News
യുദ്ധം അവസാനിപ്പിക്കണം: റഷ്യൻ ഭരണകൂടവുമായി വത്തിക്കാന്‍ പ്രതിനിധി ചര്‍ച്ച നടത്തി
പ്രവാചകശബ്ദം 28-08-2026 - Friday
കീവ്: യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാനും അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായത്തോടെ ചർച്ചകൾ ആരംഭിക്കാനും വത്തിക്കാൻ വിദേശകാര്യ മന്ത്രി റഷ്യൻ ഭരണകൂടത്തോട് അഭ്യർത്ഥിച്ചു. സൈനിക നടപടികളിലൂടെ ഈ സംഘർഷം പരിഹരിക്കാനാവില്ലെന്ന വത്തിക്കാന്റെ നിലപാട് നയതന്ത്രജ്ഞനും വത്തിക്കാനും വിദേശരാജ്യങ്ങളും അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധത്തിനായുള്ള വിഭാഗത്തിന്റെ തലവനുമായ ആർച്ച് ബിഷപ്പ് പോള്‍ ഗല്ലാഘര്‍ വ്യക്തമാക്കി.
മോസ്കോയിൽ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവിനൊപ്പം കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് വത്തിക്കാന്‍ പ്രതിനിധിയുടെ പ്രതികരണം. ഗൗരവകരമായ രാഷ്ട്രീയ - നയതന്ത്ര പ്രക്രിയയ്ക്കുള്ള സാഹചര്യങ്ങൾ ഒരുക്കേണ്ടത് അനിവാര്യമാണെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു. അത്തരം ചർച്ചകൾ എത്രയും വേഗം യാഥാർത്ഥ്യമാക്കുന്നതിനായി ഇരുപക്ഷവും തുറന്ന സമീപനവും ഒരേ മനോഭാവവും പ്രകടിപ്പിക്കണമെന്നും ആര്‍ച്ച് ബിഷപ്പ് റഷ്യന്‍ ഭരണകൂടത്തിന്റെ പ്രതിനിധികളുടെ മുന്നില്‍ വ്യക്തമാക്കി.
റഷ്യയിലേക്കുള്ള ആർച്ച് ബിഷപ്പ് ഗല്ലാഘറുടെ നാല് ദിവസത്തെ സന്ദർശനത്തിനിടയിലുള്ള ആദ്യത്തെ ഉന്നതതല കൂടിക്കാഴ്ചയായിരുന്നു മോസ്കോയിൽ നടന്ന ഉഭയകക്ഷി ചർച്ച. അഞ്ച് വർഷത്തിനിടെ ആർച്ച് ബിഷപ്പ് ഗല്ലഗറും ലാവ്‌റോവും തമ്മിൽ നടന്ന ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. മാധ്യമങ്ങളോട് സംസാരിക്കുന്നതിന് മുൻപായി, റഷ്യയിലെ വത്തിക്കാൻ സ്ഥാനപതി (അപ്പസ്തോലിക് ന്യൂൺഷ്യോ) ആർച്ച് ബിഷപ്പ് ജിയോവാനി ഡി അനിയെല്ലോയും ചേര്‍ന്നുള്ള കൂടിക്കാഴ്ചയിൽ ആർച്ച് ബിഷപ്പ് ഗല്ലാഘര്‍ ഒരു മണിക്കൂറോളം സംസാരിച്ചിരിന്നു.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


















