News - 2026

നേപ്പാള്‍ മിന്നൽ പ്രളയത്തിൽ സഹായവുമായി ഇറ്റാലിയൻ മെത്രാൻ സമിതി

പ്രവാചകശബ്ദം 31-08-2026 - Monday

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ സഹായവുമായി ഇറ്റാലിയൻ മെത്രാൻ സമിതി. നേപ്പാളിനെ സഹായിക്കുന്നതിനായി, ആദ്യഘട്ട സഹായമെന്ന നിലയില്‍ അഞ്ചു ലക്ഷം യൂറോയുടെ സഹായമാണ് അനുവദിച്ചിരിക്കുന്നത്. ദൂരെ താമസിക്കുന്നവരുടെ കഷ്ടപ്പാടുകൾ നമുക്ക് അന്യമായിരിക്കരുതെന്നും, അത് നമ്മെ ആശങ്കപ്പെടുത്തുകയും ഉത്തരവാദിത്തത്തിലേക്ക് നമ്മെ ക്ഷണിക്കുകയും ചെയ്യുന്നുവെന്നും ഇറ്റാലിയൻ മെത്രാൻ സമിതി പ്രസിഡന്റ് കർദ്ദിനാൾ മത്തേയോ സൂപ്പി അറിയിച്ചു.

വെള്ളപ്പൊക്കത്തെത്തുടർന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുന്നതിനിടെ, നേപ്പാളിന്‌ കൈത്താങ്ങായി ലെയോ പാപ്പയും സാമ്പത്തിക സഹായം കൈമാറിയിരിന്നു. കാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള ഡിക്കാസ്റ്ററി വഴി കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസിനാണ് പാപ്പ സഹായം കൈമാറിയത്. ഇതോടൊപ്പം ഇറ്റാലിയന്‍ മെത്രാന്‍ സമിതിയും സഹായം കൈമാറുകയായിരിന്നു. നേപ്പാളിന് ഐക്യദാര്‍ഢ്യവും പ്രാര്‍ത്ഥനയും അറിയിച്ച് യുഎസ് കത്തോലിക്ക മെത്രാന്‍ സമിതിയും രംഗത്ത് വന്നിട്ടുണ്ട്.

ദുരന്തം ബാധിച്ച സഹോദരീസഹോദരന്മാർക്കായി അമേരിക്കയിലെ കത്തോലിക്കാ സമൂഹത്തിന്റെ പ്രാർത്ഥനകളും ഐക്യദാർഢ്യവും അറിയിക്കുകയാണെന്ന് ലോസ് ഏഞ്ചൽസിലെ ബിഷപ്പ് എ. ഏലിയാസ് സെയ്ദാൻ പ്രസ്താവിച്ചു. യുഎസ് മെത്രാന്‍ സമിതിയുടെ അന്താരാഷ്ട്ര മാനുഷിക -വികസന സഹായ സംഘടനയായ 'കാത്തലിക് റിലീഫ് സർവീസസ്' (CRS) അടിയന്തര സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും സഹായ സഹകരണം ലഭ്യമാക്കുന്നുണ്ടെന്നും ബിഷപ്പ് പറഞ്ഞു. മേഖലയില്‍ കാരിത്താസ് ഉള്‍പ്പെടെയുള്ള വിവിധ ക്രൈസ്തവ സന്നദ്ധ സംഘടനകള്‍ സജീവമാണ്. അതേസമയം ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 788 പിന്നിട്ടു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️




Related Articles »