India

വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വളർച്ചയിൽ മിഷ്ണമാരുടെ പങ്ക് നിസ്‌തുലം: മേഘാലയ മുഖ്യമന്ത്രി

പ്രവാചകശബ്ദം 23-08-2026 - Sunday

തിരുവനന്തപുരം: മേഘാലയ അടക്കം മുഴുവൻ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെയും വളർച്ചയിലും വികസനത്തിലും ക്രൈസ്‌തവ മിഷ്ണറിമാരുടെ പങ്ക് അവിസ്‌മരണീയമാണെന്ന് മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാംഗ്‌മ. കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയുടെ മെത്രാഭിഷേക രജതജൂബിലിയുടെ സമാപനത്തോടനുബന്ധിച്ച് പട്ടം സെന്റ് മേരീസ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സർക്കാരുകൾ വരുന്നതിനു മുമ്പുതന്നെ ക്രൈസ്‌തവ മിഷ്ണറിമാർ അവരുടെ സേവനങ്ങൾ ആരംഭിച്ചിരുന്നു. ഒരു സർക്കാർ ഡിപ്പാർട്ട്മെന്റു ഇല്ലാതിരുന്ന സമയത്തും അവർ അതു ചെയ്‌തു എന്നതാണ് ശ്രദ്ധേയം. കുട്ടികൾക്കു വിദ്യാഭ്യാസം നൽകുന്നതിനായി സ്‌കൂളുകൾ തുറന്നു. ഒരു ഹെൽത്ത് ഡിപ്പാർട്ടുമെന്റും സർക്കാരിൽ ഇല്ലാതിരുന്ന സമയത്ത് ആശുപത്രികൾ ആരംഭിച്ചു. യാതൊന്നും പ്രതീക്ഷിക്കാതെ അവർ അവിടെ പ്രവർത്തിച്ചു.

ഒട്ടേറെ സിസ്റ്റർമാരും വൈദികരും കേരളത്തിൽനിന്നെത്തി തങ്ങളുടെ സംസ്ഥാനത്ത് ഇന്നും സേവനം ചെയ്യുന്നു. ഇതിൽ സഹായമെത്രാൻ ഡോ. ജോസ് ചിറയ്ക്കൽ, സിസ്റ്റർ റോസ് എന്നിവരുടെ പേരുകൾ എടുത്തുപറയാൻ ആഗ്രഹിക്കുന്നുവെന്ന് കോൺറാഡ് സാംഗ്‌മ പറഞ്ഞു. സിസ്റ്റർ റോസ് ഗ്രാമവാസികളായ കർഷകരുടെ ജീവിത നിലവാരം ഉയർത്തുന്നതിനും അവർക്ക് വീടുകൾ നിർമിക്കുന്നതിനും പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്നു. തന്റെ പിതാവ് മുൻ ലോക്‌സഭാ സ്‌പീക്കർ പി.എ. സാഗ്‌മ ക്രിസ്റ്റ്യൻ മിഷന്റെ ഒരു ഉത്പന്നമായിരുന്നുവെന്നും അദ്ദേഹം അനുസ‌രിച്ചു.

പിതാവിന് ഏഴോ എട്ടോ വയസുള്ളപ്പോഴായിരുന്നു മുത്തച്ഛൻ മരിക്കുന്നത്. പിന്നീട് മിഷ്ണറിമാരാണ് അദ്ദേഹത്തെ വളർത്തിയത്. ക്രൈസ്‌തവ മൂല്യങ്ങൾ അദ്ദേഹം പഠിച്ചു. നല്ല ക്രൈസ്‌തവനാകുന്നതിനല്ല, നല്ല മനുഷ്യനാകുന്നതിനാണ് മിഷ്ണറിമാർ തൻ്റെ പിതാവിനെ പഠിപ്പിച്ചത്. തന്റെ പിതാവ് നേടിയതെല്ലാം ഈ മിഷ്ണറിമാരിൽനിന്നു പഠിച്ചതാണ്. ഇന്ന് താൻ ഇവിടെ നിൽക്കുന്നത് ആ അനുഗ്രഹത്തിൻ്റെ ഒരു തുടർച്ചയായി കാണാനാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

തന്റെ പിതാവ് ആരംഭിച്ച സേവനങ്ങളുടെ തുടർച്ച ഇന്നുമുണ്ട്. ഒരാൾക്ക് ഒരു സഹായം ചെയ്യുന്നതാണ് ഏറ്റവും വലിയ സേവനമെന്ന് അദ്ദേഹം പഠിപ്പിച്ചു. വൈദികരോ സന്യസ്‌തരോ സിസ്റ്റർമാരോ പൊതുപ്രവർത്തകരോ ആകട്ടെ, എല്ലാവരുടെയും ലക്ഷ്യം ഒന്നാണ്. നാം വ്യത്യസ്ത‌മായ രീ തിയിൽ ചെയ്യുന്നുവെന്നു മാത്രം.നമ്മുടെ ജനത്തിനും രാജ്യത്തിനുമായാണ് എല്ലാം ചെയ്യുന്നത്. ഇതാണ് ക്രിസ്റ്റ്യാനിറ്റിയുടെ മൂല്യം. ഇതാണ് പ്രചോദനാത്മകമായി കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ചെയ്യുന്നതും. മാർ ക്ലീമിസ് കാതോലിക്കാബാവയ്ക്ക് തൻ്റെ പിതാവുമായി നല്ല സൗഹൃദമുണ്ടായി രുന്നു. താൻ ഇവിടെ എത്തുന്നതിന് അതും കാരണമായെന്നും കോൺറാഡ് സാംഗ്‌മ പറഞ്ഞു.


Related Articles »