News - 2024

ക്രിസ്തീയ വിശ്വാസം തങ്ങളുടെ മക്കള്‍ക്കു പകര്‍ന്നു നല്‍കണമെന്ന് ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ മൂന്നിലൊന്ന് മാത്രം

സ്വന്തം ലേഖകന്‍ 05-11-2016 - Saturday

ലണ്ടന്‍: തങ്ങളുടെ ക്രിസ്തീയ വിശ്വാസം മക്കളും ഏറ്റുപറയുമെന്ന് 36 ശതമാനം മാതാപിതാക്കള്‍ മാത്രമാണ് വിശ്വസിക്കുന്നതെന്ന് പഠന ഫലം. മൂന്നിലൊന്നു മാതാപിതാക്കള്‍ മാത്രമാണ് കുട്ടികളിലേക്ക് തങ്ങളുടെ വിശ്വാസം പകര്‍ന്നു നല്‍കുന്നത്. 'ദ ക്രിസ്ത്യന്‍ തിങ്ക് താങ്ക് തിയോസ്' എന്ന ഏജന്‍സി തയാറാക്കിയ പഠനത്തില്‍ ക്രിസ്ത്യന്‍ എത്തിക്‌സ് അറ്റ് ലണ്ടന്‍ സ്‌കൂള്‍ ഓഫ് തിയോളജിയിലെ വിസിറ്റിംഗ് പ്രഫസറും, എഴുത്തുകാരനുമായ ഓല്‍വൈന്‍ മാര്‍ക്ക് വിഷയത്തില്‍ നടത്തിയിരിക്കുന്ന നിരീക്ഷണം ഏറെ ശ്രദ്ധേയമാണ്. മാതാപിതാക്കളുടെ താല്‍പര്യമില്ലായ്മയാണ് ഇത്തരമൊരു അവസ്ഥ സൃഷ്ടിച്ചതെന്ന് അദ്ദേഹം ചൂണ്ടികാണിക്കുന്നു.

വിവിധ കാരണങ്ങളാണ് തങ്ങളുടെ കുട്ടികളെ വിശ്വാസത്തില്‍ നിന്നും മാറ്റി നിര്‍ത്തുവാനായി മാതാപിതാക്കള്‍ പറയുന്നത്. ഇതില്‍ ഏറ്റവും പ്രധാനമായ കാരണമായി ഓല്‍വൈന്‍ മാര്‍ക്ക് പരാമര്‍ശിച്ചതു 'മാതാപിതാക്കളുടെ താല്‍പര്യമില്ലായ്മ' തന്നെയാണ്. തങ്ങളുടെ മക്കള്‍ ദൈവവിശ്വാസികളാണെന്ന കാര്യം കുട്ടികളുടെ കൂടെ പഠിക്കുന്ന സഹപാഠികള്‍ അറിയുമ്പോള്‍ നേരിടേണ്ടി വരുന്ന ഒറ്റപ്പെടുത്തലുകളും, കളിയാക്കലുകളും ഭയന്നാണ് കുട്ടികളിലേക്ക് വിശ്വാസം പകര്‍ന്നു നല്‍കാത്തതെന്ന് ഒരു സംഘം വെളിപ്പെടുത്തുന്നു.

കുട്ടികളില്‍ ഏറെ സ്വാധീനം സൃഷ്ടിക്കുന്ന സാമൂഹിക മാധ്യമങ്ങള്‍ ആയിരിക്കും അവരുടെ വിശ്വാസത്തെ രൂപപ്പെടുത്തുന്നതെന്നും, ഇതിനാല്‍ തന്നെ തങ്ങളുടെ പരിശീലനങ്ങളെ അപേക്ഷിച്ച് അവര്‍ക്ക് ഗുണം ചെയ്യുന്നത് ഇത്തരം മാധ്യമങ്ങളിലൂടെ സ്വീകരിക്കുന്ന അറിവായിരിക്കുമെന്നും മറ്റൊരു വിഭാഗം പറയുന്നു. മാസത്തില്‍ ഒരിക്കല്‍ മാത്രം ദേവാലയത്തില്‍ പോകുന്ന മാതാപിതാക്കളോട് വിശ്വാസത്തെ പറ്റി ആരാഞ്ഞപ്പോള്‍, 69 ശതമാനം പേരും പറഞ്ഞത് തങ്ങളുടെ കുട്ടികള്‍ ക്രിസ്തീയ വിശ്വാസം ഏറ്റുപറയുമെന്നാണ്.

നാല്‍പതില്‍ അധികം വര്‍ഷങ്ങളായി യുഎസ്, യുകെ, ഓസ്‌ട്രേലിയ തുടങ്ങിയ സ്ഥലങ്ങളില്‍ നടത്തിയ 54 സര്‍വ്വേകളുടെ ഫലങ്ങള്‍ ഏകോപിപ്പിച്ചാണ് പുതിയ പഠനം നടത്തിയിരിക്കുന്നത്. തങ്ങളുടെ വിശ്വാസം കുട്ടികളിലേക്ക് പകര്‍ന്നു നല്‍കണമെന്ന് അഭിപ്രായപ്പെട്ട മാതാപിതാക്കള്‍, അതിനു പറഞ്ഞ കാരണം അവരുടെ തന്നെ വിശ്വാസത്തിന്റെ പ്രതിഫലനം കൂടിയാണ്. തങ്ങള്‍ അറിഞ്ഞ സത്യദൈവത്തെ തങ്ങളുടെ അടുത്ത തലമുറയും അറിയണം എന്നതിനാലാണ് ക്രൈസ്തവ വിശ്വാസം തലമുറകളിലേക്ക് കൈമാറുന്നതെന്ന് ഇവര്‍ പറയുന്നു.


Related Articles »