News

ഭവനരഹിതരോടൊപ്പം പിറന്നാള്‍ ആഘോഷിച്ചുകൊണ്ട് പാവങ്ങളുടെ പാപ്പാ; ഒപ്പം എമിരിറ്റസ് ബെനഡിക്ട് പാപ്പായുടെ സമ്മാനങ്ങളും

സ്വന്തം ലേഖകന്‍ 19-12-2016 - Monday

വത്തിക്കാന്‍ സിറ്റി: തന്റെ 80-ാം പിറന്നാള്‍ ഭവനരഹിതരോടൊപ്പം ചിലവഴിച്ചു ഫ്രാന്‍സിസ് പാപ്പ. പിറന്നാള്‍ ദിനത്തില്‍ ക്ഷണിക്കപ്പെട്ട ഭവനരഹിതരായ എട്ടു പേരോടൊപ്പം പേപ്പല്‍ വസതിയായ സാന്താ മാര്‍ത്തയില്‍ ചിലവഴിച്ചാണ് മാര്‍പാപ്പ തന്റെ ജന്മദിനം അവിസ്മരണീയമാക്കിയത്. രണ്ട് സ്ത്രീകളും ആറു പുരുഷന്‍മാരും അടങ്ങുന്ന സംഘം, വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു. രാവിലെ ഏഴു മണിയ്ക്കു ശേഷം പോളിഷ് ആര്‍ച്ച് ബിഷപ്പ് കോണ്‍റാഡ് ക്രാവെസ്‌കിയ്‌ക്കൊപ്പമാണ് അതിഥികള്‍ എത്തിയത്. സൂര്യകാന്തിപൂക്കള്‍ കൊണ്ട് അലങ്കരിച്ച ബൊക്കകള്‍ അവര്‍ മാര്‍പാപ്പയ്ക്ക് സമ്മാനിച്ചു.

പിറന്നാള്‍ ദിനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കായി പോപ് എമിരിറ്റസ് ബനഡിക്റ്റ് പതിനാറാമന്‍ മൂന്നു പ്രത്യേക സമ്മാനങ്ങള്‍ നല്‍കി. പോപ് എമിരിറ്റസ് സമ്മാനിച്ച വസ്തുക്കള്‍ ഏറെ അര്‍ത്ഥങ്ങളെ വെളിവാക്കുന്നതാണെന്ന് വത്തിക്കാന്‍ പ്രതികരിച്ചു. അതേ സമയം സമ്മാനങ്ങള്‍ എന്താണെന്ന കാര്യം ഇനിയും വെളിപ്പെടുത്തിയിട്ടില്ല. തന്റെ പിന്‍ഗാമിയുടെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ടുള്ള പ്രത്യേക സന്ദേശവും ബനഡിക്റ്റ് പതിനാറാമന്‍ അയച്ചിരിന്നു. ഇതു കൂടാതെ, ഉച്ചക്ക് ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പയെ ടെലിഫോണില്‍ വിളിച്ച് തന്റെ ജന്മദിനാശംസകള്‍ അര്‍പ്പിക്കുവാനും മുന്‍ മാര്‍പാപ്പ മറന്നില്ല.

തികച്ചും ലളിതമായ ചടങ്ങുകളാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ജന്മദിനത്തോട് അനുബന്ധിച്ച് നടത്തപ്പെട്ടത്. പ്രഭാതത്തില്‍ ഡൈനിംഗ് ഹാളിലേക്ക് അതിഥികളെ സ്വീകരിച്ചിരുത്തിയ പാപ്പ, അവരോടൊപ്പം പ്രാതല്‍ കഴിച്ചു ഏതാനും സമയം ചിലവഴിച്ചു. പിന്നീട് അപ്പോസ്‌ത്തോലിക കൊട്ടാരത്തിലുള്ള പോളിന്‍സ് ചാപ്പലിലേക്ക് വിശുദ്ധ ബലി അര്‍പ്പിക്കുവാനായി പാപ്പ പുറപ്പെട്ടു.

റോമിലെ കര്‍ദിനാളുമാരോട് ചേര്‍ന്നാണ് പരിശുദ്ധ പിതാവ് തന്റെ ജന്മദിനത്തില്‍ വിശുദ്ധ ബലി അര്‍പ്പിച്ചത്. തുടര്‍ന്നുള്ള പരിപാടികള്‍ സാധാരണമായിരിന്നു. ഇറ്റാലിയന്‍ അത്മായരുടെ സംഘടനയായ 'നൊമാഡെല്‍ഫിയ'യുടെ നേതൃത്വത്തില്‍ നിരവധി കുട്ടികളോടും യുവാക്കളോടും സംവദിക്കുന്ന പരിപാടിയിലും ജന്മദിനത്തില്‍ മാര്‍പാപ്പ പങ്കെടുത്തു.

മുക്കാല്‍ ലക്ഷത്തോളം ആശംസാ സന്ദേശങ്ങളാണ് മാര്‍പാപ്പയുടെ ജന്മദിനത്തില്‍ വത്തിക്കാനിലേക്ക് എത്തിയത്. ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, ഇറ്റാലിയന്‍ ഭാഷകളിലാണ് സന്ദേശങ്ങള്‍ എത്തിയത്. വിശ്വാസികളുടെ ആശംസകള്‍ കൂടാതെ ലോകനേതാക്കളുടെ ജന്മദിന ആശംസകള്‍ ടെലിഗ്രാം വഴിയായും ഫോണിലൂടെയും മാര്‍പാപ്പയ്ക്ക് ലഭിച്ചു.

More Archives >>

Page 1 of 118