News
SSPX സമൂഹത്തിന് കത്തോലിക്ക സഭയിലേക്ക് തിരികെവരാനുള്ള നടപടി ക്രമങ്ങള്‍ അറിയിച്ച് വത്തിക്കാൻ
പ്രവാചകശബ്ദം 04-07-2026 - Saturday
വത്തിക്കാന്‍ സിറ്റി: മാര്‍പാപ്പയുടെ അനുമതിയില്ലാതെ നടത്തിയ മെത്രാഭിഷേകത്തെ തുടർന്ന് കത്തോലിക്ക സഭയുമായുള്ള കൂട്ടായ്മയിൽനിന്ന് സ്വമേധയ പുറത്തായ വിശുദ്ധ പത്താം പീയൂസിന്റെ നാമധേയത്തിലുള്ള പൗരോഹിത്യ കൂട്ടായ്മയ്ക്കു (Society of Saint Pius X- SSPX) കത്തോലിക്കാ സഭൈക്യത്തിലേക്ക് മടങ്ങി വരാനുള്ള നടപടിക്രമങ്ങൾ വ്യക്തമാക്കി പരിശുദ്ധ സിംഹാസനം. ഇതിനായി ഏകീകൃതമായ ഒരു സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്ന് വിശ്വാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി അറിയിച്ചു. ഇതുസംബന്ധിച്ച നിർദ്ദേശങ്ങളടങ്ങുന്ന രേഖ ഡിക്കാസ്റ്ററി എല്ലാ മെത്രാന്മാർക്കുമായി നൽകി.
വിശ്വാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി പുറത്തുവിട്ട രേഖയിലെ നിർദ്ദേശങ്ങൾ പ്രകാരം, ഏകീകൃതമായ ഒരു സംവിധാനമാണ് പുനരൈക്യത്തിനായി ഒരുക്കിയിരിക്കുന്നത്. മുൻകാലങ്ങളിൽ ഉണ്ടായിട്ടുള്ള സമാനസംഭവങ്ങളുമായി ബന്ധപ്പെട്ട് അനുവദിച്ചിരുന്ന എക്ലേസിയ ദേയി പോലെയുള്ള പ്രത്യേക കമ്മീഷനുകൾക്കും സംവിധാനങ്ങൾക്കും പകരം, രൂപത മെത്രാന്മാരെക്കൂടി ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതാണ് പുതിയ ഈ പദ്ധതി.
രണ്ടാം വത്തിക്കാൻ കൗൺസിൽ പുതുക്കിയ വിശുദ്ധ കുർബാന, ഉൾപ്പെടെയുള്ള കാര്യങ്ങൾ അംഗീകരിച്ചുകൊണ്ട്, രൂപതാമെത്രാനെയോ പൊന്തിഫിക്കൽ നിലയിലുള്ള മറ്റു സമർപ്പിത പുരോഹിത സമൂഹാധികാരിയെയോ സമീപിച്ചുകൊണ്ടായിരിക്കും വൈദികര്‍ക്ക് കത്തോലിക്കാസഭ കൂട്ടായ്മയിലേക്ക് മടങ്ങിവരാനാകുക. ഇതിനൊപ്പം തന്നെ സഭാകൂട്ടായ്മയിലേക്ക് സ്വീകരിക്കാൻ പരിശുദ്ധ പിതാവിനോട് അഭ്യർത്ഥിച്ചുകൊണ്ടുള്ള കത്തും അപേക്ഷകൻ നൽകണം. വിശ്വാസപ്രമാണമനുസരിച്ചുള്ള പ്രഖ്യാപനം, പാപ്പയോടുള്ള വിധേയത്വവും അനുസരണവും എന്നിവയും ഇതിനൊപ്പം ഏറ്റുപറയണം. ഇങ്ങനെയുള്ള അപേക്ഷകളുടെ പിൻബലത്തിൽ കത്തോലിക്ക സഭാനേതൃത്വം വൈദികനെ നിബന്ധനകള്‍ക്ക് വിധേയമായി സ്വീകരിച്ചേക്കുമെന്നാണ് 'വത്തിക്കാന്‍ ന്യൂസ്' റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇക്കഴിഞ്ഞ ജൂണ്‍ ഒന്നിന് പരിശുദ്ധ പിതാവിന്റെയും വിശ്വാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ ക്കാകാസ്റ്ററിയുടെയും (Dicastery for the Doctrine of the Faith) തുടർച്ചയായ നിർദ്ദേശങ്ങളും ക്ഷണവും മുന്നറിയിപ്പുകളും അവഗണിച്ചും കാനോനികനിയമവും സഭാചട്ടങ്ങളും ലംഘിച്ചും, പാപ്പയുടെ അനുമതിയില്ലാതെ നാല് മെത്രാന്മാരെ വാഴിച്ചതോടെയാണ് വിശുദ്ധ പത്താം പീയൂസിന്റെ നാമധേയത്തിലുള്ള പൗരോഹിത്യ കൂട്ടായ്മ (Society of Saint Pius X- SSPX) കത്തോലിക്ക കൂട്ടായ്മയിൽനിന്ന് സ്വമേധയയുള്ള പുറത്താകലിന് (latae sententiae excommunication) വിധേയമായത്. പുതിയ ഉത്തരവോടെ സമൂഹത്തിലെ സമർപ്പിതർക്കും അൽമായ വിശ്വാസികൾക്കും തിരികെ കത്തോലിക്ക സഭയുമായുള്ള ഐക്യത്തിലേക്ക് മടങ്ങിവരാനുള്ള സാധ്യതയാണ് ഇതുവഴി വത്തിക്കാൻ ഒരുക്കിയിരിക്കുന്നത്.
♦️ 'പ്രവാചകശബ്ദ'ത്തെ സഹായിക്കാമോ? ♦️


















