News - 2024
2018-ല്‍ നടക്കുന്ന ബിഷപ്പ്സ് സിനഡിന്റെ പ്രമേയം വത്തിക്കാന്‍ പുറത്തിറക്കി
സ്വന്തം ലേഖകന്‍ 07-10-2016 - Friday
വത്തിക്കാന്‍: 2018 ഒക്ടോബര്‍ മാസത്തില്‍ നടത്തപ്പെടുന്ന ബിഷപ്പുമാരുടെ സിനഡിന്റെ പ്രമേയം വത്തിക്കാന്‍ ഔദ്യോഗികമായി തീരുമാനിച്ചു. 'യുവജനങ്ങള്‍: വിശ്വാസവും, ദൈവവിളികളിലെ വിവേകവും' എന്ന വിഷയമാണ് പതിനഞ്ചാമത് സിനഡ് ചര്‍ച്ച ചെയ്യുക. ഇന്നലെ പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെയാണ് സിനഡിന്റെ ചിന്താവിഷയത്തിന് മാര്‍പാപ്പ അംഗീകാരം നല്‍കിയതായി വത്തിക്കാന്‍ അറിയിച്ചത്.
പതിവുപോലെ തന്നെ ബിഷപ്പ് കോണ്‍ഫറന്‍സുകളോടും, പൗരസ്ത്യ സഭകളോടും, സുപ്പീരിയര്‍ ജനറലുമാരോടും കൂടി ആലോചിച്ചാണ് ഈ വിഷയം സിനഡിന്റെ മുഖ്യ ചിന്താവിഷയമായി മാര്‍പാപ്പ നിശ്ചയിച്ചത്. പതിനഞ്ചാമത് സിനഡിലെ വിഷയം തീരുമാനിക്കുന്നതിനു മുമ്പ്, പതിനാലാമത് സിനഡിന്റെ പൊതുയോഗത്തില്‍ പങ്കെടുത്ത ബിഷപ്പുമാരുടെ അഭിപ്രായം എന്താണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ ആരാഞ്ഞിരുന്നു. കുടുംബങ്ങളെ സംബന്ധിച്ചുള്ള വിഷയമായിരുന്നു മുന്‍ സിനഡുകള്‍ ചര്‍ച്ച ചെയ്തിരുന്നത്. ഇതിന്റെ പിന്‍തുടര്‍ച്ചയായി നടക്കാനിരിക്കുന്ന സിനഡിന്റെ ഈ വിഷയത്തെ കണക്കാക്കാം.
മുന്‍ സിനഡുകളുടെ വെളിച്ചത്തില്‍ മാര്‍പാപ്പ പുറപ്പെടുവിച്ച അപ്പോസ്‌ത്തോലിക പ്രബോധനമായ 'അമോരിസ് ലെത്തീസിയ' അതിന്റെ അവസാനഭാഗത്ത് യുവാക്കളെ സംബന്ധിക്കുന്ന നിരവധി പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ട്. കാര്യബോധത്തോടെയും വിശ്വാസത്തോടെയുമുള്ള യുവാക്കളുടെ പ്രവര്‍ത്തനം, ജീവിതത്തിന്റെ ശരിയായ ആനന്ദം, എന്നിവ എന്താണെന്ന് മനസിലാക്കുന്നതിനായി സഹായിക്കുമെന്നും അതിനെ സംബന്ധിക്കുന്ന ചര്‍ച്ചകളായിരിക്കും 2018-ലെ സിനഡില്‍ നടക്കുക എന്നും വത്തിക്കാന്‍ പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നു.