News - 2026

'ദൈവം അമേരിക്കയെ അനുഗ്രഹിക്കട്ടെ'; 250-ാം വാര്‍ഷികത്തില്‍ ആശംസ നേര്‍ന്ന് പാപ്പ

പ്രവാചകശബ്ദം 06-07-2026 - Monday

വത്തിക്കാന്‍ സിറ്റി: അമേരിക്കൻ ഐക്യനാടുകളുടെ 250-ാം വാർഷികത്തോട് അനുബന്ധിച്ച് ആശംസ നേര്‍ന്ന് ലെയോ പാപ്പ. ഒരു രാജ്യത്തിന്റെ ചൈതന്യം മനുഷ്യജീവിതത്തിന് നൽകുന്ന മൂല്യവുമായി ബന്ധപ്പെട്ടിരിക്കുകയാണെന്നു ജൂലൈ 4 വാര്‍ഷിക തലേന്ന്, ലിബർട്ടി മെഡൽ സ്വീകരിച്ച ശേഷം നല്‍കിയ സന്ദേശത്തില്‍ പറഞ്ഞു. 1776 ജൂലൈ 4-ന് ഒപ്പിട്ട സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ സ്മരണകൾ പുതുക്കുന്ന ഈ വേളയിൽ, അമേരിക്കയുടെ സ്ഥാപക പിതാക്കന്മാർ വിഭാവനം ചെയ്ത ഉന്നതമായ ആദർശങ്ങളെ വർത്തമാനകാലത്തിന്റെ വെല്ലുവിളികളുമായി ബന്ധിപ്പിച്ചുകൊണ്ടുള്ളതായിരുന്നു പാപ്പയുടെ വാക്കുകൾ.

മഹത്തായ രാജ്യത്തിന്റെ പുത്രൻ എന്ന നിലയിൽ, സ്വാതന്ത്ര്യത്തിന്റെയും മെച്ചപ്പെട്ട ലോകത്തിന്റെയും സ്വപ്നങ്ങളുമായി ഈ മണ്ണിൽ ജീവിതം കെട്ടിപ്പടുത്ത ധീരരായ മനുഷ്യരുടെ പിൻഗാമിയായി താൻ ഈ പുരസ്കാരം വിനയപൂർവ്വം സ്വീകരിക്കുന്നുവെന്ന് പാപ്പ പറഞ്ഞു. അമേരിക്കയുടെ ഭാവിയിൽ ദൈവത്തിന്റെ അനുഗ്രഹങ്ങൾ ഉണ്ടാകണമെന്നും, നീതിയിലും ഐക്യത്തിലും സമാധാനത്തിലും അധിഷ്ഠിതമായ ഒരു രാഷ്ട്രമായി ഇത് തുടരണമെന്നും പാപ്പ ആശംസിച്ചു.

സ്വാതന്ത്ര്യ പ്രഖ്യാപനത്തിലെ വാക്കുകൾക്ക് നൂറ്റാണ്ടുകൾക്ക് ശേഷവും മാറ്റമില്ലാത്ത വീര്യമുണ്ടെന്ന് പാപ്പ ചൂണ്ടിക്കാട്ടി. പ്രകൃതിനിയമത്തെയും, ദൈവത്തെയും സാക്ഷിനിർത്തിക്കൊണ്ട് , എല്ലാ മനുഷ്യരും തുല്യരായാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെന്ന പ്രഖ്യാപനം വെറുമൊരു രാഷ്ട്രീയ പ്രസ്താവനയല്ല, മറിച്ച് അത് മനുഷ്യന്റെ അസ്തിത്വത്തിന്റെ ആഴത്തിലുള്ള സത്യമാണെന്ന് പാപ്പ പറഞ്ഞു. ഒരു രാജ്യം മനുഷ്യജീവന് നൽകുന്ന മൂല്യമാണ് ആ രാജ്യത്തിന്റെ ജീവശക്തിയെ നിർണ്ണയിക്കുന്നതെന്നും, ഓരോ മനുഷ്യവ്യക്തിയുടെയും അന്തസ്സ് അവരുടെ നിലനിൽപ്പിൽ തന്നെ അടങ്ങിയിരിക്കുന്നുവെന്നും, അതിനാൽ ഗർഭധാരണം മുതൽ സ്വാഭാവിക മരണം വരെ ഓരോ ജീവനെയും പവിത്രമായി കാണുന്ന ഒരു സംസ്കാരം നാം വളർത്തിയെടുക്കണമെന്നും പാപ്പ സന്ദേശത്തിനിടെ ആഹ്വാനം ചെയ്തു. അമേരിക്കയുടെ 250-ാം വാർഷിക ആഘോഷത്തിനിടെ ദേശീയ ദിവ്യകാരുണ്യ തീർത്ഥാടനം നടന്നിരിന്നു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »