News - 2024

വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ആസിയ ബീബിയുടെ മോചനത്തിനായി ഒക്ടോബര്‍ 12നു പ്രാര്‍ത്ഥനാ ദിനം ആചരിക്കാന്‍ ആഹ്വാനം

സ്വന്തം ലേഖകന്‍ 07-10-2016 - Friday

ഇസ്ലാമാബാദ്: പ്രവാചക നിന്ദാ കുറ്റം ചുമത്തി പാക്കിസ്ഥാനില്‍ വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്ന ക്രൈസ്തവ വിശ്വാസി ആസിയാ ബീബിയുടെ കേസില്‍ പാക് സുപ്രീം കോടതി ഉടന്‍ വിധി പ്രഖ്യാപിക്കാനിരിക്കെ ഈ വരുന്ന 12-ാം തീയതി ബുധനാഴ്ച 24 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പ്രത്യേക പ്രാര്‍ത്ഥന നടത്തുവാന്‍ ആഹ്വാനം. ക്രിസ്ത്യന്‍ സോളിഡാരിറ്റി വേള്‍ഡ്‌ വൈഡ് എന്ന സംഘടനയാണ് പ്രാര്‍ത്ഥനയ്ക്കു ആഹ്വാനം ചെയ്തിരിക്കുന്നത്.

2009-ല്‍ ആണ് ആസിയാ ബീബീയെ വധിക്കുവാന്‍ കീഴ്‌ക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. അയല്‍വാസികളായ മുസ്ലീം സ്ത്രീകള്‍ ആസിയാ ബീബിയ്ക്ക് എതിരെ വ്യാജകേസ് നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ആസിയ ബീബീ ഇസ്ലാം പ്രവാചകനായ മുഹമ്മദ് നബിയെ നിന്ദിക്കുന്ന രീതിയില്‍ തങ്ങളോട് സംസാരിച്ചുവെന്നാണ് യുവതികള്‍ പോലീസില്‍ പരാതിപ്പെട്ടത്. ഇതേ തുടര്‍ന്നാണ് കോടതി വിധിയുണ്ടായത്.

2009 മുതല്‍ കിഴക്കന്‍ പാക്കിസ്ഥാനിലെ മുള്‍ട്ടാണ്‍ എന്ന പ്രദേശത്തുള്ള ജയിലില്‍ ഏകാന്ത തടവിലാണ് ആസിയ ബീബീ. ആസിയ ബീബിയെ ജയിലിനുള്ളില്‍ കൊലപ്പെടുത്തുന്നവര്‍ക്ക് അഞ്ചു ലക്ഷം രൂപ നല്‍കാമെന്ന് ഒരു മുസ്ലീം പണ്ഡിതന്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നതിനാലാണ് ഇവരെ ഏകാന്ത തടവറയില്‍, കഠിന തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ഉടന്‍ തന്നെ വരുവാനിരിക്കുന്ന സുപ്രീം കോടതി വിധിയില്‍ പ്രതീക്ഷ അര്‍പ്പിച്ച് പ്രാര്‍ത്ഥനയോടെ കഴിയുകയാണ് ആസിയ ബീബിയുടെ കുടുംബാംഗങ്ങള്‍.

വിധി എന്തുതന്നെയാണെങ്കിലും അതിനെ ഉള്‍ക്കൊള്ളുവാനുള്ള മനോധൈര്യം ആസിയാക്ക് ലഭിക്കുന്നതിനു വേണ്ടിയും ആസിയായുടെ കേസ് കോടതിയില്‍ വാദിച്ച സൗഫുള്‍ മലൂക്ക് എന്ന വക്കീലിന്റെ സംരക്ഷണത്തിനും വിധി പ്രസ്താവിക്കുന്ന സുപ്രീം കോടതി ജഡ്ജിക്കു വേണ്ടിയും വിശ്വാസികള്‍ പ്രത്യേക പ്രാര്‍ത്ഥനാ നടത്തണമെന്നാണ് ക്രിസ്ത്യന്‍ സോളിഡാരിറ്റി വേള്‍ഡ്‌ വൈഡ് ആഹ്വാനം ചെയ്തിരിക്കുന്നത്. മതനിന്ദാ കുറ്റം ചുമത്തപ്പെട്ട് ജയിലില്‍ പീഡനം അനുഭവിക്കുകയും, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുകയും ചെയ്യുന്നവരേ വിശ്വസികള്‍ തങ്ങളുടെ പ്രാര്‍ത്ഥനയില്‍ പ്രത്യേകം ഓര്‍ക്കും.

95 ശതമാനത്തില്‍ അധികം ജനങ്ങളും മുസ്ലീം വിശ്വാസികളായ രാജ്യമാണ് പാക്കിസ്ഥാന്‍. 1990 മുതല്‍ ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം പ്രവാചകനെ നിന്ദിച്ചുവെന്നും, ഖുറാനെ അപകീര്‍ത്തിപ്പെടുത്തിയെന്നും ആരോപണം നേരിട്ട 62 പേരാണ് രാജ്യത്ത് കൊല്ലപ്പെട്ടത്. ഇതേ കുറ്റങ്ങള്‍ക്ക് പാക്കിസ്ഥാനിലെ വിവിധ ജയിലുകളില്‍ 40 പേര്‍ വധശിക്ഷ കാത്തു കഴിയുന്നുണ്ട്. പ്രാകൃതമായ ഈ നിയമം രാജ്യത്തിന്റെ നിയമവ്യവസ്ഥിതികളില്‍ നിന്നും എടുത്ത് മാറ്റണമെന്ന് യുഎന്‍ പലവട്ടം പാക് സര്‍ക്കാരിനോട് ആവശ്യപ്പെട്ടതാണ്.


Related Articles »