News - 2024
പാകിസ്ഥാനില്‍ ക്രൈസ്തവ ദമ്പതികളെ ചുട്ടുകരിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ
സ്വന്തം ലേഖകന്‍ 24-11-2016 - Thursday
ലാഹോര്‍: ക്രൈസ്തവ ദമ്പതിമാരെ വ്യാജ മതനിന്ദാകുറ്റത്തിന്റെ പേരില്‍ ചുട്ടുകരിച്ചു കൊലപ്പെടുത്തിയ കേസില്‍, അഞ്ചു പ്രതികള്‍ക്ക് ലാഹോര്‍ കോടതി വധശിക്ഷ വിധിച്ചു. 103 പേര്‍ വിചാരണ നേരിട്ട കേസില്‍ എട്ടു പേരെ രണ്ടു വര്‍ഷം കഠിന തടവിനും കോടതി ശിക്ഷിച്ചിട്ടുണ്ട്. 90 പേരെ കോടതി വെറുതെ വിട്ടു. 2014-ല്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇസ്ലാം മതഗ്രന്ഥമായ ഖുറാന്റെ പേജുകള്‍ കത്തിച്ചുവെന്ന് ആരോപിച്ചാണ് ഷഹ്‌സാദ് മശീഹ്, ഷാമാ ബിബി എന്നീ നിരക്ഷരരായ ക്രൈസ്തവ ദമ്പതികളെ ജനകൂട്ടം മര്‍ദിച്ച് അവശരാക്കിയ ശേഷം ഇഷ്ടിക ചൂളയില്‍ ചുട്ടുകരിച്ചത്.
പഞ്ചാബ് പ്രവിശ്യയിലെ കൊട് രാധാകൃഷ്ണ എന്ന ചെറു നഗരത്തിലാണ് ക്രൈസ്തവ ദമ്പതിമാര്‍ താമസിച്ചിരുന്നത്. ചപ്പുചവറുകള്‍ കൂട്ടിയിട്ടു തീയിട്ടതിന്റെ കൂടെ, ഖുറാന്റെ താളുകളും ദമ്പതികള്‍ കത്തിച്ച് നശിപ്പിച്ചുവെന്നതാണ് ഇവര്‍ക്കെതിരേ ജനകൂട്ടം ആരോപിച്ച കുറ്റം.
അക്രമാസക്തരായ ജനകൂട്ടം ദമ്പതികളെ മര്‍ദിച്ച് അവശരാക്കിയ ശേഷം സമീപത്തുള്ള ഇഷ്ടിക ചൂളയിലേക്ക് എറിഞ്ഞ് ചുട്ടുകരിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കിയ മൊഴി. ദമ്പതികളെ കൊലപ്പെടുത്തുവാന്‍ നേതൃത്വം നല്‍കിയ അഞ്ചു പേരെയാണ് ഇപ്പോള്‍ തൂക്കിലേറ്റുവാന്‍ കോടതി വിധിച്ചിരിക്കുന്നതെന്ന് കേസ് വാദിച്ച അഭിഭാഷകന്‍ റിയാസ് അന്‍ജും അറിയിച്ചു. കുറ്റകൃത്യത്തിന് സഹായകമായ രീതിയില്‍ പ്രവര്‍ത്തിച്ച എട്ടു പേര്‍ക്കാണ് കോടതി രണ്ടു വര്‍ഷം തടവ് വിധിച്ചിരിക്കുന്നത്.
ക്രൈസ്തവ ദമ്പതിമാരെ ചുട്ടുകൊന്ന സംഭവത്തിന് ശേഷം കൊട് രാധാകൃഷ്ണയില്‍ താമസിച്ചിരുന്ന നിരവധി ക്രൈസ്തവര്‍ ആക്രമണം ഭയന്ന് പ്രദേശത്തു നിന്നും താമസം മാറിയിരുന്നു. ഖുറാന്‍ നശിപ്പിക്കുക, പ്രവാചകനെ അവഹേളിക്കുക തുടങ്ങി മുസ്ലീം മതവിശ്വാസവുമായി ബന്ധപ്പെട്ട് തെറ്റായ എന്തെങ്കിലും പരാമര്‍ശം നടത്തിയാല്‍ വധശിക്ഷ വരെ ലഭിക്കുവാന്‍ സാധ്യതയുള്ള ഗുരുതര കുറ്റകൃത്യമായിട്ടാണ് പാക്കിസ്ഥാനില്‍ കണക്കാക്കപ്പെടുന്നത്.
ന്യൂനപക്ഷങ്ങളുടെ മേലുള്ള വ്യക്തിപരമായ വിരോധം തീര്‍ക്കുവാന്‍ വേണ്ടിയാണ് മതനിന്ദ കുറ്റം പാക്കിസ്ഥാനില്‍ ഉപയോഗിക്കപ്പെടുന്നതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇത്തരം കുറ്റകൃത്യങ്ങള്‍ ആരോപിക്കപ്പെടുന്നവരെ ജനകൂട്ടം അക്രമിച്ചു കൊലപ്പെടുത്തുകയും, പരിക്കേല്‍പ്പിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ പാക്കിസ്ഥാനില്‍ പതിവു സംഭവമായി മാറിയിരിക്കുകയാണ്. മതനിന്ദാ കുറ്റമെന്ന വകുപ്പ് ശിക്ഷാനിയമങ്ങളില്‍ നിന്നും എടുത്തുമാറ്റണമെന്നു ലോകരാഷ്ട്രങ്ങള്‍ നിരവധി തവണ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും, ഇതുവരെ അനുകൂലമായ ഒരു നിലപാടും പാക് സര്‍ക്കാര്‍ വിഷയത്തില്‍ സ്വീകരിച്ചിട്ടില്ല.