News - 2024
ദൈവരാജ്യത്തിന് വേണ്ടി സ്വജീവിതം സമര്‍പ്പിച്ച് ഇന്ത്യാനപോളിസ് അതിരൂപതയിലെ മൂന്ന്‍ സഹോദര ജോഡികള്‍
സ്വന്തം ലേഖകന്‍ 12-11-2016 - Saturday
ഇന്ത്യാനപോളിസ്: യുഎസിലെ ഇന്ത്യാനപോളിസ് അതിരൂപത മറ്റ് രൂപതകള്‍ക്ക് മുന്നില്‍ വലിയൊരു ഒരു പ്രത്യേകതയാണ്. ദൈവരാജ്യ മഹത്വത്തിന് വേണ്ടി സഹോദരങ്ങളായ മൂന്നു ജോഡി വൈദികരാണ് ഇന്ത്യാനപോളിസ് അതിരൂപതയില്‍ നിന്ന്‍ തിരുപട്ടം സ്വീകരിച്ചത്. 2009 ജൂണ്‍ മാസം 25-ന് ഫാദര്‍ ആന്റണി ഹോളോവെല്‍ കൂടി വൈദികനായി തിരുപട്ടം സ്വീകരിച്ചതോടെയാണ് ഈ അപൂര്‍വ്വ അനുഗ്രഹത്തിന് അതിരൂപത അര്‍ഹമായത്. ഫാദര്‍ ആന്റണിയുടെ സഹോദരന്‍ ജോണ്‍ ഹോളോവെല്‍ മുമ്പേ വൈദികനായി സഭയുടെ അജപാലന ദൗത്യത്തിലേക്ക് പ്രവേശിച്ചിരുന്നു.
ഫാദര്‍ ആഡ്രൂ സിബര്‍ഗ്, ഫാദര്‍ ബഞ്ചമിന്‍ സിബര്‍ഗ് എന്നീ സഹോദരന്‍മാരും, ഫാദര്‍ ഡോങ്, ഫാദര്‍ ഡേവിഡ് എന്നിവരുമാണ് അതിരൂപതയില്‍ സേവനം ചെയ്യുന്ന മറ്റു രണ്ടു സഹോദര ജോഡികള്‍. സഹോദരനായ ആന്റണി ഹോളോവെല്‍ കൂടി വൈദികനായ നിമിഷത്തെ സ്വര്‍ഗീയ ഭാഗ്യമെന്നാണ് ഫാദര്‍ ജോണ്‍ വിശേഷിപ്പിക്കുന്നത്. കുട്ടിക്കാലത്ത് പരസ്പരം ഗുസ്തിപിടിച്ചിരുന്നതും, കളികളില്‍ ഏര്‍പ്പെട്ടിരുന്നതുമെല്ലാം ഇരുവരും വാര്‍ത്ത എജന്‍സിയായ സിഎന്‍എസിന് മുന്നില്‍ മനസ്സ് തുറന്നു.
ഫാദര്‍ ഡോങും, സഹോദരനായ ഫാദര്‍ ഡേവിഡും തമ്മില്‍ രണ്ടു വയസിന്റെ വ്യത്യാസം മാത്രമാണുള്ളത്. ഇവര്‍ക്ക് മറ്റു സഹോദരങ്ങള്‍ ഇല്ല. തങ്ങളുടെ മാതാപിതാക്കളോടൊപ്പം വിശുദ്ധ അഗസ്റ്റിന്റെ ദേവാലയത്തിലും, തിരുഹൃദയ ദേവാലയത്തിലും അനുദിനം വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത കാര്യം ഇരുവരും സ്മരിക്കുന്നു. കുട്ടിക്കാലത്ത് തങ്ങളും പരസ്പരം വഴക്കുകള്‍ ഉണ്ടാക്കിയിരുന്നതായും വീട്ടിലെ പല കുസൃതിത്തരങ്ങള്‍ക്കും തങ്ങള്‍ പങ്കാളികളായിരുന്നുവെന്നും ഇവര്‍ പറഞ്ഞു.
ഫാദര്‍ ആഡ്രൂവും, ഫാദര്‍ ബഞ്ചമിനും സെന്റ് മിനാര്‍ഡ് സെമിനാരിയില്‍ ഒരേ ക്ലാസില്‍ തന്നെയാണ് പഠിച്ചിരുന്നത്. സെമിനാരി ക്ലാസിലെ ഏറ്റവും ഒടുവിലത്തെ ബഞ്ചില്‍ ഇരുന്ന് തങ്ങള്‍ പറഞ്ഞ കളി തമാശകള്‍ ഈ വൈദിക സഹോദരങ്ങളും സിഎന്‍എസ് റിപ്പോര്‍ട്ടര്‍ക്ക് മുന്നില്‍ പുഞ്ചിരിയോടെ തുറന്ന്‍ പറഞ്ഞു,
സഹോദരങ്ങളായ ഈ വൈദികര്‍ ഒരേ സ്വരത്തില്‍ പറയുന്ന ചില കാര്യങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. തങ്ങളെ ദൈവീക ശുശ്രൂഷകളുടെ പങ്കുകാരാക്കി മാറ്റിയത് മാതാപിതാക്കള്‍ നല്‍കിയ ആദ്ധ്യാത്മിക പാഠങ്ങളാണെന്ന് ഇവര്‍ പറയുന്നു. ദേവാലയത്തിലെ ആരാധനയ്ക്ക് മുടക്കം കൂടാതെ സംബന്ധിക്കുന്നതിനും, വിശുദ്ധ ബലിയില്‍ പങ്കെടുക്കുന്നതിനും മാതാപിതാക്കള്‍ തങ്ങളെ എല്ലായ്പ്പോഴും ഉപദേശിച്ചിരുന്നതായും ഇവര്‍ അനുസ്മരിച്ചു.
ഓരോരുത്തരും തങ്ങളുടെ വിളിയും, തെരഞ്ഞെടുപ്പും മനസിലാക്കുന്നത് സ്വഭവനത്തില്‍ നിന്നുമാണെന്നും വൈദികര്‍ ചൂണ്ടികാണിക്കുന്നു. വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്നവരും, വൈദികരായി മാറുന്നവരും തങ്ങളുടെ ജീവിതത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നത് സ്വന്തം കുടുംബങ്ങളില്‍ നിന്നും ലഭിച്ച വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണെന്നും വൈദികര്‍ ആറു പേരും ഒരുപോലെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഈ അനുഭവത്തിന്റെ പ്രത്യക്ഷ സാക്ഷികളായി ഇന്ത്യാനപോളിസ് അതിരൂപതയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചു കൊണ്ട് മുന്നേറുകയാണ് ഈ സഹോദര വൈദികര്‍.