News - 2024
വൈദികർ അഹങ്കാരത്തോടെ വിശ്വാസികളോട് പെരുമാറരുതെന്ന് ഫ്രാൻസിസ് മാർപാപ്പ
സ്വന്തം ലേഖകന്‍ 16-12-2016 - Friday
വത്തിക്കാന്‍: വൈദികർ അഹങ്കാരത്തോടെ വിശ്വാസികളോട് പെരുമാറരുതെന്ന് ഫ്രാൻസിസ് മാർപാപ്പ. ഇത്തരം വൈദികരുടെ ഗര്‍വ്വുകള്‍ക്ക് വിധേയരാകുന്നത് സാധാരണക്കാരായ വിശ്വാസികളായതിനാൽ വൈദികർ കൂടുതൽ സ്നേഹത്തോടും കരുണയോടും കൂടി വിശ്വാസികളോട് പെരുമാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കാസാ സാന്താ മാര്‍ത്തയില്‍ ദിവ്യബലി അര്‍പ്പിച്ചു സംസാരിക്കുകയായിരിന്നു മാർപാപ്പ. അദ്ദേഹത്തെ സന്ദര്‍ശിക്കുവാനെത്തിയ കര്‍ദിനാളുമാരായിരുന്നു ഈ ദിവ്യബലിയില്‍ പ്രധാനമായും പങ്കെടുത്തിരുന്നത്.
വൈദികരുടെ ഇടയിലെ 'ബുദ്ധിജീവി' സംസ്‌കാരത്തേയും തന്റെ പ്രസംഗത്തില്‍ മാര്‍പാപ്പ വിമര്‍ശിച്ചു. വൈദികരായ പലരും ബുദ്ധീജീവികളെ പോലെയാണ് വിശ്വാസത്തെ നോക്കികാണുന്നതെന്ന് പറഞ്ഞ പാപ്പ, ഇത്തരം നടപടികള്‍ക്കെതിരെ ദൈവം തന്നെ പല സ്ഥലങ്ങളിലും മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നും പറഞ്ഞു. പാവപ്പെട്ടവരും, എളിമയോടെ ജീവിതത്തെ മുന്നോട്ട് നയിക്കുന്നവരുമായ വിശ്വാസികള്‍ തന്നെയാണ് വൈദികരുടെ ബുദ്ധിജീവി തത്വശാസ്ത്രങ്ങള്‍ക്കും ഇരകളാക്കപ്പെടുന്നതെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.
യേശുക്രിസ്തുവിനെ വിചാരണ ചെയ്ത അന്നാസും കയ്യാഫാസും യഹൂദ സമൂഹത്തിലെ പുരോഹിത ശ്രേഷ്ഠന്‍മാരായിരുന്നുവെന്ന കാര്യവും പാപ്പ ഓർമ്മിപ്പിച്ചു. ദൈവം മോശയ്ക്ക് നല്‍കിയ പത്തു കല്‍പ്പനകളെ തങ്ങളുടെ സൗകര്യത്തിനും, ആവശ്യങ്ങള്‍ക്കുമായി പുരോഹിതര്‍ പലപ്പോഴും തെറ്റായി വ്യാഖ്യാനിച്ച് ജനങ്ങളെ ചൂഷണം ചെയ്തിരുന്നു. യൂദാസ് യേശുക്രിസ്തുവിനെ ഒറ്റികൊടുത്ത ശേഷം, പാപഭാരത്താല്‍ പുരോഹിതരുടെ അരികില്‍ എത്തിയപ്പോള്‍ യൂദാസിനെ കൈവെടിയുകയാണ് പുരോഹിതര്‍ ചെയ്തതെന്നും പാപ്പ ചൂണ്ടിക്കാണിച്ചു.
"ഇന്നത്തെ കാലഘട്ടത്തിലും ചില പുരോഹിതര്‍ ഇത്തരം കഠിനമായ രീതിയില്‍ ജനങ്ങളോട് പെരുമാറുന്നുണ്ട്. തങ്ങള്‍ പുരോഹിതരാണെന്ന ഒരു തരം അധികാരത്തിന്റെ മാനസിക അവസ്ഥയാണ് ഇത്തരക്കാരെ നയിക്കുന്നത്. പാവപ്പെട്ടവരേയും, ക്ലേശം അനുഭവിക്കുന്നവരേയും ഇവര്‍ കാണുന്നതേയില്ല. തടവിലായവരെയോ, രോഗികളെയോ ഇവര്‍ ചെന്നു കാണുകയോ ശുശ്രൂഷിക്കുകയോ ചെയ്യുന്നില്ല".
"ജനങ്ങളോട് ചേര്‍ന്നു നിലനില്‍ക്കുവാന്‍ പുരോഹിതര്‍ എല്ലായ്‌പ്പോഴും ശ്രമിക്കണം. സ്വപുത്രനെ നമ്മുക്കായി, നമ്മോടുകൂടെ വസിക്കാൻ നൽകിയ വലിയ സ്‌നേഹമാണ് പിതാവായ ദൈവം കാണിച്ചത്. മനുഷ്യരുടെ ഇടയില്‍ വേണം ക്രിസ്തുവിന്റെ പ്രതിപുരുഷന്‍മാരായ വൈദികര്‍ സഹവസിക്കേണ്ടത്". മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.