News - 2024

നേപ്പാളില്‍ വ്യാജ ആരോപണത്തിന്റെ പേരില്‍ അറസ്റ്റിലായ കൊറിയന്‍ കന്യാസ്ത്രീകള്‍ക്ക് ഒടുവില്‍ മോചനം

പ്രവാചകശബ്ദം 20-11-2021 - Saturday

കാഠ്മണ്ടു: നേപ്പാളിലെ ചേരി പ്രദേശങ്ങളില്‍ മതപരിവര്‍ത്തനത്തിന് ശ്രമിച്ചു എന്ന വ്യാജ ആരോപണത്തിന്റെ പേരില്‍ അറസ്റ്റിലായ ദക്ഷിണ കൊറിയയില്‍ നിന്നുള്ള രണ്ട് കത്തോലിക്കാ കന്യാസ്ത്രീകള്‍ക്കും രണ്ട് സന്നദ്ധ പ്രവര്‍ത്തകര്‍ക്കും നേപ്പാളി ഹൈക്കോടതി ജാമ്യം അനുവദിച്ചു. സിസ്റ്റേഴ്സ് ഓഫ് സെന്റ്‌ പോള്‍ ഓഫ് ചാര്‍ട്ടേഴ്സ് സഭാംഗങ്ങളായ സിസ്റ്റര്‍ ജെമ്മാ ലൂസിയ കിമ്മും, സിസ്റ്റര്‍ മാര്‍ത്താ പാര്‍ക്ക് ബ്യോങ്ങ്സുക്കും മതപരിവര്‍ത്തനം നടത്തി എന്ന വ്യാജ ആരോപണത്തിന്റെ പേരില്‍ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 14-നാണ് അറസ്റ്റിലാവുന്നത്. പൊഖാറായിലെ ജയിലിലായിരുന്നു ഇരുവരും. ജാമ്യത്തുക കെട്ടിവക്കല്‍ ഉള്‍പ്പെടെയുള്ള കീഴ്ക്കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇരുവരും നവംബര്‍ 19ന് ജയില്‍ മോചിതരായെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ജാമ്യം ലഭിച്ചുവെങ്കിലും കന്യാസ്ത്രീകള്‍ വിചാരണ നേരിടേണ്ടി വരും.

ബസ് - പാര്‍ക്കിലെ ചേരി നിവാസികളായ നൂറ്റിഇരുപതോളം പാവപ്പെട്ട കുട്ടികള്‍ക്ക് വേണ്ട താമസവും, ഭക്ഷണവും, വിദ്യാഭ്യാസവും, തൊഴില്‍ പരിശീലനവും, വൈദ്യ സേവനങ്ങളും നല്‍കുന്ന ‘സെന്റ്‌ പോള്‍’സ് ഹാപ്പി ഹോം’ എന്ന സ്ഥാപനം പൊഖാറാനില്‍ നടത്തിവരികയായിരുന്നു അവര്‍. കോവിഡ് പകര്‍ച്ചവ്യാധിക്കിടയില്‍ പാവപ്പെട്ടവര്‍ക്കിടയില്‍ ഭക്ഷണം വിതരണം ചെയ്തതാണ് ഇവര്‍ക്ക് 'വിന'യായത്. ഇതാണ് മതപരിവര്‍ത്തനമായി കെട്ടിച്ചമച്ചത്. കൊറിയന്‍ സന്യാസിനികള്‍ക്ക് ജാമ്യം ലഭിച്ചതില്‍ നേപ്പാള്‍ വികാര്‍ ജനറല്‍ ഫാ. സിലാസ് ബോഗാട്ടി ആഹ്ലാദം പ്രകടിപ്പിച്ചു. മോചനത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദി അര്‍പ്പിക്കുകയാണെന്ന് ഫാ. സിലാസ് പറഞ്ഞു.

പാവപ്പെട്ടവര്‍ക്കിടയില്‍ സേവനം ചെയ്യുന്ന സന്യാസിനികളുടെ അറസ്റ്റും, ജാമ്യ നിഷേധവും നേപ്പാളി കത്തോലിക്കാ സമൂഹത്തെ ഞെട്ടിപ്പിച്ചുവെന്നും കന്യാസ്ത്രീമാര്‍ക്കെതിരായ ആരോപണങ്ങള്‍ വ്യാജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കത്തോലിക്കര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നവരല്ല. വര്‍ഷങ്ങളായി തങ്ങളുടെ ജീവിതം പാവങ്ങള്‍ക്കായി സമര്‍പ്പിച്ചവരുമാണ് ഈ കൊറിയന്‍ കന്യാസ്ത്രീകള്‍. പ്രതികൂല സാഹചര്യത്തിലും സന്യാസിനികള്‍ ജയിലില്‍ വളരെ ശാന്തരും, പ്രസന്നരുമായിട്ടാണ് കഴിഞ്ഞിരുന്നതെന്നും .അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം മതന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ഒരാക്രമണമായിട്ടാണ് നേപ്പാളി കത്തോലിക്ക സമൂഹം ഈ അറസ്റ്റിനെ നോക്കി കാണുന്നത്.


Related Articles »