News - 2024
വത്തിക്കാനിലെ കരുണയുടെ കവാടങ്ങള്‍ ഞായറാഴ്ച അടയ്ക്കും
സ്വന്തം ലേഖകന്‍ 08-11-2016 - Tuesday
വത്തിക്കാന്‍: കരുണയുടെ ജൂബിലി വര്‍ഷം തുറക്കപ്പെട്ട വിശുദ്ധ വാതിലുകള്‍ ഈ മാസം 13-ാം തീയതി ഞായറാഴ്ചയോടെ അടയ്ക്കും. റോമിലെ പ്രധാനപ്പെട്ട മൂന്നു ബസലിക്കകളില്‍ തുറന്നിട്ടുള്ള കരുണയുടെ വാതിലുകളാണ് അടുത്ത ഞായറാഴ്ചയോടെ അടയ്ക്കപ്പെടുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച കരുണയുടെ ജൂബിലി വര്‍ഷം സമാപിക്കുവാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ലക്ഷക്കണക്കിനു വിശ്വാസികളാണ് കരുണയുടെ ഈ അസാധാരണ വര്‍ഷത്തില്‍ വിശുദ്ധ വാതിലുകളിലൂടെ പ്രവേശിച്ചത്.
സെന്റ് പോള്‍ ബസലിക്കയിലെ കരുണയുടെ വിശുദ്ധ വാതില്‍ ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് നടക്കുന്ന സന്ധ്യാപ്രാര്‍ത്ഥനകള്‍ക്കും വിശുദ്ധ കുര്‍ബാനയ്ക്കും ശേഷമാണ് അടയ്ക്കുക. അഞ്ചരയ്ക്കു നടക്കുന്ന പ്രാര്‍ത്ഥനയ്ക്കു ശേഷം സെന്റ് ജോണ്‍ ലാറ്ററന്‍ ബസലിക്കയിലെ കരുണയുടെ വാതിലും അടയ്ക്കും. സെന്റ് മേരീസ് മേജര്‍ ബസലിക്കയിലെ വിശുദ്ധ വാതില്‍ വൈകുന്നേരം ആറുമണിക്കാണ് അടയ്ക്കുക.
ക്രിസ്തുരാജ തിരുനാളായ ഈ മാസം 20-ാം തീയതി വരെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലെ കരുണയുടെ വാതില്‍ തുറന്നിരിക്കും. നവംബര്‍ 20-ാം തീയതി ഞായറാഴ്ചയാണ് കരുണയുടെ ജൂബിലി വര്‍ഷം അവസാനിക്കുന്നത്. അന്നേ ദിവസം സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലെ വിശുദ്ധ വാതിലും അടയ്ക്കപ്പെടും. പ്രാര്‍ത്ഥിച്ചു ഒരുങ്ങി കരുണയുടെ വാതിലിലൂടെ പ്രവേശിക്കുന്നവര്‍ക്ക് ഫ്രാന്‍സിസ് പാപ്പ ദണ്ഡവിമോചനം വാഗ്ദാനം ചെയ്തിരിന്നു.