News - 2024
മുതിര്‍ന്നവരെ ശ്രവിക്കുക: യുവാക്കളോട് ഫ്രാന്‍സിസ് മാര്‍പാപ്പ
സ്വന്തം ലേഖകന്‍ 20-12-2016 - Tuesday
വത്തിക്കാന്‍: ജീവിതത്തില്‍ അനുഭവസമ്പത്തുള്ള മുതിര്‍ന്നവരെ ശ്രവിക്കാന്‍ യുവാക്കള്‍ തയാറാകണമെന്ന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രത്യേക ഉപദേശം. ഇറ്റാലിയന്‍ അത്മായരുടെ സംഘടനയായ 'അസിയോണ്‍ കത്തോലിക്ക ഇറ്റാലിയാന' യുവാക്കള്‍ക്കു വേണ്ടി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് പരിശുദ്ധ പിതാവ് ഇങ്ങനെ പറഞ്ഞത്. ക്രിസ്തുവിന്റെ ആഗമനത്തിന്റെ സന്തോഷം ഇരട്ടിയാകുന്നത്, ഈ സന്ദേശം നമ്മള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുമ്പോഴാണെന്നും ഫ്രാന്‍സിസ് പാപ്പ യുവാക്കളോട് പറഞ്ഞു.
"ഞാന്‍ നിങ്ങള്‍ക്ക് ഒരു പ്രത്യേക ജോലി തരുന്നു. നിങ്ങള്‍ പോയി നിങ്ങളുടെ മുത്തച്ഛന്‍മാരോടും, മുത്തശ്ശിമാരോടും സംസാരിക്കുക. അവരോട് ചോദ്യങ്ങള്‍ ചോദിക്കുക. ചരിത്രത്തിന്റെ ഓര്‍മ്മകളില്‍ നിന്നും അവര്‍ നിങ്ങളോട് സംസാരിക്കും. ജീവിതത്തിലെ അനുഭവസമ്പത്തുള്ള ഉത്തരങ്ങള്‍ നിങ്ങള്‍ക്കായി അവര്‍ പകര്‍ന്നു നല്‍കും. ഈ സംഭാഷണം മുന്നോട്ടുള്ള നിങ്ങളുടെ ജീവിതത്തെ നയിക്കുന്ന ഊര്‍ജ്ജമായി മാറുമെന്ന കാര്യം ഉറപ്പാണ്. വീട്ടിലുള്ള മുതിര്‍ന്നവര്‍ ജീവിതത്തിലെ ശരിയായ ജ്ഞാനം നേടിയവരാണ്". ഫ്രാന്‍സിസ് മാര്‍പാപ്പ യുവാക്കളോട് പറഞ്ഞു.
വീടുകളില്‍ താമസിക്കുന്ന മുതിര്‍ന്നവര്‍ക്ക് യുവാക്കളോട് സംസാരിക്കുവാനും, അവരെ കേള്‍ക്കുവാനും അതിയായ താല്‍പര്യമുണ്ടെന്ന കാര്യവും പാപ്പ ഓര്‍മ്മിപ്പിച്ചു. ആഗമന കാലഘട്ടത്തിന്റെ സന്ദേശത്തെ ഉള്ളിലേക്ക് സ്വീകരിച്ച്, അതിനെ ഫലദായകമായി കുടുംബങ്ങളിലും, സ്‌കൂളുകളിലും, ഇടവകകളിലും പങ്കുവെക്കുന്നവരായി യുവാക്കള്‍ മാറണമെന്നും മാര്‍പാപ്പ തന്റെ സന്ദേശത്തിലൂടെ യുവാക്കളോട് ആഹ്വാനം ചെയ്തു.
1905-ല്‍ പോപ് പിയൂസ് പത്താമന്‍ തുടക്കം കുറിച്ച സംഘടനയാണ് 'അസിയോണ്‍ ക്യാറ്റോലിക്ക ഇറ്റാലിയാന'. ബിഷപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സംഘടന ഒരുതരത്തിലുള്ള രാഷ്ട്രീയ താല്‍പര്യവുമില്ലാത്ത അത്മായരുടെ കൂട്ടായ്മയാണ്.