India - 2026
കുരിശിനു മുകളിൽ കയറി അവഹേളനം: പ്രതിഷേധത്തിന് പിന്നാലെ യുവാക്കള്‍ പിടിയില്‍
പ്രവാചകശബ്ദം 28-09-2026 - Monday
മൂന്നാർ: മൂന്നാറിൽ വിനോദസഞ്ചാരത്തിനായി എത്തിയപ്പോൾ മലയിൽ സ്ഥാപിച്ചിരുന്ന കുരിശിനു മുകളിൽ കയറിനിന്ന് അവഹേളനം നടത്തിയ യുവാക്കൾ പിടിയിലായി. കോഴിക്കോട് താമരശേരി സ്വദേശികളായ നിഹാൽ (19), ഇർഫാൻ (20), മുഫ്‌താദ് (20) ഹാഷ്‌മി (20) എന്നിവരാണു പിടിയിലായത്. കഴിഞ്ഞ 19ന് മൂന്നാറിലെ പള്ളിവാസൽ മലയിൽ സ്ഥാപിച്ചിരുന്ന കുരിശിനു മുകളിലാണ് ഇവർ കയറിയത്. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രതിഷേധം ഉയരുകയായിരിന്നു.
വിശുദ്ധവാരാചരണത്തിനു വിശ്വാസികൾ ആരാധനയ്ക്കായി മലമുകളിൽ സ്ഥാപിച്ചതായിരുന്നു ഈ കുരിശ്. കുരിശിനെ അപമാനിച്ച സംഭവത്തിൽ പള്ളിവാസൽ സെൻ്റ് ആൻസ് ഇടവക വികാരി മൂന്നാർ പൊലിസിൽ പരാതി നൽകുകയായിരുന്നു. ഈ മലയിൽ പൂവിട്ട കുറിഞ്ഞി കാണാൻ എത്തിയപ്പോഴായിരുന്നു യുവാക്കളുടെ കുരിശിനോടുള്ള അവഹേളനം. സമൂഹമാധ്യമങ്ങളിലൂടെ അന്വേഷണം നടത്തിയ പൊലിസ് പ്രതികളെ നേരിട്ട് വിളിച്ചുവരുത്തുകയായിരുന്നു.

















