News - 2024

അല്‍ബേനിയയിലെ 38 രക്തസാക്ഷികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു

സ്വന്തം ലേഖകന്‍ 07-11-2016 - Monday

ഷ്‌കോഡര്‍: 1945 നും 1974-നും മധ്യേ രക്തസാക്ഷിത്വം വഹിച്ച 38 അല്‍ബേനിയന്‍ സ്വദേശികളെ സഭ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. വടക്കുപടിഞ്ഞാറന്‍ അല്‍ബേനിയന്‍ നഗരമായ ഷ്‌കോഡറിലെ സെന്റ് സ്റ്റീഫന്‍സ് കത്തീഡ്രല്‍ ദേവാലയത്തിലാണ് ചടങ്ങുകള്‍ നടന്നത്. നാമകരണ നടപടികളുടെ വത്തിക്കാന്‍ സമിതിയുടെ അധ്യക്ഷന്‍ കര്‍ദിനാള്‍ ആഞ്ചെലോ അമാര്‍ത്തോ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു.

നിരവധി ബിഷപ്പുമാരും കര്‍ദിനാളുമാരും പങ്കെടുത്ത ചടങ്ങില്‍ ഇരുപതിനായിരത്തില്‍ അധികം വിശ്വാസികളും സന്നിഹിതരായിരിന്നു. വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തപ്പെട്ടവരില്‍ ഒരു ആര്‍ച്ച് ബിഷപ് ഉള്‍പ്പടെ 2 മെത്രാന്മാര്‍, 21 രൂപതാ വൈദികര്‍, 7 ഫ്രാന്‍സിസ്‌ക്കന്‍ വൈദികര്‍, 3 ഈശോസഭ വൈദികര്‍, നാല് അല്മായര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു.

1945-നും 1974-നും മധ്യേ അല്‍ബേനിയന്‍ കമ്യൂണിസ്റ്റ് സ്വേച്ഛാധിപതിയായിരുന്ന എന്‍ഫര്‍ ഹോക്‌സാസിന്റെ പട്ടാളമാണ്, ക്രൈസ്തവരെ കൂട്ടക്കൊല ചെയ്തത്. 1967-ല്‍ എന്‍ഫര്‍, അല്‍ബേനിയായില്‍ മത വിശ്വാസം നിരോധിച്ചിരുന്നു. ക്രൈസ്തവ നേതാക്കന്‍മാരും പുരോഹിതരുമുള്‍പ്പെടെ നിരവധി പേര്‍ തങ്ങളുടെ വിശ്വാസത്തെ പ്രതി രക്തസാക്ഷിത്വം വഹിച്ച രാജ്യമാണ് അല്‍ബേനിയ. 2014-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അല്‍ബേനിയന്‍ തലസ്ഥാനമായ ടിറാന സന്ദര്‍ശിച്ചപ്പോള്‍ 38 രക്തസാക്ഷികളുടെ കൂറ്റന്‍ പോസ്റ്ററുകള്‍ സ്ഥാപിച്ചാണ് പിതാവിനെ വിശ്വാസഗണം വരവേറ്റത്.

അടുത്തിടെ കര്‍ദിനാളായി നിയമിതനായ ഏര്‍ണെസ്റ്റ് സിമോണിയാണ് പത്ത് രക്തസാക്ഷികളുടെ തിരുശേഷിപ്പ് അടങ്ങുന്ന പേടകം പ്രധാന വേദിയിലേക്ക് വഹിച്ചത്. "ഇന്ന് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെടുന്ന ഈ 38 പേര്‍ക്കും ദൈവം അര്‍ഹമായ പ്രതിഫലമാണ് നല്‍കിയിരിക്കുന്നത്. അവര്‍ സ്വന്തം ജീവിതത്തില്‍ പാവങ്ങളെ ശുശ്രൂഷിച്ചവരായിരുന്നു. ഇപ്പോള്‍ ഇവര്‍ നമ്മള്‍ക്കും, ലോകം മുഴുവനും ഒരു അനുഗ്രഹമായി തീര്‍ന്നിരിക്കുന്നു". കര്‍ദിനാള്‍ ഏര്‍ണെസ്റ്റ് സിമോണി പറഞ്ഞു.

അല്‍ബേനിയന്‍ കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ കൊടിയ പീഡനങ്ങള്‍ ഏറ്റുവാങ്ങിയ വ്യക്തികൂടിയാണ് കര്‍ദിനാള്‍ ഏര്‍ണസ്റ്റ് സിമോണി. കൊലയാളികള്‍ ഇരുട്ടിലെ നിഴലുകള്‍ പോലെ അപ്രത്യക്ഷമായപ്പോള്‍ രക്തസാക്ഷികള്‍ ഇന്നും ഓര്‍മ്മിക്കപ്പെടുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യേശുവിന് ജയാഘോഷം മുഴുക്കിയാണ് ക്രൈസ്തവര്‍ മരണത്തെ പുല്‍കിയത്. അല്‍ബേനിയയുടെ തലസ്ഥാനം ടിരാന ആണെങ്കിലും അവിടെ നിന്നും 120 കിലോമീറ്റര്‍ വടക്കുമാറി സ്ഥിതി ചെയ്യുന്ന ഷ്‌കോഡറില്‍ ചടങ്ങുകള്‍ നടത്തിയതിനു പിന്നില്‍ ചരിത്രപരമായ ഒരു കാരണം കൂടിയുണ്ടെന്നത് ശ്രദ്ധേയമാണ്. 1990-ല്‍ കമ്യൂണിസ്റ്റ സര്‍ക്കാരിന്റെ പതനത്തിന് ശേഷം ആദ്യമായി വിശുദ്ധ കുര്‍ബാന പരസ്യമായി അര്‍പ്പിക്കപ്പെട്ടത് ഷ്‌കോഡറില്‍ വച്ചാണ്. കൊല്‍ക്കത്തയുടെ വിശുദ്ധ തെരേസയുടെ ജന്മസ്ഥലവും അല്‍ബേനിയയാണ്.


Related Articles »