News - 2024

സ്വവര്‍ഗ്ഗഭോഗ പ്രവണതയുള്ളവരെ വൈദിക പഠനത്തിൽ നിന്നും ഒഴിവാക്കണമെന്ന മാർഗ്ഗനിർദ്ദേശവുമായി വത്തിക്കാൻ

സ്വന്തം ലേഖകന്‍ 08-12-2016 - Thursday

വത്തിക്കാന്‍: സ്വവര്‍ഗ്ഗഭോഗ പ്രവണതയുള്ളവരെ വൈദിക പഠനത്തിൽ നിന്നും ഒഴിവാക്കണമെന്ന മാര്‍ഗ്ഗനിര്‍ദ്ദേശം വത്തിക്കാന്‍ പുറപ്പെടുവിച്ചു. 'ദ ഗിഫ്റ്റ് ഓഫ് പ്രീസ്റ്റിലി വൊക്കേഷന്‍' എന്ന പേരില്‍ പുറത്തിറക്കിയ പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശത്തിലാണ് ഇതുസംബന്ധിക്കുന്ന വിശദീകരണം വത്തിക്കാന്‍ നടത്തിയിരിക്കുന്നത്. സ്വവര്‍ഗ്ഗാനുരാഗ പ്രവണതയുള്ളവര്‍ക്ക് സെമിനാരിയില്‍ പ്രവേശനം നല്‍കുന്നത് ഒഴിവാക്കണമെന്നും, ഇത്തരക്കാര്‍ തിരുപട്ടത്തിന് അര്‍ഹരല്ലെന്നുമാണ് വത്തിക്കാന്‍റെ മാര്‍ഗ്ഗനിര്‍ദേശം വ്യക്തമാക്കിയിരിക്കുന്നത്.

2005-ല്‍ സ്വവര്‍ഗ്ഗഭോഗ പ്രവണതയുള്ളവരെ സംബന്ധിക്കുന്ന മറ്റൊരു രേഖ നിലനിന്നിരുന്നു. പ്രസ്തുത രേഖ പ്രകാരം സ്വവര്‍ഗാനുരാഗത്തോട് അഭിമുഖ്യമോ, അതിനെ അനുകൂലിക്കുകയോ ചെയ്യുന്ന സെമിനാരി വിദ്യാര്‍ത്ഥികള്‍ ഉണ്ടെങ്കില്‍, അവരുടെ ആത്മീയ ഗുരു, തിരുപട്ട ശുശ്രൂഷകള്‍ക്ക് മുമ്പ് ഇത്തരക്കാരെ ആ പ്രവണതയില്‍ നിന്നും പൂര്‍ണ്ണമായും മാറ്റിയെടുക്കണമെന്ന നിര്‍ദ്ദേശമാണ് നിലനിന്നിരുന്നത്.

2005-ല്‍ പുറത്തുവന്ന രേഖ സ്വവര്‍ഗ്ഗാനുരാഗത്തെ അനുകൂലിക്കുന്നതാണെന്നും, സഭ പരോക്ഷമായി സ്വവര്‍ഗ്ഗാനുരാഗത്തെ പിന്‍തുണയ്ക്കുകയാണ് ചെയ്യുന്നതെന്നും ചിലര്‍ തെറ്റായി വാദിച്ചു. ഇത്തരം സാഹചര്യങ്ങള്‍ നിലനിന്നിരുന്നതിനാലാണ് ഇതു സംബന്ധിച്ച് പുതിയ നിര്‍ദ്ദേശം വത്തിക്കാന്‍ നേരിട്ട് പുറപ്പെടുവിച്ചത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രത്യേക അനുമതിയോടെയാണ് വൈദികര്‍ക്കു വേണ്ടിയുള്ള വത്തിക്കാന്‍ സമിതി കൂടുതല്‍ വ്യക്തതയുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

വൈദികരാകുവാനുള്ള യോഗ്യതകളെ വിശദീകരിക്കുന്ന രേഖ, അവസാനമായി 1970-ല്‍ ആണ് വത്തിക്കാന്‍ പുറത്തിറക്കിയത്. 1985-ല്‍ ഇതിനെ വീണ്ടും ഭേദഗതി ചെയ്തിരുന്നു. അതാതു രാജ്യങ്ങളിലെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഇതില്‍ ചില നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തുവാന്‍ ബിഷപ്പുമാരുടെ കൗണ്‍സിലിന് വത്തിക്കാന്‍ പ്രത്യേക അനുമതിയും നല്‍കിയിട്ടുണ്ട്.

സ്വവര്‍ഗ്ഗാനുരാഗ പ്രവണതയുള്ളവരെ വൈദിക പഠനത്തില്‍ നിന്നും ഒഴിവാക്കണമെന്ന് പറയുന്ന രേഖയില്‍ വൈദികര്‍ക്ക് വേണ്ട ഗുണങ്ങളെ കുറിച്ചും പരാമര്‍ശങ്ങളുണ്ട്. "വൈദികരായി തിരുപട്ടം സ്വീകരിക്കുന്നവര്‍ അവരുടെ ജീവിതത്തെ പൂര്‍ണ്ണമായും ഈ സേവനത്തിനായി നല്‍കണം. ദൈവത്തിന്റെയും മനുഷ്യരുടെയും സേവനമാണ് വൈദികരുടെ ലക്ഷ്യം. ക്രിസ്തുവാണ് തങ്ങളുടെ ജീവിതപങ്കാളിയെന്ന പൂര്‍ണ്ണ ബോധ്യം വൈദികര്‍ക്ക് ആവശ്യമാണ്". രേഖ വിശദമാക്കുന്നു.

പുരോഹിത സമൂഹത്തിന് നേരെ ഉയരുന്ന ആരോപണങ്ങളെ നേരിടുന്നതിന് വൈദികര്‍ എല്ലായ്‌പ്പോഴും ശ്രദ്ധാലുക്കളായിരിക്കണമെന്നും, പ്രശസ്തിക്കു വേണ്ടിയുള്ള ഒരു പ്രവര്‍ത്തിയിലും വൈദികര്‍ ഏര്‍പ്പെടരുതെന്നും 'ദ ഗിഫ്റ്റ് ഓഫ് പ്രീസ്റ്റിലീ വൊക്കേഷന്‍' പ്രത്യേകം നിര്‍ദേശിക്കുന്നുണ്ട്. വൈദികരുടെ വത്തിക്കാന്‍ സമിതിയുടെ അധ്യക്ഷനായ കര്‍ദിനാള്‍ ബഞ്ചമിന്‍ സ്റ്റെല്ലയാണ് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.


Related Articles »