News - 2024
വിവാഹത്തെ സംബന്ധിച്ചുള്ള സഭാപ്രബോധനങ്ങളില്‍ മാറ്റം വരുത്താന്‍ കഴിയില്ല: കര്‍ദ്ദിനാള്‍ റെയ്മണ്ട് ബര്‍ക്ക്
സ്വന്തം ലേഖകന്‍ 19-12-2016 - Monday
വത്തിക്കാന്‍: പുനര്‍വിവാഹിതര്‍ക്കു വേണ്ടിയുള്ള ദിവ്യകാരുണ്യസ്വീകരണത്തെക്കുറിച്ചുള്ള സഭാ പ്രബോധനങ്ങള്‍ തിരുത്തുവാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് കര്‍ദ്ദിനാള്‍ റെയ്മണ്ട് ബര്‍ക്ക്. 'എറ്റേണല്‍ വേള്‍ഡ് ടെലിവിഷന്‍ നെറ്റ്‌വര്‍ക്കി'ലെ റെയ്‌മൊണ്‍ഡ് അരോയോയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് കര്‍ദിനാള്‍ റെയ്മണ്ട് ബര്‍ക്ക് സഭയുടെ നിലപാട് ആവര്‍ത്തിച്ചത്. ഫ്രാന്‍സിസ് മാര്‍പാപ്പ പുറത്തിറക്കിയ അപ്പോസ്‌ത്തോലിക പ്രബോധനമായ 'അമോരീസ് ലെത്തീസിയാ'യുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ഉയര്‍ത്തിയ നാലു കര്‍ദ്ദിനാളുമാരില്‍ ഒരാളാണ് റെയ്മണ്ട് ബര്‍ക്ക്.
പാപകരമായ ജീവിത സാഹചര്യങ്ങളില്‍ തുടരുന്ന ഒരു വ്യക്തി ദിവ്യകാരുണ്യം സ്വീകരിക്കുന്നതിന് മുമ്പ്, പാപത്തെ പൂര്‍ണ്ണമായും വെറുത്ത് ഉപേക്ഷിക്കണമെന്നും, ഇതിനു ശേഷമേ വിശുദ്ധ കുര്‍ബാനയും മറ്റു വിശുദ്ധ കൂദാശകളും സ്വീകരിക്കുവാന്‍ പാടുള്ളുവെന്നു ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 'ഫാമിലായാരിസ് കോണ്‍സോര്‍ട്ടിയോ' യില്‍ വ്യക്തമാക്കുന്നതായി കര്‍ദിനാള്‍ റെയ്മണ്ട് ബുര്‍ക്ക് ചൂണ്ടികാണിച്ചു. സഭയുടെ സ്ഥിരമായ പ്രബോധനമാണ് ഫാമിലായാരിസ് കോണ്‍സോര്‍ട്ടിയോയിലൂടെ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ആവര്‍ത്തിച്ചത്. വൈദികരും വിശ്വാസികളുമെല്ലാം ധാര്‍മീകമായ പലകാര്യങ്ങളിലും പിന്‍തുടരുന്നത് ഈ നിര്‍ദേശങ്ങളാണെന്നും കര്‍ദിനാള്‍ റെയ്ണ്ട് ബര്‍ക്ക് അഭിമുഖത്തില്‍ പറഞ്ഞു.
വിവാഹമെന്നത് വേര്‍പ്പെടുത്തുവാന്‍ കഴിയാത്ത ബന്ധമാണെന്ന് സഭ പഠിപ്പിക്കുമ്പോള്‍ തന്നെ, അതിന് വിരുദ്ധമായുള്ള പ്രവര്‍ത്തിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് എങ്ങനെയാണ് വിശുദ്ധ കൂദാശകളില്‍ പങ്കെടുക്കുവാന്‍ കഴിയുകയെന്നും കര്‍ദ്ദിനാള്‍ ബര്‍ക്ക് ചോദിക്കുന്നു. വിവാഹത്തെ സംബന്ധിച്ചുള്ള സഭയുടെ പ്രബോധനങ്ങളില്‍ മാറ്റം ഇല്ലാത്തിടത്തോളം കാലം ഇതിന് എതിരായി പ്രവര്‍ത്തിക്കുന്നവര്‍ സഭയുടെ കൂദാശകള്‍ സ്വീകരിക്കുവാന്‍ യോഗ്യരല്ലെന്നതാണ് തന്റെ അഭിപ്രായമെന്നും കര്‍ദ്ദിനാള്‍ ബര്‍ക്ക് അഭിമുഖത്തിലൂടെ വ്യക്തമാക്കി.
കാനോന്‍ നിയമത്തില്‍ അഗാധമായ പാണ്ഡിത്യമുള്ള കര്‍ദ്ദിനാള്‍ ബര്‍ക്ക് വത്തിക്കാന്‍ സുപ്രീം കോടതിയുടെ മുന്‍ തലവനായിരുന്നു. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ പ്രബോധനങ്ങള്‍ക്ക് വിരുദ്ധമെന്ന് തോന്നിക്കുന്ന ചില പരാമര്‍ശങ്ങള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പുറത്തിറക്കിയ അമോരിസ് ലെത്തീസിയായില്‍ വന്നിട്ടുണ്ടെന്നാണ് കര്‍ദിനാള്‍ ബര്‍ക്ക് അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇതിനെ സംബന്ധിക്കുന്ന ചോദ്യങ്ങളാണ് കര്‍ദിനാള്‍ ബര്‍ക്കും മറ്റു നാലു കര്‍ദിനാളുമാരും ചേര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് സമര്‍പ്പിച്ചത്. എന്നാല്‍ ഇതുവരെയും പാപ്പ ഇതിന് മറുപടി നല്‍കിയിട്ടില്ലായെന്നാണ് റിപ്പോര്‍ട്ട്.
"നൂറ്റാണ്ടുകളായി സഭയെ നയിക്കുന്നത് മാര്‍പാപ്പമാരാണ്. സഭയുടെ പ്രബോധനങ്ങളെ മനസിലാക്കുവാന്‍ വേണ്ടി ശ്രമിക്കുന്ന ഒരു വിദ്യാര്‍ത്ഥിയാണ് ഞാന്‍. ആഗോള സഭയുടെ തലവനും നേതാവും, മാര്‍ഗദര്‍ശിയും എന്ന നിലയില്‍ മാര്‍പാപ്പ ഒരു ബിഷപ്പോ, കര്‍ദ്ദിനാളോ ഉന്നയിക്കുന്ന സംശയങ്ങള്‍ക്കുള്ള മറുപടി നല്‍കണം. സത്യവിശ്വാസത്തില്‍ സഭയെ മുന്നോട്ട് നയിക്കുന്നതിനും, സംശയങ്ങള്‍ ദൂരികരിക്കുന്നതിനും അത് ഇടവരുത്തും". കര്‍ദ്ദിനാള്‍ പറഞ്ഞു.
ചോദ്യങ്ങള്‍ക്ക് മാര്‍പാപ്പ മറുപടി നല്‍കാത്തിടത്തോളം, വിഷയത്തിലെ അഭിപ്രായ ഭിന്നതകള്‍ സഭയില്‍ ശക്തമാകുമെന്നും, വിഭാഗീയ പ്രവണതകളിലേക്ക് മാത്രമേ അത്തരമൊരു സാഹചര്യം നയിക്കുകയുള്ളുവെന്നും കര്‍ദിനാള്‍ ബര്‍ക്ക് അഭിപ്രായപ്പെട്ടു. ആദ്യ വിവാഹ ബന്ധം നിലനില്‍ക്കുമ്പോള്‍ തന്നെ, രണ്ടാമത് ഒരു വിവാഹം കൂടി കഴിക്കുവാന്‍ ഇംഗ്ലണ്ടിലെ ഹെന്ററി എട്ടാമന്‍ ശ്രമിച്ചപ്പോള്‍ വിശുദ്ധ തോമസ് മോറും വിശുദ്ധ ജോണ്‍ ഫിഷറും അതിനെ ശക്തമായി എതിര്‍ത്തത് കര്‍ദിനാള്‍ ബര്‍ക്ക് ചൂണ്ടികാണിച്ചു.