India - 2026
വിശുദ്ധ അൽഫോൻസ ഭാരതസഭയുടെ അഭിമാനം: മാർ റെമീജിയോസ് ഇഞ്ചനാനി
പ്രവാചകശബ്ദം 22-07-2026 - Wednesday
ഭരണങ്ങാനം: ഭാരതസഭയുടെ അഭിമാനമാണ് വിശുദ്ധ അൽഫോൻസാ എന്നതിൽ ദൈവത്തിന് നന്ദി പറയുന്നുവെന്നും സമാധാനത്തിന്റെ പ്രവാചകയായ വിശുദ്ധയെപ്പോലെ സുവിശേഷം ജീവിക്കാൻ തയാറാകണമെന്നും താമരശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനി. ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു ബിഷപ്പ്. അൽഫോൻസാ തീർത്ഥാടനത്തിനോടനുബന്ധിച്ച് കഴിഞ്ഞ 40 വർഷങ്ങളിൽ രൂപതയിലേക്ക് ദൈവം വർഷിച്ച അനുഗ്രഹങ്ങൾക്ക് നന്ദി പറഞ്ഞു നാൽപതിലധികം വൈദികരുടെ സഹകാർമിക ത്വത്തിലാണ് ബിഷപ്പ് വിശുദ്ധ കുർബാനയർപ്പിച്ചത്.
ലെയോ പതിനാലാമൻ പാപ്പ ഫ്രാൻസിസ്കൻ വർഷമായി ഈ വർഷത്തെ പ്രഖ്യാപിച്ചപ്പോൾ ഈ തിരുനാളും ഏറെ പ്രസക്തമാണ്. കാരണം, വിശുദ്ധ അൽഫോൻസ അംഗമായിരുന്നത് ഫ്രാൻസിസ്കൻ ആധ്യാത്മികതയുള്ള ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസിനി സമൂഹത്തിലാണ്. 700 വർഷങ്ങൾക്കുശേഷം അസീസിയിലെ വിശുദ്ധന്റെ ആധ്യാത്മികതയ്ക്ക് സജീവത നൽകുകയാണ് വിശുദ്ധ അൽഫോൻസാ ചെയ്തത്. അസീസിയിലെ വിശുദ്ധ ഫ്രാൻസിസിനെപ്പോലെ സുവിശേഷത്തിലെ ക്രിസ്തുവിനെ അറിഞ്ഞ് അനുപദം അനുകരിച്ചവളാണ് വിശുദ്ധ അൽഫോൻസയെന്നും മാർ റെമീജിയോസ് അനുസ്മരിച്ചു.
വിശുദ്ധ അൽഫോൻസാമ്മയെ പ്രത്യേക മധ്യസ്ഥയായി തെരഞ്ഞെടുത്തിരിക്കുന്ന താമരശേരി രൂപതയുടെ തീർഥാടനത്തിന് 40 ലധികം വൈദികരും നൂറിലധികം സന്യസ്തരും അനേകം അല്മായ സഹോദരങ്ങളും പങ്കെടുത്തു. തിരുനാളിന്റെ മൂന്നാം ദിവസമായ ഇന്നലെ അൽഫോൻസിയൻ വൈദികദിനമായി ആചരിച്ചു. വൈദികർക്കു വേണ്ടിയുള്ള പ്രത്യേക ആശീർവാദ പ്രാർത്ഥനയുമുണ്ടായിരുന്നു. രാവിലെ 10ന് രാഷ്ട്രദീപിക ലി മിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട് വിശുദ്ധ കുർബാനയർപ്പിച്ചു സന്ദേശം നൽകി.
ഫാ. തോമസ് മൂലേച്ചാലിൽ, ഫാ. ജോസഫ് ആലഞ്ചേരി, ഫാ.ഡോ. ഉല്ലാസ് വട്ടംതൊട്ടിയിൽ വിസി, ഫാ. അലക്സാണ്ടർ പൈകട, ഫാ. സോണി മുണ്ടുനടയ്ക്കൽ, ഫാ. ജോസഫ് വള്ളോംപുരയിടം, ഫാ. ഫിലിപ്പ് ഇരുപ്പക്കാട്ട് എന്നിവരും വിവിധ സമയങ്ങളിൽ വിശുദ്ധ കുർബാനകളർപ്പിച്ച് സന്ദേശം നൽകി. വൈകുന്നേരം 6.15ന് ഫാ. ജോസഫ് മൂക്കൻതോട്ടത്തിൽ ജപമാല തിരിപ്രദക്ഷിണം നയിച്ചു.

















