News - 2024
വത്തിക്കാന്റെ നിയമനത്തെ അംഗീകരിച്ച് ചൈന: ചാങ്‌സി രൂപതയുടെ മെത്രാനായി പീറ്റര്‍ ഡിംങ് ലിംങ്ബിന്‍ അഭിഷിക്തനായി
സ്വന്തം ലേഖകന്‍ 11-11-2016 - Friday
ബെയ്ജിംഗ്: ചാങ്‌സി രൂപതയുടെ മെത്രാനായി മോണ്‍സിഞ്ചോര്‍ പീറ്റര്‍ ഡിംങ് ലിംങ്ബിന്‍ അഭിഷിക്തനായി. വത്തിക്കാനില്‍ നിന്നുമുള്ള പീറ്റര്‍ ഡിംങ് ലിംങ്ബിനിന്റെ നിയമനം ചൈനീസ് സര്‍ക്കാരും ഔദ്യോഗികമായി അംഗീകരിച്ചതിനെ തുടര്‍ന്നാണ് ചാങ്‌സി രൂപതയ്ക്ക് പുതിയ ബിഷപ്പിനെ ലഭിച്ചത്.
ചാങ്‌സിയിലെ തിരുഹൃദയ ദേവാലയത്തില്‍ നടന്ന മെത്രാഭിഷേക ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കുവാനായി രണ്ടായിരത്തില്‍ അധികം വിശ്വാസികള്‍ എത്തിചേര്‍ന്നിരിന്നു. ബെയ്ജിംഗ് ആര്‍ച്ച് ബിഷപ്പ് ജിയൂസീപി ലീ ഷാന്‍ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു.
2013-ല്‍ തന്നെ ബിഷപ്പ് പീറ്റര്‍ ഡിംങ് ലിംങ്ബിന്നിനെ ചാങ്‌സി രൂപതയുടെ അധ്യക്ഷനായി വത്തിക്കാന്‍ തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടം ഇതിന് അനുമതി നല്‍കിയിരുന്നില്ല. ഇതേ തുടര്‍ന്ന് ബിഷപ്പിന്റെ സ്ഥാനാരോഹണം വൈകുകയായിരുന്നു. ക്രൈസ്തവരെ കൂടാതെ അക്രൈസ്തവവരും സ്ഥാനാരോഹണ ശുശ്രൂഷകള്‍ക്കു സാക്ഷ്യം വഹിക്കുവാന്‍ എത്തിയിരുന്നു. ശക്തമായ സുരക്ഷയാണ് പ്രദേശത്ത് ഒരുക്കിയത്.
ചൈനയിലെ വിവിധ രൂപതകളില്‍ നിന്നുള്ള ബിഷപ്പുമാരും, വൈദികരും, കന്യാസ്ത്രീകളും ചടങ്ങുകള്‍ നേരില്‍ കാണുവാന്‍ എത്തി. ചടങ്ങുകളുടെ സമാപനവേളയില്‍ നവാഭിഷിക്തനായ ബിഷപ്പ് പീറ്റര്‍ ഡിംങ് എല്ലാവരോടും തന്റെ നന്ദി അറിയിച്ചു. ബിഷപ്പുമാരുടെ നിയമനകാര്യത്തില്‍ ചൈനീസ് സര്‍ക്കാരും, വത്തിക്കാനും തമ്മില്‍ ധാരണയിലെത്തി എന്ന്‍ റിപ്പോര്‍ട്ടുണ്ടായിരിന്നു. ഇതിന് കൂടുതല്‍ ശക്തി നല്‍കുകയാണ് പുതിയ ബിഷപ്പിന്റെ നിയമനം.
ചാങ്‌സി രൂപതയിലെ ബിഷപ്പിന്റെ സ്ഥാനാരോഹണത്തിനു ശേഷം ചെങ്ഡു രൂപതയിലേക്കും പുതിയ ബിഷപ്പിനെ വത്തിക്കാനില്‍ നിന്നും നിയമിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. അതേ സമയം ചൈനീസ് സർക്കാർ നിയമിച്ച ബിഷപ്പുമാര്‍ക്ക് വത്തിക്കാനില്‍ നിന്നും പുതിയ ധാരണപ്രകാരം അംഗീകാരം നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇത് വരെ ഔദ്യോഗിക സ്ഥിതീകരണം ഉണ്ടായിട്ടില്ല.