India

പിന്നോക്ക വിഭാഗത്തിന്റെ ക്ഷേമത്തിന് വേണ്ടി ജീവിതം സമര്‍പ്പിച്ച ഫാ. സാബു മലയില്‍ അന്തരിച്ചു

സ്വന്തം ലേഖകന്‍ 24-11-2016 - Thursday

കാലടി: ആദിവാസികളുടെയും അന്യസംസ്ഥാനക്കാരുടെയും ക്ഷേമത്തിനായി ജീവിതം സമര്‍പ്പിച്ച ഈശോ സഭ വൈദികന്‍ ഫാ. സാബു മലയില്‍ (55) അന്തരിച്ചു. ആലപ്പുഴ തത്തംപിള്ളി മലയില്‍ ലില്ലിക്കുട്ടിയുടെയും പരേതനായ ജോര്‍ജിന്റെയും മകനാണ്. പരിയാരം, അട്ടപ്പാടി, വയനാട് തുടങ്ങിയ സ്ഥലങ്ങളിലെ പിന്നാക്ക മേഖലകളിലും ആദിവാസികള്‍ക്കിടയിലുമായിരുന്നു അദ്ദേഹം തന്റെ ശുശ്രൂഷ മേഖല ധന്യമാക്കിയത്.

അന്യസംസ്ഥാനക്കാരുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുകയും അവരുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുകയും ചെയ്ത അദ്ദേഹം കാലടി ആസ്ഥാനമാക്കി 'ജീവിക' എന്ന പ്രസ്ഥാനം ആരംഭിച്ചു. പെരുമ്പാവൂരിലെ പ്ലൈവുഡ് നിര്‍മ്മാണശാലയില്‍ ഉണ്ടായ അപകടത്തില്‍ മരിച്ച അന്യസംസ്ഥാന തൊഴിലാളിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നേടിക്കൊടുത്തതായിരുന്നു 'ജീവിക'യുടെ ശ്രദ്ധേയമായ നേട്ടം.

ഇന്ന്‍ മൂന്ന് മണിക്ക് കോഴിക്കോട് മലാപ്പറമ്പിലുള്ള ക്രൈസ്റ്റ് ഹാള്‍ സെമിത്തേരിയില്‍ നടക്കുന്ന മൃതസംസ്കാര ശുശ്രൂഷകള്‍ക്ക് കോഴിക്കോട് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.