News - 2024

കുരിശിനെ അപമാനിക്കുവാനും ക്രൈസ്തവരില്‍ ഭീതിപടര്‍ത്തുവാനും പുതിയ ശ്രമവുമായി ഐഎസ്

സ്വന്തം ലേഖകന്‍ 07-11-2016 - Monday

ബാഗ്ദാദ്: ഐഎസ് തീവ്രവാദികള്‍ നടത്തുന്ന ക്രൂരകൃത്യങ്ങള്‍ ലോകത്തിലെ ഭൂരിഭാഗം ആളുകള്‍ക്കും അറിവുള്ള വസ്തുതയാണ്. പ്രാകൃതവും, ഹീനവുമായ തരത്തിലാണ് ഐഎസ് മനുഷ്യരെ കൊലപ്പെടുത്തുന്നത്. ഇത്തരത്തില്‍ കൊല്ലുന്നവരുടെ ദൃശ്യങ്ങള്‍, അവര്‍ വ്യാപകമായി ഇന്റര്‍നെറ്റിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍, അടുത്തിടെയായി പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ അവര്‍ ക്രൂശീകരണത്തിലൂടെ പലരേയും കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. ഇതിനു പിന്നില്‍ വിവിധങ്ങളായ ഉദ്ദേശങ്ങളാണ് ഐ‌എസിനുള്ളത്.

ക്രൈസ്തവ ഭൂരിപക്ഷമുള്ള പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഇത്തരം ഒരു പ്രവര്‍ത്തിയിലൂടെ ഭീതി വളര്‍ത്തിയെടുക്കാം എന്നതാണ് ഐഎസ് ലക്ഷ്യമിടുന്ന അജണ്ടകളില്‍ ഒന്ന്. കുരിശിലൂടെയാണ് യേശുക്രിസ്തു മനുഷ്യര്‍ക്ക് രക്ഷ നല്‍കിയത്. ഇതിനാല്‍ തന്നെ ക്രൈസ്തവര്‍ക്ക് കുരിശ് രക്ഷയുടെ പ്രതീകമാണ്. ഇതേ ക്രൂശില്‍ ക്രൈസ്തവരായ ആളുകളെ കൊലപ്പെടുത്തുമ്പോള്‍ മാനസികമായി അതിനെ ഉള്‍ക്കൊള്ളുവാന്‍ ആളുകള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകും. ഈ സാധ്യതയെയാണ് ഐഎസ് ഹീനമായ പ്രവര്‍ത്തിയിലൂടെ മുതലെടുക്കുന്നത്.

ഒരു തടവുകാരനെ ക്രൂശില്‍ കയറ്റിയ ശേഷം വെടിവച്ചു കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ അടുത്തിടെ ഐഎസ് പുറത്തുവിട്ടിരുന്നു. സിറിയയിലെ ചൂടേറിയ കാലാവസ്ഥയില്‍ ക്രൂശില്‍ പരസ്യമായി ആളുകളെ തറയ്ക്കുന്നതിലൂടെ തീവ്രമായ വേദനയാണ് ക്രൂശിക്കപ്പെട്ടുന്നവര്‍ക്ക് ഐഎസ് നല്‍കുന്നത്. പരസ്യമായി ക്രൂശിക്കുന്നതിലൂടെ, പൊതുജനങ്ങളെ ഇത്തരം പ്രവര്‍ത്തികള്‍ കാണിച്ച് ഭയപ്പെടുത്തുവാനും ഐഎസ് ശ്രമിക്കുന്നു. കുരിശില്‍ തറച്ച ശേഷം കത്തികൊണ്ട് പലവട്ടം കുത്തുന്ന വീഡിയോകളും ഐഎസ് പുറത്തുവിട്ടിട്ടുണ്ട്.

ക്രിസ്തു ജീവിച്ചിരുന്ന ജോര്‍ദാന്‍, ഇസ്രായേല്‍, പാലസ്തീന്‍ തുടങ്ങിയ പ്രദേശങ്ങള്‍ മുന്‍ കാലത്ത് ക്രൈസ്തവരായ ഭരണാധികാരികളായിരുന്നു ഭരിച്ചിരുന്നത്. പിന്നീട് പലപ്പോഴായി മുസ്ലീം വിശ്വാസികളുടെ കൈകളിലേക്ക് ഇത് വഴുതി വീഴുകയായിരുന്നു. പല സമയങ്ങളിലും തങ്ങളുടെ പൂര്‍വ്വീകരുടെ പ്രദേശം തിരികെ പിടിക്കുവാന്‍ ക്രൈസ്തവര്‍ക്ക് സാധിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങളെ മുന്‍നിര്‍ത്തി ക്രൈസ്തവരെ വെറുപ്പോടെ കാണുകയും, രക്ഷയുടെ അടയാളമായ ക്രൂശിനെ ദുരുപയോഗം ചെയ്യുകയുമാണ് ഐഎസ്.

അടുത്തിടെ പന്ത്രണ്ടു വയസുള്ള കുട്ടി ഉള്‍പ്പെടെയുള്ള 12 പേരെ ഐഎസ് ക്രൂശിച്ചിരുന്നു. സ്വന്തം പിതാവിന്റെ മുന്നിലിട്ടാണ് പന്ത്രണ്ടുകാരന്‍ ബാലനെ തീവ്രവാദികള്‍ കുരിശില്‍ തറച്ചു കൊലപ്പെടുത്തിയത്. കുട്ടിയുടെ മരണം കണ്ടു നിന്ന പിതാവിനേയും പിന്നീട് ഐഎസ് ക്രൂശിലേറ്റി കൊന്നു. പന്ത്രണ്ടു പേരുടെ സംഘത്തില്‍ രണ്ടു സ്ത്രീകളും ഉള്‍പ്പെട്ടിരുന്നതായി 'മിറര്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. 2014 മുതല്‍ ഐഎസ് ക്രൂശീകരണമെന്ന ശിക്ഷയിലൂടെ നിരവധി ക്രൈസ്തവരെ കൊലപ്പെടുത്തിയിട്ടുണ്ട്.

സിഎന്‍എന്‍ റിപ്പോര്‍ട്ട് പ്രകാരം സിറിയയില്‍ മാത്രം ഒന്‍പതു പുരുഷന്‍മാരെ ഐഎസ് കുരിശില്‍ തറച്ചു കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്ക്. ഇത്തരത്തില്‍ കൊലപ്പെടുത്തുന്നവരെ പരസ്യമായി വിവിധ സ്ഥലങ്ങളില്‍ അവര്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു. സഹനങ്ങള്‍ തുടര്‍ച്ചയായി സ്വീകരിക്കേണ്ടി വരുമ്പോഴും സത്യദൈവത്തിലുള്ള വിശ്വാസം ഏറ്റുപറഞ്ഞു കൊണ്ട് മരണത്തെ സന്തോഷപൂര്‍വ്വം സ്വീകരിക്കാന്‍ ക്രൈസ്തവര്‍ തയാറാകുന്നുവെന്നത് ശ്രദ്ധേയമാണ്.


Related Articles »