India - 2026
സീറോ മലബാർ സഭാകാര്യാലയത്തിൽ പുതിയ നിയമനം
പ്രവാചകശബ്ദം 21-06-2026 - Sunday
കാക്കനാട്: സീറോമലബാർ സഭയുടെ ഇന്റർനെറ്റ് മിഷന്റെ പുതിയ എക്സിക്യൂട്ടീവ് ഡയറക്ടറായി കാഞ്ഞിരപ്പള്ളി രൂപതാംഗമായ റവ. ഫാ. ജോമി കുമ്പുകാട്ട് നിയമിതനായി. നിലവിൽ കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള കുട്ടിക്കാനം മരിയൻ കോളേജിൽ സേവനം ചെയ്തുവരികയായിരുന്നു അദ്ദേഹം. മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നിന്നു കമ്മ്യൂണിക്കേഷൻ ആൻഡ് മീഡിയ സയൻസിൽ ബിരുദാനന്തര ബിരുദം അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. കഴിഞ്ഞ ആറു വർഷങ്ങളായി സഭയുടെ ഇന്റർനെറ്റ് മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറുടെ ചുമതല നിർവഹിച്ചിരുന്ന ഇരിങ്ങാലക്കുട രൂപതാംഗമായ റവ. ഫാ. സെബി കുളങ്ങര, സേവനകാലാവധി പൂർത്തിയാക്കിയതിനെത്തുടർന്നാണ് പുതിയ നിയമനം.
സീറോമലബാർ സഭയുടെ ഇന്റർനെറ്റ് മിഷന് പുതിയ ദിശാബോധം നൽകുകയും, സഭയുടെ വെബ്സൈറ്റ് നവീകരണം, സീറോമലബാർ മാട്രിമോണിയൽ സൈറ്റിന്റെ പരിഷ്കരണം എന്നിവ സ്തുത്യർഹമാംവിധം നിർവഹിക്കുകയും ചെയ്ത ശേഷമാണ് ഫാ. സെബി തന്റെ മാതൃരൂപതയിലേക്ക് തിരികെപ്പോകുന്നത്. സഭയുടെ പെർമനന്റ് സിനഡിന്റെ അംഗീകാരത്തോടെയാണ് ഇന്റർനെറ്റ് മിഷന്റെ ചെയർമാൻ മാർ ജോസഫ് പണ്ടാശ്ശേരി, പുതിയ നിയമനം നടത്തിയിരിക്കുന്നത്. 2026 ജൂലൈ ഒന്നാം തീയതി പുതിയ നിയമനം പ്രാബല്യത്തിൽ വരും.















