News - 2026

നേപ്പാളിലെ വെള്ളപ്പൊക്ക ദുരന്തം; പ്രാര്‍ത്ഥന അറിയിച്ച് ലെയോ പാപ്പ

പ്രവാചകശബ്ദം 28-08-2026 - Friday

വത്തിക്കാന്‍ സിറ്റി: നേപ്പാളിൽ ഹിമപാളികൾ ഇടിഞ്ഞുവീണുണ്ടായ വെള്ളപ്പൊക്ക ദുരന്തത്തിൽ ലെയോ പാപ്പ ദുഃഖം രേഖപ്പെടുത്തി. ദുരന്തത്തിന് ഇരകളായവർക്കും കുടുംബാംഗങ്ങൾക്കും പ്രാർത്ഥനകളറിയിച്ചുകൊണ്ട് പാപ്പയ്ക്കു വേണ്ടി വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിനാണ് സന്ദേശമയച്ചത്. ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവരോടുള്ള തന്റെ ആത്മീയ സാമീപ്യമറിയിച്ച പാപ്പ, കത്തോലിക്ക സഭയുടെ പ്രാദേശിക അധികാരികളെ അഭിസംബോധന ചെയ്തുകൊണ്ടാണ് സന്ദേശം അയച്ചിരിക്കുന്നത്.

വെള്ളപ്പൊക്കം മൂലമുണ്ടായ ജീവഹാനിയും നാശനഷ്ടങ്ങളും പരിശുദ്ധ പിതാവ് അതീവ ദുഃഖത്തോടെ ശ്രവിച്ചുവെന്നും, മരിച്ചവരുടെ ആത്മാക്കളെ സർവ്വശക്തന്റെ കാരുണ്യത്തിന് സമർപ്പിച്ചു കൊണ്ട് പ്രാർത്ഥിക്കുന്നുവെന്നും, ദുഃഖാര്‍ത്തരായ കുടുംബങ്ങൾക്ക് ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും സന്ദേശത്തിൽ എടുത്തു പറയുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും പാപ്പ തന്റെ പ്രാർത്ഥനകൾ ഉറപ്പു നൽകി. എല്ലാവരുടെയും മേൽ ദൈവീക സഹായവും സംരക്ഷണവും ഉണ്ടാകട്ടെയെന്നു പാപ്പ പ്രാർത്ഥിച്ചു.

കഠ്‌മണ്ഡു നേപ്പാൾ - ടിബറ്റ് അതിർത്തി മേഖലയിലുണ്ടായ മിന്നൽ പ്രളയത്തിലും മലവെള്ളപാച്ചിലിലും 353 പേർ മരിച്ചതായി ഔദ്യോഗിക കണക്ക്. ഇന്നലെ രാവിലെ ഉണ്ടായ ദുരന്തത്തിൽ 800 ൽ അധികം ആളുകളെ കാണാതായതാണ് വിവരം. ഇതിൽ 580 പേരും വിനോദസഞ്ചാരികളാണ്. പ്രളയബാധിത പ്രദേശങ്ങളിൽ രക്ഷപ്പെട്ടവരെ കണ്ടെത്തുന്നതിനായി കര, വ്യോമ മാർഗങ്ങളിലൂടെയുള്ള തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »