India - 2026
ദൈവവചനം നൽകുന്ന ധീരത ഭയമകറ്റി പ്രത്യാശയിലേക്കും അനുകമ്പയിലേക്കും നയിക്കും: ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ
പ്രവാചകശബ്ദം 13-09-2026 - Sunday
ചങ്ങനാശേരി: ദൈവവചനം നൽകുന്ന ധീരത ഭയമകറ്റി പ്രത്യാശയിലേക്കും അനുകമ്പയിലേക്കും നയിക്കുമെന്ന് ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ. ചങ്ങനാശേരി അതിരൂപത കുടുംബകുട്ടായ്‌മ, ബൈബിൾ അപ്പൊസ്‌തലേറ്റ് എന്നിവയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ ഏറ്റവും വലിയ വചന മനഃപാഠ പഠന സംഗമമായ "നൂറുമേനി സീസൺ-4' സമാപന സമ്മേളനവും സീസൺ-5ന്റെ ഉദ്ഘാടനവും എസ് ബി കോളജിലെ കാവുകാട്ട് ഹാളിൽ നിർവഹിക്കുകയായിരുന്നു ആർച്ച് ബിഷപ്പ്.
ധീരത മറ്റുള്ളവരെ സ്നേഹിക്കാനും അനുകമ്പയോടെ കാണാനുമുള്ള കൃപ പകരുമെന്നും ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു. അതിരൂപത വികാരി ജനറാൾ മോൺ. ആൻ്റണി എത്തയ്ക്കാട്ട് അധ്യക്ഷത വഹിച്ചു. നൂറുമേനി ചെയർമാൻ സണ്ണി തോമസ് ഇടിമണ്ണിക്കൽ ആ മുഖപ്രഭാഷണവും കെസിബിസി ബൈബിൾ കമ്മീഷൻ സെക്രട്ടറി ഫാ. ഡോ. ജോജു കോക്കാട്ട് മുഖ്യപ്രഭാഷണവും നടത്തി.
ബൈബിൾ അപ്പസ്‌തോലേറ്റ് ഡയറക്‌ടർ ഫാ. ഡോ. കുര്യൻ മൂലയിൽ, സംസ്ഥാന ബാലാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്‌സൺ സിസിലി ജോസഫ്, നൂറുമേനി ജനറൽ കൺവീനർമാരായ പ്രഫ. ജോസഫ് ടിറ്റോ, ഡോ. ജോബിൻ എസ്. കൊട്ടാരം, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി പ്രഫ. ജോച്ചൻ ജോസഫ്, നവജീവൻ ട്രസ്റ്റ് ഡയറക്‌ടർ പി.യു. തോമസ്, ഫാ. ഡോ. ജോജിൻ ഇലഞ്ഞിക്കൽ, ഡോ. പി.സി. അനിയൻകുഞ്ഞ്, സി സ്റ്റർ ജെയ്‌സലി സിഎംസി, ഡോ. റൂബിൾരാജ്, സിസ്റ്റർ ചെറുപുഷ്‌പം, ടോമിച്ചൻ കൈതക്കളം എന്നിവർ പ്രസംഗിച്ചു. നൂറുമേനി മൂന്ന് സീസണു കൾക്ക് നേതൃത്വം നൽകിയ ഫാ. ജോർജ് മാന്തുരുത്തിലിനെ സമ്മേളനത്തിൽ ആദരിച്ചു.

















