News

മറിയത്തിൽ നിന്നാണ് ദൈവത്തോടുള്ള ആത്മീയ സംഭാഷണം നാം പഠിക്കുന്നത്: ലെയോ പാപ്പ

പ്രവാചകശബ്ദം 09-09-2026 - Wednesday

വത്തിക്കാന്‍ സിറ്റി: ദൈവത്തിന്റെ വിശ്വസ്തതയുടെ അടയാളമായിട്ടാണ് പരിശുദ്ധ കന്യകാമറിയത്തിന്റെ ജനതിരുനാളിന്റെ മഹത്വം ഏവരും ആഘോഷിക്കുന്നതെന്നും മറിയത്തിൽ നിന്നാണ് ദൈവത്തോടുള്ള ആത്മീയ സംഭാഷണം നാം പഠിക്കുന്നതെന്നും ലെയോ പാപ്പ. പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാൾ തലേന്ന്, റോമിന് പുറത്തുള്ള ജെനസാനോ പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന, അഗസ്റ്റീനിയൻ സന്യാസികൾ ശുശ്രൂഷ ചെയ്യുന്ന മരിയന്‍ തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ ബലിയർപ്പിച്ചു വചന സന്ദേശം നൽകുകയായിരിന്നു പാപ്പ.

തിന്മയിൽ നിന്ന് വിമോചിപ്പിക്കപ്പെട്ട ഒരു പുതിയ ലോകത്തിന്റെ പ്രഭാതമാണ് മറിയമെന്നും, അതിനാൽ ദൈവവചനം സ്വീകരിക്കാനും അത് ഉള്ളിൽ കാത്തുസൂക്ഷിക്കാനും ധീരമായ തീരുമാനങ്ങളിലൂടെ അതിന് ജന്മം നൽകാനും മറിയത്തിന്റെ 'നല്ല ഉപദേശം'നമുക്കും തേടാം എന്ന വാക്കുകളോടെയാണ് പാപ്പ തന്റെ വചന സന്ദേശം ആരംഭിച്ചത്. മറിയത്തിന്റെ ആ നിശബ്ദ സാന്നിധ്യം ചരിത്രത്തെ മാറ്റിമറിച്ചു. മറിയത്തിന്റെ മഹിമ മുഴുവൻ അവളുടെ ഉള്ളിലായിരുന്നുവെന്നും, 'അവളിൽ നിന്ന് യേശു ജനിച്ചു' എന്ന ഒരൊറ്റ വാചകത്തിൽ അവളില്‍ ചരിത്രം മുഴുവൻ അടങ്ങിയിരിക്കുന്നുവെന്നും പാപ്പ ചൂണ്ടിക്കാണിച്ചു.

തന്റെ സ്രഷ്ടാവിന്റെ അമ്മയാകാൻ വിളിക്കപ്പെട്ട ഒരു പെൺകുട്ടിയുടെ ജനനമാണ് നാം ആഘോഷിക്കുന്നതെന്നും, നാം അവളെ 'രാജ്ഞി' എന്നും 'നാഥ' എന്നും വിളിക്കുന്നുവെങ്കിലും, ദൈവത്തിന്റെ വഴി എന്നും ലളിതവും നിശബ്ദവുമാണെന്ന് പാപ്പ പറഞ്ഞു. ലോകത്തിന്റെ അഹങ്കാരത്തിനല്ല, മറിച്ച് ശുശ്രൂഷയ്ക്കും കരുണയ്ക്കും മുൻഗണന നൽകുന്ന ദൈവരാജ്യത്തിന്റെ മനോഭാവമാണ് മറിയം കാണിച്ചുതരുന്നതെന്നും നാശത്തിന്റെയും അനിശ്ചിതത്വത്തിന്റെയും ഈ കാലഘട്ടത്തിൽ ദൈവത്തിന്റെ പ്രവർത്തനം കാണാൻ, പരിശുദ്ധ അമ്മ നമ്മെ സഹായിക്കുന്നുവെന്നും പാപ്പ പറഞ്ഞു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »