News - 2026
147 നവ മെത്രാന്മാര്‍ക്ക് വേണ്ടിയുള്ള പരിശീലന കോഴ്സ് വത്തിക്കാനില്‍ ആരംഭിച്ചു
പ്രവാചകശബ്ദം 03-09-2026 - Thursday
വത്തിക്കാൻ സിറ്റി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പുതിയ മെത്രാന്മാർക്കായി വത്തിക്കാനിൽ പ്രത്യേക പരിശീലന കോഴ്സ് ആരംഭിച്ചു. സുവിശേഷവൽക്കരണ വിഭാഗവും മെത്രാന്മാർക്കായുള്ള കാര്യാലയവും സംയുക്തമായാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. അഞ്ചു ഭൂഖണ്ഡങ്ങളിൽ നിന്നായി അടുത്തിടെ നിയമിതരായ 147 പുതിയ മെത്രാന്മാരാണ് പഠന ശില്പശാലയിൽ പങ്കാളികളാകുന്നത്.
സെപ്റ്റംബർ 2 മുതൽ 10 വരെ നീണ്ടുനിൽക്കുന്ന പരിശീലനത്തിൽ മെത്രാന്മാരുടെ ആത്മീയ, ഭരണപരമായ ചുമതലകളെക്കുറിച്ചുള്ള പഠനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സഭയുടെ ആധുനിക ദൗത്യം, ആഗോള പ്രേഷിത മേഖലകളിലെ പ്രവർത്തനം, സഭാ കൂട്ടായ്മയുടെ ശക്തിപ്പെടുത്തൽ എന്നിവയെ കുറിച്ച് ആഴത്തിലുള്ള ചിന്തകളുമായി ക്ലാസുകള്‍ നടക്കും. കുട്ടികളുടെയും സഭയിലെ ദുർബല വിഭാഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കൽ, ആരാധനാക്രമത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കല്‍ തുടങ്ങിയവയും ഈ ദിവസങ്ങളിലെ ക്ലാസുകളില്‍ ചര്‍ച്ചാവിഷയമാകും. ഇന്നലെ സെപ്റ്റംബർ 2-ന്, ദൈവാരാധനയ്ക്കും കൂദാശകള്‍ക്കും വേണ്ടിയുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റ് കർദിനാൾ ആർതർ റോച്ചിന്റെ പ്രസംഗത്തോടെയാണ് പരിപാടി ആരംഭിച്ചത്.
ഇന്നു പൗരസ്ത്യ സഭകൾക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റ് കർദ്ദിനാൾ ക്ലോഡിയോ ഗുഗെറോട്ടി മെത്രാന്മാരുടെ ശുശ്രൂഷയെക്കുറിച്ച് സംസാരിക്കും. ദൈവാരാധനയ്ക്കുള്ള ഡിക്കാസ്റ്ററിയുടെ സെക്രട്ടറി ആർച്ച് ബിഷപ്പ് വിറ്റോറിയോ വിയോള ആരാധനാക്രമത്തെ കേന്ദ്രീകരിച്ചുള്ള വിഷയങ്ങളും അവതരിപ്പിക്കും. ഓരോ ദിവസവും വത്തിക്കാനിലെ പ്രമുഖര്‍ ക്ലാസുകള്‍ നയിക്കും. സെപ്റ്റംബർ 10-ന് വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ നടക്കുന്ന പ്രത്യേക പ്രാർത്ഥനകളോടെയും ലെയോ മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയോടെയാണ് പരിശീലന പരിപാടികൾ അവസാനിക്കുക.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️

















