News - 2026
112 വർഷത്തെ സേവനത്തിന് ശേഷം സിറിയയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച് ഫ്രാൻസിസ്കൻ സന്യാസിനികള്‍
പ്രവാചകശബ്ദം 22-07-2026 - Wednesday
ഡമാസ്ക്കസ്: കഴിഞ്ഞ ഒരു നൂറ്റാണ്ടിലധികമായി സിറിയയില്‍ തുടരുന്ന സേവനം അവസാനിപ്പിച്ച് ഫ്രാൻസിസ്കൻ സന്യാസ സമൂഹമായ 'ഫ്രാൻസിസ്കൻ മിഷ്ണറീസ് ഓഫ് മേരി'. ആലപ്പോയിലെ ഫ്രാൻസിസ്കൻ സന്യാസിനി സമൂഹം ദീർഘകാലമായി വിദ്യാഭ്യാസ, ആരോഗ്യ സാമൂഹിക, സാംസ്ക്കാരിക മേഖലകളില്‍ പ്രവർത്തിച്ചുവരികയായിരിന്നു. വിദ്യാഭ്യാസത്തിനു പുറമേ, നഗരത്തിൽ സുപ്രധാനമായ മാനുഷികവും വൈദ്യപരവുമായ പങ്കുവഹിക്കാൻ കഴിഞ്ഞ സമൂഹമാണ് 112 വർഷത്തെ സേവനത്തിന് ശേഷം തങ്ങളുടെ സന്യാസ ആശ്രമം അടച്ചുപൂട്ടി നഗരം വിടാനൊരുങ്ങുന്നത്.
ഇതോടെ നഗരചരിത്രത്തിലെ സുപ്രധാനമായ ഒരധ്യായത്തിനാണ് വിരാമമാകുന്നത്. പ്രാദേശിക സുരക്ഷ വെല്ലുവിളികളെ അതിജീവിച്ചാണ് സമൂഹം പതിറ്റാണ്ടുകളായി ഇവിടെ കഴിഞ്ഞിരിന്നത്. പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള കാരണം മിഡിൽ ഈസ്റ്റ് മേഖലയിലെ സന്യാസ സമൂഹത്തിന്റെ റീജിയണൽ കൗൺസിലറായ സിസ്റ്റർ പിയറെറ്റ് ജബ്ബൂർ ഇഡബ്ല്യുടിഎന്‍ ന്യൂസിന്റെ അറബിക് ഭാഷാ വിഭാഗമായ 'എസിഐ മെന'-യോട് വെളിപ്പെടുത്തി.
രാഷ്ട്രീയമോ സുരക്ഷാപരമോ ആയ കാരണങ്ങളല്ല മറിച്ച്, 8 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ പ്രാദേശിക ചാപ്റ്ററില്‍ തീരുമാനം കൈക്കൊണ്ടിരിന്നുവെന്നും സന്യാസിനികളുടെ കുറവ് വെല്ലുവിളിയായാണെന്നും ഈജിപ്തിലും ലെബനോനിലും സന്യസ്തരെ അയയ്ക്കാനുമാണ് സന്യാസ സമൂഹ നേതൃത്വത്തിന്റെ തീരുമാനമെന്നും സിസ്റ്റർ പിയറെറ്റ് പറഞ്ഞു. എന്നാല്‍ കഴിഞ്ഞ മെയ് മാസത്തിൽ, ഫ്രാൻസിസ്കൻ കോൺവെന്റിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് സലേഷ്യൻ സമൂഹം പ്രഖ്യാപിച്ചിരിന്നു. ആഭ്യന്തര യുദ്ധവും ഇസ്ലാമിക അധിനിവേശവും മൂലം കനത്ത നാശം വിതച്ച രാജ്യമാണ് സിറിയ. രാജ്യത്തെ ക്രൈസ്തവ സാന്നിധ്യം നാലിലൊന്നായി കുറഞ്ഞിരിക്കുകയാണ്.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️
















