News - 2024

കുടിയേറ്റക്കാരായ ക്രൈസ്തവര്‍ ഓസ്‌ട്രേലിയായില്‍ ശക്തമായ ക്രൈസ്തവ സാക്ഷ്യമായി മാറുന്നുവെന്ന്‍ പഠനം

സ്വന്തം ലേഖകന്‍ 19-12-2016 - Monday

സിഡ്‌നി: കുടിയേറ്റക്കാരായ ക്രൈസ്തവര്‍ ഓസ്‌ട്രേലിയായില്‍ ശക്തമായ ക്രൈസ്തവ സാക്ഷ്യമായി മാറുന്നുവെന്ന്‍ പഠനം. വിവിധ കണക്കുകളുടെ അടിസ്ഥാനത്തില്‍ 'എസ്ബിഎസ്' എന്ന ഓണ്‍ലൈന്‍ മാധ്യമമാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തദ്ദേശീയ ക്രൈസ്തവരുടെ വിശ്വാസവളർച്ചയിൽ കുറവ് അനുഭവപ്പെടുമ്പോൾ കുടിയേറ്റക്കാരായ ക്രൈസ്തവര്‍ ശക്തമായ ക്രൈസ്തവ സാക്ഷ്യവുമായി രാജ്യത്ത് നിലകൊള്ളുന്നുവെന്നു പഠനം വ്യക്തമാക്കുന്നു.

നാഷണല്‍ ചര്‍ച്ച് ലൈഫ് സര്‍വേയില്‍ നിന്നും പുറത്തുവന്ന വിവരങ്ങളും കുടിയേറ്റക്കാരായ ക്രൈസ്തവരുടെ എണ്ണത്തിലെ വര്‍ദ്ധനവ് പ്രത്യേകം ചൂണ്ടികാണിക്കുന്നുണ്ട്. ഓസ്‌ട്രേലിയായിലെ ക്രൈസ്തവ സഭകളുടെ സാംസ്‌കാരിക വൈവിധ്യത്തിലേക്കു കൂടിയാണ് സര്‍വേ വെളിച്ചം വീശുന്നതെന്ന് സര്‍വേയുടെ ഡയറക്ടറായ റൂത്ത് പൗവല്‍ പറഞ്ഞു. അറബി, ചൈനീസ്, ഡിന്‍കാ, വിയറ്റ്‌നാമീസ് തുടങ്ങി 10 പ്രാദേശിക ഭാഷകളിലേക്ക് സര്‍വേയിലെ ചോദ്യങ്ങള്‍ പരിഭാഷപ്പെടുത്തിയ ശേഷമാണ് വിവരങ്ങള്‍ ശേഖരിച്ചതെന്നും റൂത്ത് പൗവല്‍ അറിയിച്ചു.

1991-ല്‍ ഓസ്‌ട്രേലിയായിലെ സഭകള്‍ ചേര്‍ന്ന് ആരംഭിച്ച സര്‍വേ അഞ്ചു വര്‍ഷം കൂടുമ്പോഴാണ് നടത്തപ്പെടുന്നത്. ഓസ്‌ട്രേലിയായിലേക്ക് കുടിയേറുന്ന ഒരു വിഭാഗം യുവാക്കള്‍ പ്രൊട്ടസ്റ്റന്‍റ് സഭകളിലേക്കും ആരാധനയ്ക്കായി കടന്നു പോകുന്നുവെന്ന് സര്‍വേ ചൂണ്ടികാണിക്കുന്നു. രാജ്യത്തെ ക്രൈസ്തവ വിഭാഗങ്ങളെ കുറിച്ചും അവരുടെ ദൈവ വിശ്വാസത്തെ കുറിച്ചുള്ള ചില കാഴ്ച്ചപാടുകളിലേക്കുമെല്ലാം സര്‍വേ വെളിച്ചം വീശുന്നുണ്ട്.

സര്‍വ്വേ ചൂണ്ടികാണിക്കുന്ന മറ്റു ചില വസ്തുതകളും ഏറെ ശ്രദ്ധേയമാണ്. രാജ്യത്ത് നാലു പേരില്‍ ഒരാള്‍, പ്രാര്‍ത്ഥനയ്ക്കും ധ്യാനത്തിനുമായി ഏറെ സമയം ചെലവിടുന്നതായി സര്‍വേയില്‍ നിന്നും വ്യക്തമാണ്. 25 ശതമാനത്തോളം പേര്‍ തങ്ങളുടെ ജീവിതത്തില്‍ അത്ഭുതകരമായ ദൈവീകാനുഭവം ഉണ്ടായിട്ടുണ്ടെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റമാണ് ക്രൈസ്തവ വിശ്വാസികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാകുവാനുള്ള പ്രധാനകാരണമെന്ന്‍ വിലയിരുത്തപ്പെടുന്നു. ഏഷ്യയില്‍ നിന്നും കുടിയേറുന്ന മൂന്നില്‍ ഒരാള്‍ ക്രൈസ്തവ വിശ്വാസിയാണെന്നും, പുതിയ രാജ്യത്തേക്ക് അവര്‍ തങ്ങളുടെ വിശ്വാസവും കൊണ്ടാണ് എത്തിച്ചേരുന്നതെന്നും സര്‍വ്വേ പറയുന്നു.

സിഡ്‌നി ഇന്നര്‍ വെസ്റ്റിലെ സെന്റ് ബ്രിജിഡ്‌ കത്തോലിക്ക ദേവാലയത്തിന്റെ വികാരിയായ ഫാദര്‍ ജോണ്‍ പിയാര്‍സിന്റെ വാക്കുകളില്‍ നിന്നും രാജ്യത്തെ കുടിയേറ്റക്കാരായ ക്രൈസ്തവ സമൂഹത്തിന്റെ ഉയര്‍ച്ച വ്യക്തമാണ്. 'ഞാന്‍ ഇപ്പോള്‍ സേവനം ചെയ്യുന്ന ദേവാലയത്തിലും മുമ്പ് സേവനം ചെയ്തിരുന്ന മെല്‍ബണിലെ ദേവാലയത്തിലും കുടിയേറ്റക്കാരായ വിശ്വാസികളുടെ വലിയ കൂട്ടം തന്നെ ആരാധനയില്‍ പങ്കെടുക്കുന്നതിനായി എത്തിയിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിശ്വാസികളുടെ ഈ പങ്കാളിത്വം ഏറെ സന്തോഷകരമാണ്. ഈ മേഖലയിലെ വിശ്വാസികളുടെ എണ്ണം നാള്‍ക്കു നാള്‍ വര്‍ദ്ധിക്കുന്നുമുണ്ട്. ക്രിസ്തുമസിനും, ഈസ്റ്ററിനും മറ്റു പ്രധാനപ്പെട്ട തിരുനാളുകള്‍ക്കും വിവിധ ഭാഷയില്‍ ആരാധ നടത്തപ്പെടുന്നു. രാജ്യത്തെ ദേവാലയങ്ങളിലെല്ലാം ഈ പതിവ് തുടരുന്നു". ഫാദര്‍ ജോണ്‍ പിയാര്‍സ് പറഞ്ഞു.

അതേ സമയം തദ്ദേശീയരായ ക്രൈസ്തവ വിശ്വാസികളുടെ എണ്ണത്തില്‍ ഇടിവ് സംഭവിച്ചിട്ടുണ്ട്. അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പു വരെ രാജ്യത്തെ ജനസംഖ്യയുടെ 61 ശതമാനം പേരും ക്രൈസ്തവരായിരുന്നു. എന്നാല്‍ ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ രാജ്യത്തെ ക്രൈസ്തവരുടെ എണ്ണം താഴേക്കാണ് പോയതെന്നും പഠനം ചൂണ്ടികാണിക്കുന്നു. ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്ത പക്ഷം ഓസ്‌ട്രേലിയായില്‍ ക്രൈസ്തവര്‍ ന്യൂനപക്ഷമാകുവാന്‍ വരെ സാധ്യതയുണ്ടെന്നും പഠനം പറയുന്നു.

More Archives >>

Page 1 of 118