News - 2024
തെറ്റു ചെയ്തവര്‍ക്ക് തിരുത്തുവാന്‍ അവസരം നല്‍കണം: മനില ആര്‍ച്ച് ബിഷപ്പ്
സ്വന്തം ലേഖകന്‍ 20-12-2016 - Tuesday
മനില: തെറ്റു ചെയ്തവര്‍ക്ക് അതിനെ തിരുത്തുവാന്‍ അവസരം നല്‍കാതെ അവരെ വധിക്കുന്ന രീതി അതിക്രൂരമാണെന്ന് മനില ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗ്ലേ. ക്രിസ്തുമസിന് മുന്നോടിയായി മനിലയിലെ ജയിലില്‍ തടവുകാര്‍ക്ക് വേണ്ടി വിശുദ്ധ ബലി അര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. മയക്കുമരുന്നു കടത്തുന്നവരെ വെടിവച്ചു കൊലപ്പെടുത്തുന്ന പോലീസ് നടപടിക്കെതിരെ കര്‍ദ്ദിനാള്‍ ശക്തമായ ഭാഷയില്‍ പ്രതികരിച്ചു.
"മയക്കുമരുന്നുകള്‍ കടത്തുന്നത് തടയുവാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളോട് സഭ പൂര്‍ണ്ണമായും യോജിക്കുന്നു. എന്നാല്‍, മയക്കുമരുന്നു കടത്തുന്നവരെ വെടിവെച്ചു കൊലപ്പെടുത്തുന്നതിനോട് സഭയ്ക്ക് യോജിപ്പില്ല. തെറ്റു ചെയ്ത ഒരാള്‍ക്ക് തിരുത്തുവാനുള്ള അവസരമാണ് നല്‍കേണ്ടത്. അല്ലാതെ അയാളെ ഭൂമൂഖത്ത് നിന്നും ഉന്മൂലനം ചെയ്യുകയല്ല വേണ്ടത്. തെറ്റുകള്‍ ചെയ്യുന്ന അതേ സമയം തന്നെ തിരിച്ചറിവിലേക്കും, സത്യത്തിലേക്കും യാത്ര ചെയ്യുവാനുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ സാധിക്കണം". കര്‍ദ്ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗ്ലേ പറഞ്ഞു.
ജീവിതങ്ങളെ നാം പങ്കുവയ്‌ക്കേണ്ടതാണെന്നും, പങ്കുവയ്ക്കാത്ത ജീവിതങ്ങള്‍ മരിച്ച അവസ്ഥയിലാണ് തുടരുന്നതെന്നും കര്‍ദ്ദിനാള്‍ തന്റെ പ്രസംഗത്തില്‍ തടവുകാരോട് പറഞ്ഞു. പ്രതീക്ഷ നഷ്ടപ്പെടാതെ മുന്നോട്ട് ജീവിക്കുവാന്‍ തടവുകാരോട് ആഹ്വാനം ചെയ്ത കര്‍ദിനാള്‍, ഭീഷണികളുടെയും കഷ്ടതകളുടെയും മധ്യത്തില്‍ നശിച്ചുപൊകുന്നതല്ല വിശ്വാസമെന്നും ചൂണ്ടികാട്ടി. കുറ്റവാളികളെയും, മയക്കുമരുന്നുകള്‍ക്ക് അടിമപ്പെട്ടു കഴിയുന്ന യുവാക്കളെയും മറന്നു കൊണ്ട് താന്‍ ഒരിക്കലും മുന്നോട്ട് പോകുകയില്ലെന്നും, എല്ലാവരെയും ചേര്‍ത്തുപിടിച്ച് സത്യത്തിന്റെ മാര്‍ഗത്തിലേക്ക് കൊണ്ടുവരുകയാണ് തന്റെ ഉത്തരവാദിത്വമെന്നും കര്‍ദ്ദിനാള്‍ തടവുകാരോട് വ്യക്തമാക്കി.
ഫിലിപ്പീന്‍സില്‍ പുതിയ പ്രസിഡന്റായി റോഡ്രിഗോ ഡ്യൂട്ടേര്‍ട്ട് അധികാരമേറ്റതിനു ശേഷം പ്രതിദിനം ശരാശരി 30 പേര്‍ പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെടുന്നുവെന്നാണ് കണക്ക്. ഡ്യൂട്ടേര്‍ട്ട് അധികാരത്തിലേക്ക് എത്തിയിട്ട് 5 മാസം പിന്നിട്ടപ്പോഴേക്കും 6000-ല്‍ അധികം പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. മയക്കുമരുന്നു കടത്തുന്നവരെ പിടികൂടി ശിക്ഷിക്കാതെ, പോലീസ് ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവരെ വെടിവച്ചു കൊലപ്പെടുത്തുകയാണ്.
രാജ്യത്തെ ഇത്തരം സംഭവങ്ങള്‍ തികച്ചു അപലപനീയമാണെന്ന് കാരിത്താസ് ഫിലിപ്പീന്‍സിന്റെ എക്‌സിക്യൂട്ടീവ് സെക്രട്ടറി ഫാദര്‍ എഡ്വിന്‍ ഗാരിഗുവേസ് പറഞ്ഞു. മയക്കുമരുന്ന് കടത്തുന്നവരെ ന്യായമായ വിചാരണകള്‍ പോലും നടത്താതെ വെടിവയ്ച്ചു കൊലപ്പെടുത്തുന്നതിലൂടെ സര്‍ക്കാര്‍ നീതി നിഷേധിക്കുകയാണ് ചെയ്യുന്നതെന്നും ഫാദര്‍ എഡ്വിന്‍ ഗാരിഗുവേഡ് കൂട്ടിച്ചേര്‍ത്തു. അതേ സമയം സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. കഴിഞ്ഞ ദിവസം ഇലോയിലോ പ്രവിശ്യയിലെ 97 ദേവാലയങ്ങളിലെ വിശ്വാസ സമൂഹം സര്‍ക്കാരിനെതിരെ കൂറ്റന്‍ പ്രതിഷേധ റാലി നടത്തിയിരിന്നു.