട്ടത്താപ്പും

എൻ.വി 12-04-2026 - Sunday

കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ മുൻകാലങ്ങളിൽ സഭയോടും വിശ്വാസികളോടും അടുപ്പം പ്രകടിപ്പിച്ചിരുന്ന പി.സി. ജോർജും മകൻ ഷോൺ ജോർജും ഇന്നു സ്വീകരിക്കുന്ന കടുത്ത സഭാവിരുദ്ധ നിലപാട് വെറുമൊരു രാഷ്ട്രീയ അഭിപ്രായവ്യത്യാസമല്ല, മറിച്ച് വ്യക്തമായ തിരക്കഥയുടെ ഭാഗമാണെന്നു നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. സഭയുടെ പാരമ്പര്യത്തെയും അധികാരശ്രേണിയെയും വെല്ലുവിളിച്ചുകൊണ്ട് സംഘപരിപാറിന് അനുകൂലമായ രാഷ്ട്രീയസാഹചര്യം ഒരുക്കാനുള്ള ശ്രമമാണ് ഇവർ നടത്തുന്നത്.

ഇലക്ഷൻ കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം തന്നെ സഭാനേതൃത്വത്തിനെതിരെ ഇവർ ഉയർത്തിയ ആരോപണങ്ങൾ പ്രധാനമായും, തങ്ങൾ നേരിടാൻ പോകുന്ന രാഷ്ട്രീയ പരാജയത്തിന്റെ ഉത്തരവാദിത്വം സഭയുടെ മേൽ കെട്ടിവയ്ക്കാനുള്ള തന്ത്രമല്ലാതെ മറ്റൊന്നുമല്ല. വോട്ടുബാങ്ക് രാഷ്ട്രീയത്തിന് അപ്പുറം കാത്തുസൂക്ഷിക്കുന്ന സാമൂഹിക പ്രതിബദ്ധതയെയും ധാർമ്മികതയെയും പാരമ്പര്യത്തെയും സഭ കൈവിടാൻ തയ്യാറാകാത്തതാണ് ഇവരെ പ്രകോപിപ്പിച്ചിരിക്കുന്നത്. എന്നാൽ, കേരളത്തിലെ സഭാ സമൂഹവുമായി പി സി ജോർജും ഷോൺ ജോർജും പുലർത്തി വന്നിരുന്ന ബന്ധം തകർന്നെന്നുവന്നാൽ, ബിജെപി നേതൃത്വം അവർക്ക് നൽകിയിരുന്ന പരിഗണന തുടരുമോ എന്ന കാര്യത്തിലെ അവ്യക്തതപോലും അവർ പരിഗണിച്ചില്ല എന്നതാണ് വാസ്തവം.

സഭയുടെ പത്രമായ ദീപികയെയും അതിന്റെ നിലപാടുകളെയും പി.സി. ജോർജ് അധിക്ഷേപിക്കുമ്പോൾ അത് ഒരു മാധ്യമത്തിനെതിരെയുള്ള വിമർശനമല്ല, മറിച്ച് ആ പത്രം ഉയർത്തിപ്പിടിക്കുന്ന ക്രൈസ്തവ താല്പര്യങ്ങൾക്കും സഭയുടെ അസ്തിത്വത്തിനും എതിരെയുള്ള കടന്നാക്രമണമാണ്. എഫ്.സി.ആർ.എ വിഷയത്തിൽ കേന്ദ്രസർക്കാർ സ്വീകരിക്കുന്ന പ്രതികാരബുദ്ധിയോടെയുള്ള നിലപാടുകൾക്കെതിരെ ദീപിക നടത്തിയ ശക്തമായ ഇടപെടലുകളാണ് പി സി ജോർജിനെയും മകനെയും പ്രകോപിപ്പിച്ചത്. സഭയെ മുട്ടുകുത്തിക്കാൻ കേന്ദ്രം വിഭാവനം ചെയ്യുന്ന നിയമങ്ങളെ വെള്ളപൂശാൻ സഭാവിശ്വാസിയെന്ന് അവകാശപ്പെടുന്ന ഒരാൾ തന്നെ മുന്നിട്ടിറങ്ങുന്നത് വലിയ വൈരുദ്ധ്യമാണ്.

സംഘപരിവാർ രാഷ്ട്രീയവും ക്രൈസ്തവ വേട്ടയും ‍

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവ വിശ്വാസികൾക്കും സ്ഥാപനങ്ങൾക്കും നേരെ നടക്കുന്ന അതിക്രമങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ കേരളത്തിലെ വിശ്വാസി സമൂഹത്തിന് മാത്രമല്ല, മതേതരസമൂഹത്തിനും കഴിയില്ല. മതപരിവർത്തന നിരോധന നിയമങ്ങൾ എന്ന പേരിൽ നിർമ്മിക്കപ്പെട്ട കരിനിയമങ്ങൾ ക്രൈസ്തവ സ്ഥാപനങ്ങളുടെ ജീവകാരുണ്യ പ്രവർത്തനങ്ങളെയും വിദ്യാഭ്യാസ മുന്നേറ്റങ്ങളെയും തടസ്സപ്പെടുത്താൻ സംഘപരിവാർ സംഘടനകൾ നിരന്തരം ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. ഈ നിയമങ്ങൾ ഉപയോഗിച്ച് വൈദികരെയും സന്യാസിനികളെയും കള്ളക്കേസുകളിൽ കുടുക്കുകയും അക്രമണങ്ങൾ അഴിച്ചുവിടുകയും ചെയ്യുന്ന കാഴ്ച നാം നിരന്തരം കാണുന്നതാണ്. ഇതിനെതിരെ ശബ്ദമുയർത്തുന്ന സഭാനേതൃത്വത്തെ വിരട്ടാനാണ് ഇവിടുത്തെ ചില ബി.ജെ.പി നേതാക്കൾ ശ്രമിക്കുന്നത്.

വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ (FCRA) കൊണ്ടുവരാനുദ്ദേശിക്കുന്ന ഭേദഗതികൾ ക്രൈസ്തവ സമൂഹത്തിൻ്റെ വിദ്യാഭ്യാസ - കാരുണ്യപ്രവർത്തനങ്ങളുടെ നട്ടെല്ലൊടിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. അതിനെ നിസാരവൽക്കരിച്ച്, ‘കണക്കുകൾ നൽകിയാൽ തീരുന്ന പ്രശ്നം മാത്രമേയുള്ളൂ’ എന്നവിധത്തിൽ വാദിക്കുന്ന പി സി ജോർജിനെ പോലുള്ളവർ ഒന്നുകിൽ വിഷയം പഠിച്ചിട്ടില്ല, അല്ലെങ്കിൽ എല്ലാമറിഞ്ഞിട്ടും വ്യാജ പ്രചാരണങ്ങൾ നടത്തുന്നു. 2010 എഫ്‌സിആർഎ നിയമം, 2020ലെ നിയമ പരിഷ്‌കരണം എന്നിവ വഴിയായി കേന്ദ്രസർക്കാർ അറിയാതെ യാതൊരു ഇടപാടുകളും എഫ്‌സിആർഎ അക്കൗണ്ടുകൾ വഴി സാധ്യമല്ല. എന്നാൽ, പുതിയ പരിഷ്‌കരണം, സ്വാതന്ത്ര്യത്തിനും മുമ്പുമുതലുള്ള ആസ്തികൾപോലും നിഷ്പ്രയാസം കൈക്കലാക്കാൻ കേന്ദ്രസർക്കാറിന് അധികാരം നൽകുന്നു.

പതിറ്റാണ്ടുകളായി പാവപ്പെട്ടവർക്കും അനേക ലക്ഷങ്ങളുടെ വിദ്യാഭ്യാസത്തിനും ആതുരസേവനത്തിനുമായി സഭ സ്വരുക്കൂട്ടിയ ആസ്‌തികൾ ഒരു കരിനിയമം ഉപയോഗിച്ച് കൈവശപ്പെടുത്താൻ നീക്കം നടത്തുന്നതിലൂടെ ഒരു വലിയ വിഭാഗം ജനങ്ങൾക്ക് ആശ്രയമായ പ്രവർത്തനങ്ങളെ ഇല്ലാതാക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ഈ വിഷയത്തിൽ സഭ സ്വീകരിക്കുന്ന പ്രതിഷേധ നിലപാടുകളെ തുരങ്കം വെക്കാൻ പി.സി. ജോർജിനെപ്പോലെയുള്ളവർ രംഗത്തിറങ്ങുന്നത് അവർ ഏറ്റെടുത്ത ദൗത്യത്തിന്റെ ഭാഗമാകാം. സഭയെ തങ്ങളുടെ വരുതിയിലാക്കാൻ കേന്ദ്രം ശ്രമിക്കുമ്പോൾ അതിന് ഏജന്റായി പ്രവർത്തിക്കുകയാണ് ഇവർ ചെയ്യുന്നത്.

ബി.ജെ.പി ദേശീയതലത്തിൽ സ്വീകരിക്കുന്ന ക്രൈസ്തവ വിരുദ്ധ നിലപാടുകളും കേരളത്തിൽ നടത്തുന്ന സ്നേഹ സംവാദങ്ങളും തമ്മിലുള്ള വൈരുദ്ധ്യം വളരെ വലുതാണ്. ഉത്തരേന്ത്യയിൽ സഭാസ്ഥാപനങ്ങൾ തകർക്കുമ്പോഴും വൈദികരെ തടവിലാക്കുമ്പോഴും ഇവിടെ പുത്തൻ വേഷം കെട്ടിയെത്തുന്നവരുടെ ഇരട്ടത്താപ്പ് സാമാന്യബോധമുള്ളവർക്ക് തിരിച്ചറിയാനാകും. ഈ ഇരട്ടത്താപ്പിനെ സഭ ചോദ്യം ചെയ്യുമ്പോഴാണ് ജോർജ് കുടുംബത്തിന് പൊള്ളുന്നതും അവർ സഭയെ പരസ്യമായി ആക്ഷേപിക്കാൻ തുനിയുന്നതും. സഭയുടെ ആഭ്യന്തര കാര്യങ്ങളിൽ വർഗീയ രാഷ്ട്രീയത്തിനു വേണ്ടി ഇവർ നടത്തുന്ന ഇടപെടലുകൾ അപലപനീയമാണ്.

താൻ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ പരാജയം ഉറപ്പായപ്പോൾ അതിനുള്ള പഴി സഭയുടെയും മെത്രാന്മാരുടെയും തലയിൽ കെട്ടിവച്ച് രക്ഷപ്പെടാനാണ് ഷോൺ ജോർജും പിതാവും ശ്രമിക്കുന്നത്. ഇലക്ഷൻ പ്രക്രിയയിൽ സഭ എല്ലായ്പ്പോഴും നിക്ഷ്പക്ഷമായ നിലപാടാണ് സ്വീകരിക്കാറുള്ളത്. എന്നാൽ തങ്ങളുടെ ആജ്ഞാനുസൃതം സഭ പ്രവർത്തിക്കുന്നില്ല എന്ന ചിന്തയാണ് ഇവരെ പ്രകോപിപ്പിച്ചത്. സഭയെ ഭീഷണിപ്പെടുത്തിയും അധിക്ഷേപിച്ചും രാഷ്ട്രീയ നേട്ടമുണ്ടാക്കാം എന്നത് ഇവരുടെ വ്യാമോഹം മാത്രമാണ്. യഥാർത്ഥ ക്രൈസ്തവരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ഇത്തരം പ്രസ്താവനകളെ കേരളത്തിലെ മതേതര സമൂഹവും ഒരിക്കലും പ്രോത്സാഹിപ്പിക്കില്ല.

മതേതര കേരളത്തിനായുള്ള ജാഗ്രതാ സന്ദേശം ‍

കേരളത്തിന്റെ സാമൂഹികാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന വർഗീയ ശക്തികൾക്ക് മുന്നിൽ സഭാനേതൃത്വം ഒരു വന്മതിൽ പോലെ നിൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സഭയെ വേട്ടയാടുക എന്നത് ഈ രാഷ്ട്രീയ ശക്തികളുടെ പ്രധാന അജണ്ടയാണ്. പി.സി. ജോർജിനെപ്പോലെയുള്ളവരെ ഇതിനായി ആയുധമാക്കുമ്പോൾ തകരുന്നത് കേരളത്തിന്റെ മതേതര മൂല്യങ്ങൾ കൂടിയാണ്. സഭയ്‌ക്കെതിരെ ഉയരുന്ന ഓരോ ദുരാരോപണങ്ങളും നാളത്തെ കേരളത്തിന്റെ സമാധാനം കെടുത്താനുള്ള ആയുധങ്ങളാണ്. ഇതിനെതിരെ മതേതര സമൂഹം ഉണർന്നു പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

സഭാ നേതൃത്വത്തെയും സ്ഥാപനങ്ങളെയും താറടിച്ചു കാണിക്കുന്നതിലൂടെ എന്ത് ലക്ഷ്യമാണ് ഇവർ നേടാൻ ആഗ്രഹിക്കുന്നത് എന്ന് ഓരോ മലയാളികളും ചിന്തിക്കണം. തങ്ങളുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിനുവേണ്ടി സഭയെ ഒറ്റുകൊടുക്കാൻ ശ്രമിക്കുന്ന കൃസംഘി രാഷ്ട്രീയത്തെ ഇനിയെങ്കിലും നാം തള്ളിക്കളയേണ്ടതുണ്ട്.

ആത്മീയതയെയും രാഷ്ട്രീയത്തെയും വേർതിരിച്ചു കാണാൻ അറിയാത്തവരല്ല സഭാനേതൃത്വം. അതുകൊണ്ടുതന്നെ ഭീഷണികൾക്ക് മുന്നിൽ മുട്ടുമടക്കാൻ സഭയ്ക്ക് കഴിയില്ല. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്ന സഭയെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നവർ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാകും എന്നതിൽ തർക്കമില്ല.

ദീപിക പത്രത്തിനെതിരെയും സഭാ നേതൃത്വങ്ങൾക്കെതിരെയും പി.സി. ജോർജ് നടത്തിയ പരാമർശങ്ങൾ രാഷ്ട്രീയ മാന്യതയ്ക്ക് നിരക്കാത്തതാണ്. വർഷങ്ങളായി കൂടെ നിന്ന സമൂഹത്തെ തള്ളിപ്പറയുന്നതിലൂടെ ജോർജ് തന്റെ രാഷ്ട്രീയ അപചയമാണ് വെളിപ്പെടുത്തുന്നത്. സഭയെ തകർക്കാൻ ശ്രമിക്കുന്ന ഏത് ശക്തിയെയും നേരിടാൻ വിശ്വാസി സമൂഹം സജ്ജമാണ്. സഭയുടെ ഐക്യത്തെ തകർക്കാനുള്ള ഇത്തരം ദുർഗന്ധം വമിക്കുന്ന രാഷ്ട്രീയ കുതന്ത്രങ്ങൾ കേരളത്തിൽ വിലപ്പോകില്ല.

അവസാനമായി, കേരളത്തിലെ പൊതുസമൂഹം ഒരു കാര്യം തിരിച്ചറിയണം; സഭയെ ലക്ഷ്യം വയ്ക്കുന്ന ഈ വേട്ടയാടൽ ഒരു വിഭാഗത്തെ മാത്രം ബാധിക്കുന്ന ഒന്നല്ല. ഇത് രാജ്യത്തിൻ്റെ ജനാധിപത്യ സ്വഭാവത്തെ തകർക്കാനുള്ള വലിയൊരു പദ്ധതിയുടെ ഭാഗമാണ്. ഇന്ന് സഭയെ ആക്രമിക്കുന്നവർ നാളെ തങ്ങൾക്ക് എതിരായേക്കാവുന്ന സകലരെയും ഇതേപോലെ ലക്ഷ്യം വയ്ക്കും. അതുകൊണ്ട് തന്നെ ഇത്തരം പ്രസ്താവനകളെയും നീക്കങ്ങളെയും ഒരുമിച്ച് നിന്ന് ചെറുക്കേണ്ടത് ഓരോ പൗരൻമാരുടെയും കടമയാണ്. ജാഗ്രത കൈവിടാത്ത ഒരു സമൂഹത്തിന് മാത്രമേ ഇത്തരം വിഷജീവികളെ അതിജീവിക്കാൻ കഴിയൂ. സഭ അതിന്റെ നിലപാടുകളിൽ ഉറച്ചുനിൽക്കും, സത്യത്തിന്റെ പ്രകാശമായി എക്കാലവും തുടരുകയും ചെയ്യും.


Related Articles »