News - 2024

ക്രൈസ്തവ വിശ്വാസികളുടെ വോട്ട് ഡൊണാള്‍ഡ് ട്രംപിനു: എക്‌സിറ്റ് പോള്‍ ഫലം

സ്വന്തം ലേഖകന്‍ 10-11-2016 - Thursday

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ക്രൈസ്തവ വിശ്വാസികള്‍ വോട്ട് ചെയ്തത് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനാണെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. 'ദ ന്യൂയോര്‍ക്ക് ടൈംസ്' ദിനപത്രമാണ് ഇതു സംബന്ധിക്കുന്ന എക്‌സിറ്റ് പോള്‍ ഫലം കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. 52 ശതമാനം കത്തോലിക്കരുടെ വോട്ട് നേടുവാന്‍ ട്രംപിനായെന്ന് ഫലങ്ങള്‍ പറയുന്നു. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ ഹിലരി ക്ലിന്‍റണിന് 45 ശതമാനം കത്തോലിക്കരുടെ വോട്ടു നേടുവാന്‍ സാധിച്ചു.

പ്രൊട്ടസ്റ്റന്റ് വിശ്വാസികളുടെയും, മറ്റുള്ള ക്രൈസ്തവരുടെയും ഭൂരിഭാഗം വോട്ടുകളും പിടിച്ചടക്കാനും ട്രംപിന് കഴിഞ്ഞു. ഈ വിഭാഗത്തില്‍ നിന്നുള്ള 58 ശതമാനം പേരുടെ വോട്ടുകളാണ് ട്രംപ് നേടിയത്. പ്രൊട്ടസ്റ്റന്‍റ് വിഭാഗത്തിലെ 39 ശതമാനം പേരുടെ പിന്‍തുണ മാത്രമാണ് ഹിലരിക്ക് നേടുവാന്‍ കഴിഞ്ഞത്. എന്നാല്‍ അമേരിക്കയിലെ ജൂതര്‍ മറിച്ചാണ് വോട്ട് ചെയ്തത്. 71 ശതമാനം ജൂതരും ഹിലരിയെ ആണ് പിന്‍തുണച്ചത്. 24 ശതമാനം ജൂത വിശ്വാസികള്‍ മാത്രമാണ് ട്രംപിനോട് കൂടെ നിന്നത്.

2012-ലെ തെരഞ്ഞെടുപ്പില്‍ ബറാക്ക് ഒബാമ 50 ശതമാനം കത്തോലിക്ക വിശ്വാസികളുടെ വോട്ടുകള്‍ നേടിയിരുന്നു. ഒബാമയെ അപേക്ഷിച്ച് അഞ്ചു പോയിന്റുകള്‍ കൂടുതലാണ് ട്രംപിന്റെ കത്തോലിക്ക വോട്ടുകള്‍ എന്നാണ് കണക്കുകള്‍ പറയുന്നത്. 2012-ല്‍ ഒബാമയ്ക്ക് കത്തോലിക്ക വിഭാഗത്തില്‍ 2 പോയിന്റ് ലഭിച്ചപ്പോള്‍, ട്രംപിന് ഈ വട്ടം ലഭിച്ചത് ഏഴു പോയിന്റുകളാണ്.

സ്ഥിരമായി ദേവാലയങ്ങളില്‍ ആരാധനയ്ക്കു പോകുന്നവരുടെയും വോട്ടുകള്‍ ഹിലാരിയെ അപേക്ഷിച്ച് ട്രംപിനാണ് കൂടുതലായും ലഭിച്ചത്. ദേവാലയത്തില്‍ തങ്ങള്‍ പോകാറെയില്ലെന്നു പറഞ്ഞവരില്‍ 62 ശതമാനം പേരും ഹിലരിക്കാണ് വോട്ട് ചെയ്തത്. ഈ വിഭാഗത്തില്‍ ട്രംപിന് 31 ശതമാനം വോട്ടുകള്‍ മാത്രമാണു നേടുവാന്‍ സാധിച്ചത്. എക്സിറ്റ് പോള്‍ ഫലത്തില്‍ പറയുന്നു.


Related Articles »