India - 2026

പാവപ്പെട്ടവർക്കും തെരുവു ബാല്യങ്ങള്‍ക്കുമായി ജീവിതം സമർപ്പിച്ച ബ്രദർ മാവുരൂസിന് വിട

പ്രവാചകശബ്ദം 15-09-2026 - Tuesday

കൊച്ചി: പാവപ്പെട്ടവർക്കും തെരുവിൽ ഉപേക്ഷിക്കപ്പെട്ട കുട്ടികൾക്കും വേണ്ടി ജീവിതം സമർപ്പിച്ച സാമൂഹ്യപ്രവർത്തകനായ ബ്രദർ മാവുരൂസ് മാളിയേക്കൽ അന്തരിച്ചു. 90 വയസ്സായിരിന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. കൊച്ചിയിലും സമീപപ്രദേശങ്ങളിലുമായി ഏകദേശം 2,000 തെരുവുകുട്ടികളെ കണ്ടെത്തി സംരക്ഷിക്കുകയും അവർക്ക് വിദ്യാഭ്യാസവും മെച്ചപ്പെട്ട ജീവിതവും ഒരുക്കുകയും ചെയ്തതിലൂടെ അനേകം കുരുന്നുകള്‍ക്ക് പുതുജീവിതം ലഭിച്ചു.

1936 ഏപ്രിൽ 28-ന് മാള അമ്പഴക്കാട് മാളിയേക്കൽ അന്തോണിയുടെയും മേരിയുടെയും മകനായി ജനിച്ച അദ്ദേഹം സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം സിഎംഐ സമൂഹത്തില്‍ ചേർന്നു. പിന്നീട് സമൂഹത്തിന്റെ അരികുകളിലേക്ക് തള്ളപ്പെട്ടവർക്കും തെരുവിൽ അലഞ്ഞുതിരിഞ്ഞ കുട്ടികൾക്കുമായി തന്റെ ജീവിതം പൂർണമായി സമർപ്പിക്കുകയായിരുന്നു. കൊച്ചി ഗാന്ധിനഗറിലെ ഉദയ കോളനിയിൽ പ്രവർത്തിച്ച 'ആശ്രയഭവൻ' അദ്ദേഹത്തിന്റെ സാമൂഹ്യസേവനത്തിന്റെ പ്രധാന കേന്ദ്രമായിരുന്നു.

ഒരുകാലത്ത് പിന്നാക്കാവസ്ഥയിലായിരുന്ന ഉദയ കോളനിയുടെ സാമൂഹികമാറ്റത്തിനും ബ്രദർ മാവുരൂസിന്റെ ഇടപെടലുകൾ വലിയ പങ്കുവഹിച്ചു. പി & ടി കോളനിയിലെ തീപിടിത്തത്തിൽ വീടുകൾ നഷ്ടപ്പെട്ട കുടുംബങ്ങൾക്കായി ‘സ്നേഹഗിരി’ പദ്ധതിയിലൂടെ നൂറിലധികം വീടുകൾ നിർമിച്ചുനൽകിയതും അദ്ദേഹത്തിന്റെ ശ്രദ്ധേയമായ സേവന പ്രവർത്തനങ്ങളിലൊന്നായിരിന്നു.

വൈക്കം വല്ലകം ജീവനിലയം, ഒറ്റപ്പാലം സുഹൃദ്സദൻ, മൂരിയാട് മാർട്ടിൻ നഗർ തുടങ്ങിയ സ്ഥാപനങ്ങളിലൂടെയും അദ്ദേഹം സാമൂഹ്യസേവനം തുടർന്നു. കുടുംബത്തിൽനിന്ന് ലഭിച്ച സ്വത്തുക്കൾ പോലും പാവപ്പെട്ടവരുടെ ക്ഷേമത്തിനായി വിനിയോഗിച്ച അദ്ദേഹം ലളിതജീവിതത്തിന്റെയും പങ്കുവയ്ക്കലിന്റെയും മാതൃകയായിരുന്നു. അദ്ദേഹത്തിന്റെ സേവനങ്ങളെ ആദരിച്ച് കൊച്ചി കോർപ്പറേഷൻ ആശ്രയഭവൻ സ്ഥിതിചെയ്യുന്ന റോഡിന് ‘ബ്രദർ മാവുരൂസ് റോഡ്’ എന്ന് പേര് നൽകിയിരുന്നു. സംസ്കാര ശുശ്രൂഷകൾ നാളെ ബുധനാഴ്ച വൈകീട്ട് 4 മണിക്ക് മാള കോട്ടയ്ക്കൽ സെന്റ് തെരേസാസ് ആശ്രമ ഇടവക ദേവാലയത്തില്‍ നടക്കും.


Related Articles »