News

കസാഖിസ്ഥാനില്‍ 800 വർഷം പഴക്കമുള്ള ക്രൈസ്തവ അവശേഷിപ്പുകള്‍ കണ്ടെത്തി

പ്രവാചകശബ്ദം 26-08-2026 - Wednesday

അൽമാട്ടി: കസാഖിസ്ഥാനിലെ ഇലിബാലിക് പുരാവസ്തു മേഖലയില്‍ നടത്തിയ ഖനനത്തിൽ മധ്യകാലഘട്ടത്തിൽ നിലനിന്നിരുന്ന ക്രൈസ്തവ സമൂഹത്തിന്റെ നിർണായക തെളിവുകൾ കണ്ടെത്തി. കസാഖിസ്ഥാന്റെ ആധുനിക അതിർത്തിക്കുള്ളിൽ കണ്ടെത്തുന്ന ആദ്യത്തെ വ്യക്തമായ ക്രൈസ്തവ ശ്മശാനം ഉള്‍പ്പെടെയുള്ളവയാണ് കണ്ടെത്തിയിരിക്കുന്നത്. ഷെറ്റിസു മേഖലയിലെ ഉഷാരലിന് സമീപം, ചൈനീസ് അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഇലിബാലിക് പുരാതന സിൽക്ക് റോഡിലെ പ്രധാന വ്യാപാരകേന്ദ്രങ്ങളിലൊന്നായിരുന്നു ഇത്.

12-ാം നൂറ്റാണ്ട് മുതൽ 14-ാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടത്തിൽ ഇവിടെ ക്രൈസ്തവർ ഉൾപ്പെടെ വിവിധ വിഭാഗങ്ങൾ താമസിച്ചിരുന്നതായാണ് പുരാവസ്തു തെളിവുകൾ സൂചിപ്പിക്കുന്നത്. അമേരിക്കൻ പുരാവസ്തുഗവേഷകൻ ഡോ. സ്റ്റീവൻ ഗിൽബർട്ടിന്റെ നേതൃത്വത്തിൽ കസാഖിസ്ഥാനിലെയും മറ്റു രാജ്യങ്ങളിലെയും ഗവേഷകർ നടത്തിയ ഖനനത്തിലാണ് ക്രൈസ്തവ ശ്മശാനവും നിരവധി ശവകുടീരങ്ങളും കണ്ടെത്തിയത്. കുരിശ് ആലേഖനം ചെയ്ത ഫലകങ്ങളും ഇവിടെ നിന്നു കണ്ടെത്തിയിട്ടുണ്ട്. കൈറാക്‌സ് എന്നറിയപ്പെടുന്ന അന്‍പതിലധികം ശവകുടീര ശിലകൾ ഖനനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയിലെല്ലാം ക്രൈസ്തവ കുരിശടയാളങ്ങളുണ്ട്.

ആറ് ശിലകളിലെ ലിഖിതങ്ങൾ ഭാഷകള്‍ തിരിച്ചെറിയുവാന്‍ കഴിഞ്ഞിട്ടുണ്ട്. നാലെണ്ണം പുരാതന തുർക്കിക് ഭാഷയിലും രണ്ടെണ്ണം ക്രൈസ്തവരുടെ പ്രധാന ആരാധനാഭാഷയായ സുറിയാനിയിലുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കസാഖിസ്ഥാനിലെ പ്രാദേശിക സ്ഥാപനങ്ങളുടെയും സ്വിറ്റ്സർലൻഡിലെ സൊസൈറ്റി ഫോർ ദി എക്സ്പ്ലോറേഷൻ ഓഫ് യൂറേഷ്യ, ലാനിയർ സെന്റർ ഫോർ ആർക്കിയോളജി, അമേരിക്കയിലെ ടാൻഡി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആർക്കിയോളജി തുടങ്ങിയ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ഗവേഷണം നടക്കുന്നത്. മധ്യകാലഘട്ടത്തിലെ ക്രൈസ്തവ രീതിയെ കുറിച്ച് ആഴത്തില്‍ മനസിലാക്കുവാന്‍ മേഖലയിലെ ഗവേഷണം സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »