News - 2024
വിശ്വാസത്തെ കേവലം നിയമങ്ങളുടെയും നിബന്ധനകളുടെയും അടിസ്ഥാനത്തിലേക്ക് ഒതുക്കിനിറുത്തരുത്: ഫ്രാന്‍സിസ് മാര്‍പാപ്പ
സ്വന്തം ലേഖകന്‍ 24-10-2016 - Monday
വത്തിക്കാന്‍ സിറ്റി: ക്രൈസ്‌തവ വിശ്വാസത്തെ കേവലം നിയമങ്ങളുടെയും നിബന്ധനകളുടെയും അടിസ്ഥാനത്തിലേക്ക് ഒതുക്കിനിറുത്തരുതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സന്യസ്ഥരും, വൈദികരും, ബിഷപ്പുമാരും, കര്‍ദിനാളുമാരുമടങ്ങുന്ന സംഘത്തിന്റെ അന്താരാഷ്ട്ര യോഗത്തില്‍ പങ്കെടുത്തുകൊണ്ടാണ് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'കാരുണ്യമുണ്ടാകുകയും, തെരഞ്ഞെടുക്കുകയും ചെയ്യുക' എന്നതായിരുന്നു യോഗത്തിന്റെ മുഖ്യചിന്താവിഷയം. നമ്മുടെ വിശ്വാസം മറ്റുള്ളവര്‍ക്ക് സുവിശേഷത്തിന്റെ സത്യവെളിച്ചം പകര്‍ന്നു നല്‍കുന്നതായിരിക്കണമെന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു.
മാനുഷീകമായ കണക്കുകൂട്ടലുകളുടെ ഭാഗമല്ല അജപാലന ദൗത്യമെന്നു പറഞ്ഞ പാപ്പ, ഈ വിളിയിലേക്ക് തെരഞ്ഞെടുത്ത ക്രിസ്തുവിന്റെ പാതയെ പിന്‍പറ്റുന്ന സമൂഹമായി ദൈവിളി സ്വീകരിച്ചവര്‍ മാറണമെന്നും പ്രത്യേകം ഓര്‍മ്മിപ്പിച്ചു. ക്രിസ്തു ചുറ്റുപാടുമുള്ളവരോട് കാണിച്ച കാരുണ്യം മറ്റുള്ളവരിലേക്ക് എത്തിക്കുവാന്‍ ദൈവവിളി കേട്ട് പ്രവര്‍ത്തിക്കുന്നവര്‍ ബാധ്യസ്ഥരാണെന്നും പാപ്പ പറഞ്ഞു. പോകുക, കാണുക, വിളിക്കുക എന്നീ മൂന്നു പ്രവര്‍ത്തികളാണ് ക്രിസ്തു എല്ലായ്‌പ്പോഴും തന്റെ ശുശ്രൂഷയില്‍ ഉയത്തിപിടിച്ചിരുന്നതെന്നു പറഞ്ഞ പാപ്പ, സഭയുടെ പ്രവര്‍ത്തനവും ഇപ്രകാരമായിരിക്കണമെന്നും കൂട്ടിച്ചേര്‍ത്തു.
"സഭ എല്ലായ്‌പ്പോഴും പുറത്തേക്ക് സഞ്ചരിക്കണം. അതിര്‍ത്തികള്‍ താണ്ടണം. പരാജയത്തിന്റെ ഭീതികള്‍ അതിനെ ഒരിക്കലും ബാധിക്കരുത്. സഭയിലെ നേതൃത്വം പുറത്തേക്ക് പോയി പ്രവര്‍ത്തിക്കാത്തിടത്തോളം നല്ല ഫലങ്ങളുടെ വിളവെടുപ്പ് സാധ്യമല്ലെന്ന കാര്യവും നാം ഓര്‍ക്കണം. അതു പോലെ തന്നെ ക്രിസ്തുവിന്റെ കണ്ണുകളിലൂടെ വേണം നാം മറ്റുള്ളവരെ നോക്കുവാന്‍. ക്രിസ്തു തന്റെ കാലഘട്ടത്തിലെ ആളുകളേ, മുന്‍വിധികളെ എല്ലാം മാറ്റി നിര്‍ത്തിയ ശേഷമാണ് ദൈവ സ്‌നേഹത്തിലേക്ക് വിളിച്ചു ചേര്‍ത്തത്. സഭയിലെ അജപാലന സംഘവും ഇതേ പോലെ പ്രവര്‍ത്തിക്കണം". പാപ്പ വിശദീകരിച്ചു.
മറ്റുവരെ സഭയിലേക്ക് വിളിക്കേണ്ട ഉത്തരവാദിത്വവും അജപാലകരുടേതാണെന്ന് പാപ്പ പറഞ്ഞു. ക്രിസ്തുവിനു വേണ്ടി മറ്റുള്ളവരെ നേടുവാന്‍ നാം അവരോട് ചില ചോദ്യങ്ങള്‍ മാത്രം ചോദിച്ചാല്‍ മതിയെന്നും അതില്‍ നിന്നുണ്ടാകുന്ന ചിന്തയില്‍ നിന്നും തന്നെ ആളുകള്‍ ക്രിസ്തുവിന്റെ വഴിയെ സഞ്ചരിക്കുമെന്നു പാപ്പ കൂട്ടിച്ചേര്‍ത്തു. ശരിയായ മാര്‍ഗം അവരെ വിളിച്ചു കാണിക്കേണ്ട ഉത്തരവാദിത്വമാണ് അജപാലന സംഘം ചെയ്യേണ്ടതെന്നും മാര്‍പാപ്പ വിശദീകരിച്ചു.