News - 2026

സൗദി ജയിലിലെ നിരപരാധികളായ ക്രൈസ്തവരെ മോചിപ്പിക്കണം; നയതന്ത്ര ഇടപെടലിന് സമ്മര്‍ദ്ധവുമായി ബിഷപ്പുമാർ

പ്രവാചകശബ്ദം 31-07-2026 - Friday

ലണ്ടൻ: സൗദി അറേബ്യയിലെ ജയിലുകളിൽ വധശിക്ഷ കാത്തുകഴിയുന്ന എത്യോപ്യൻ ക്രൈസ്തവരുടെ ജീവൻ രക്ഷിക്കാൻ ബ്രിട്ടീഷ് സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇംഗ്ലണ്ടിലെ ആംഗ്ലിക്കന്‍ സഭ രംഗത്ത്. സൗദി ഭരണകൂടവുമായി ബന്ധപ്പെട്ട് ഈ വിഷയം നേരിട്ട് ഉന്നയിക്കണമെന്ന് ബ്രിട്ടന്റെ വിദേശകാര്യ സെക്രട്ടറി എഡ് മിലിബാൻഡിനോടു ആംഗ്ലിക്കന്‍ ബിഷപ്പുമാര്‍ ആവശ്യപ്പെട്ടു. വിഷയം ചൂണ്ടിക്കാട്ടി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനു ആംഗ്ലിക്കന്‍ സഭ കത്തയച്ചിട്ടുണ്ടെന്ന് 'പ്രീമിയര്‍' റിപ്പോര്‍ട്ട് ചെയ്യുന്നു.

ചെൽംസ്ഫോർഡ്, സൗത്ത്വർക്ക്, വിൻചെസ്റ്റർ രൂപതകളിലെ ആംഗ്ലിക്കന്‍ മെത്രാന്മാരാണ് സംയുക്തമായ ഇടപെടല്‍ നടത്തിയിരിക്കുന്നത്. എത്യോപ്യയിൽ മതപീഡനം നേരിട്ടതിനെ തുടർന്ന് രാജ്യം വിട്ട നിരവധി ക്രൈസ്തവർ മനുഷ്യക്കടത്ത് സംഘങ്ങളുടെ വലയിലകപ്പെട്ടതാണെന്നും അന്യായമായാണ് ഇവര്‍ തടങ്കലിലാക്കപ്പെട്ടതെന്നും ബിഷപ്പുമാര്‍ ചൂണ്ടിക്കാട്ടി. ഇവർക്കെതിരെ ചുമത്തിയ മയക്കുമരുന്ന് കടത്ത് കുറ്റങ്ങൾ വ്യാജ ആരോപണങ്ങളായിരിന്നു. ജയിലിൽ കഴിയുന്ന ക്രൈസ്തവർ വിശ്വാസപരമായ നിയന്ത്രണങ്ങൾ നേരിടേണ്ടിവരുന്നതായും വിഷയത്തില്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്നും ബിഷപ്പുമാര്‍ പറയുന്നു.

കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ചിലരുടെ കഴുത്തിലുണ്ടായിരുന്ന കുരിശുമാലകൾ സൗദി പോലീസ് ഉദ്യോഗസ്ഥർ ബലമായി ഊരിമാറ്റുകയും മർദിക്കുകയും ചെയ്തതായി പുറത്തു വന്ന വിവരങ്ങള്‍ അതീവ ആശങ്കാജനകമാണെന്ന് അവർ വ്യക്തമാക്കി. മതസ്വാതന്ത്ര്യം അന്താരാഷ്ട്ര നിയമം അംഗീകരിക്കുന്ന അടിസ്ഥാന മനുഷ്യാവകാശമാണെന്നും, തടവിലായിരിക്കുമ്പോഴും അത് സംരക്ഷിക്കപ്പെടേണ്ടതാണെന്നും ബിഷപ്പുമാർ ഓർമ്മിപ്പിച്ചു. അതേസമയം ശിക്ഷകൾ പുനഃപരിശോധിക്കുമെന്ന് മുമ്പ് സൗദി ഭരണകൂടം അറിയിച്ചിരുന്നിട്ടും അഞ്ചുപേരെ ഇതിനകം വധിച്ചുവെന്ന് റിപ്പോർട്ടുകളുണ്ട്. ചില കേസുകളിൽ വധശിക്ഷ നടപ്പാക്കിയ വിവരം കുടുംബാംഗങ്ങളെപ്പോലും അറിയിച്ചിരുന്നില്ലായെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »