India - 2026
മാർ ഗ്രിഗറി കരോട്ടമ്പ്രേലിന്റെ മൃതസംസ്കാരം നാളെ
പ്രവാചകശബ്ദം 20-07-2026 - Monday
രാജ്കോട്ട്: ഇന്നലെ കാലം ചെയ്ത സീറോ മലബാർ സഭയുടെ രാജ്കോട്ട് രൂപത മുൻ അധ്യക്ഷനും ദൈവശാസ്ത്ര പണ്ഡിതനുമായിരിന്ന മാർ ഗ്രിഗറി കരോട്ടമ്പ്രേലിന്റെ മൃതസംസ്കാരം നാളെ നടക്കും. രാജ്‌കോട്ടിലെ തിരുഹൃദയ കത്തീഡ്രലിലെ പ്രേം മന്ദിറിൽവെച്ച് നടക്കുന്ന, സീറോ മലബാർ സഭയുടെ തലവനായ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ സംസ്കാര ശുശ്രൂഷകൾക്ക് കാർമ്മികത്വം വഹിക്കും. നിരവധി മെത്രാന്മാരും വൈദികരും സഹകാര്‍മ്മികത്വം വഹിക്കും.
2010 ജൂലൈ 16-ന് വിരമിച്ചതിനുശേഷവും ബിഷപ്പ് ഗ്രിഗറി രാജ്‌കോട്ടിലെ സി.എം.ഐ. പ്രൊവിൻഷ്യൽ ഹൗസിൽത്തന്നെ തുടരുകയായിരിന്നു. പ്രാർത്ഥനയിൽ സജീവമായി മുഴുകിയ അദ്ദേഹം വൈദികർക്കും സന്യാസികൾക്കും അല്മായർക്കും ആത്മീയ മാർഗ്ഗനിർദ്ദേശവുമായി സജീവമായിരിന്നു.
ബിഷപ്പ് ഗ്രിഗറിയുടെ വിയോഗത്തോടെ, ആറ് പതിറ്റാണ്ടിലേറെ നീണ്ട പൗരോഹിത്യ ശുശ്രൂഷയ്ക്കും കാൽ നൂറ്റാണ്ടിലേറെക്കാലത്തെ മെത്രാൻ സ്ഥാനത്തിനും തിരശ്ശീല വീണിരിക്കുകയാണ്. പടിഞ്ഞാറൻ ഇന്ത്യയിൽ പൂര്‍ണ്ണമായി മിഷ്ണറി സമർപ്പണത്തിലൂടെയും ആഴമേറിയ ദൈവശാസ്ത്രപരമായ അറിവിലൂടെയും ആത്മാർത്ഥമായ ഇടയശുശ്രൂഷയിലൂടെയും ശ്രദ്ധ നേടിയ അജപാലകനായിരിന്നു മാർ ഗ്രിഗറി.

















