India - 2026
കേരളത്തിലെ കരിസ്‌മാറ്റിക് നവീകരണത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന് സമാപനം
പ്രവാചകശബ്ദം 07-05-2026 - Thursday
ചാലക്കുടി: കേരളത്തിൽ കരിസ്‌മാറ്റിക് നവീകരണം 50 വർഷങ്ങൾ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ നടത്തിയ ആഗോള കരിസ്‌മാറ്റിക് സംഗമം സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്തു. കെസിബിസി കരിസ്‌മാറ്റിക് കമ്മീഷൻ അധ്യക്ഷൻ മാർ അലക്‌സ് താരാമംഗലം, തൃശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് എന്നിവർ വചനസന്ദേശം നല്‌കി.
പ്രമുഖ വചനപ്രഘോഷകരായ ഫാ. മാത്യു നായ്ക്കംപറന്പിൽ, ഫാ. ജോർജ് പനയ്ക്കൽ, ഫാ. ഡാനിയൽ പൂവണ്ണത്തിൽ, ഫാ. സേവ്യർഖാൻ വട്ടായിൽ, ഫാ. വി.പി. ജോസഫ് കൃപാസ നം, ഫാ. മാത്യു തടത്തിൽ, ഫാ. ഡേവിസ് പട്ടത്ത്, ഫാ. ജോർജ് പള്ളിക്കുന്നേൽ, സന്തോഷ് കരുമത്ര, ഡൽഹി വിൻസെൻഷ്യൻ സഭ പ്രൊവിൻഷ്യൽ ഫാ. ബോബി എന്നിവർ സന്ദേശം നല്കി. മൂന്നാംദിനത്തിൽ ആദ്യ കരിസ്‌മാറ്റിക് ധ്യാനത്തിൽ പങ്കെടുത്ത പ്രഫ. എഡ്വേർഡ് എടേഴത്ത്, റിട്ട. ജസ്റ്റീസ് കുര്യൻ ജോസഫ് എന്നിവർ വചനപ്രഘോഷണം നടത്തി. സംഗമത്തിൽ നാലായിരത്തോളം പേർ പങ്കെടുത്തു.
1976-ല്‍ കോഴിക്കോടു ക്രൈസ്റ്റ് കോളജില്‍വെച്ചു നടന്ന പ്രഥമ കരിസ്മാറ്റിക് ധ്യാനത്തോടെയാണ് കേരളത്തിലെ കരിസ്‌മാറ്റിക് നവീകരണത്തിന് തുടക്കം കുറിച്ചത്. ഇന്ന് ലക്ഷകണക്കിന് ആളുകളെ സത്യ വിശ്വാസത്തിലേക്കും ആഴമേറിയ ആത്മീയ അനുഭവങ്ങളിലേക്കും വളര്‍ത്തുവാന്‍ ഉപകരണങ്ങളായി അനേകം ധ്യാനകേന്ദ്രങ്ങളും ശുശ്രൂഷകളും കേരള സഭയില്‍ സജീവമാണ്.

















