News - 2024

ക്രിസ്തുവിന്റെ ജനനം ലോകത്തിന് പ്രത്യാശ പ്രദാനം ചെയ്യുന്നു: ഫ്രാന്‍സിസ് മാര്‍പാപ്പ

സ്വന്തം ലേഖകന്‍ 22-12-2016 - Thursday

വത്തിക്കാന്‍ സിറ്റി: ദൈവപുത്രന്‍ മനുഷ്യാവതാരം ചെയ്തത് വഴി പ്രത്യാശയുടെ വലിയ സന്ദേശമാണ് മാനവകുലത്തിന് ലഭിച്ചതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ബുധനാഴ്ച തോറും നടത്താറുള്ള തന്റെ പൊതുപ്രസംഗത്തില്‍ സംസാരിക്കുകയായിരിന്നു മാര്‍പാപ്പ. ഏശയ്യാ പ്രവാചകനിലൂടെ വെളിപ്പെട്ട കാര്യങ്ങള്‍ ക്രിസ്തുവിന്റെ ജനനത്തിലൂടെ പൂര്‍ത്തീകരണം സംഭവിച്ചതായും പരിശുദ്ധ പിതാവ് ഓര്‍മ്മിപ്പിച്ചു.

"ക്രിസ്തുവിന്റെ ജനനം നമുക്ക് പ്രത്യാശ സമ്മാനിച്ചു. അവിടുന്ന് ലോകത്തിലേക്ക് വന്നതിനാല്‍, ഇഹലോകത്തിലെ സാഹചര്യങ്ങളെ നേരിടുവാനുള്ള ബലവും ശക്തിയും നമുക്ക് ലഭിച്ചു. ക്രൈസ്തവരുടെ പ്രത്യാശ ക്രിസ്തുവിലൂടെ നമ്മേ വീണ്ടെടുക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന പിതാവായ ദൈവത്തിങ്കലേക്കാണ്. ബേത്‌ലഹേമില്‍ ജനിച്ച പൈതല്‍ നമുക്കു പകര്‍ന്നു നല്‍കുന്നതു മാനവരക്ഷയുടെ മഹത്വകരമായ പ്രത്യാശയാണ്". പരിശുദ്ധ പിതാവ് പറഞ്ഞു.

ക്രൈസ്തവരായ നാം ഇഹലോക ജീവിത യാത്രയില്‍ പ്രത്യാശയോടെയാണോ ജീവിക്കുന്നതെന്ന കാര്യം ചിന്തിക്കേണ്ട വിഷയമാണെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. ക്രിസ്തുമസിന് ഒരുക്കുന്ന പുല്‍കൂടുകളില്‍ ഇതേ പ്രത്യാശ കാണുവാന്‍ സാധിക്കും. വിശുദ്ധ ഫ്രാന്‍സിസ് അസീസി തുടക്കം കുറിച്ച പുല്‍ക്കൂടിലെ ലാളിത്യമാണ് പ്രത്യാശയുടെ മഹനീയ മാതൃകയായി തലമുറകളിലേക്ക് കൈമാറുന്നതെന്നും ഫ്രാന്‍സിസ് പാപ്പ ചൂണ്ടികാണിച്ചു.

"എളിമയുടെ സന്ദേശമാണ് പുല്‍ക്കൂടും അതിനുള്ളിലെ ഓരോ വ്യക്തികളും നമുക്ക് നല്‍കുന്നത്. യഹൂദിയായിലെ ചെറുപട്ടണമായ ബേത്‌ലഹേമിലാണ് രക്ഷകന്‍ വന്നു പിറന്നത്. ഇവിടെ മുതല്‍ നമുക്ക് ആ എളിമ ദര്‍ശിക്കാം. പരിശുദ്ധ അമ്മ ദൈവദൂതനോട് താന്‍ വിധേയപ്പെടുന്നുവെന്നു പറയുന്നത് തന്നെ വലിയ പ്രത്യാശയോടെയാണ്. പുല്‍ക്കുടിലില്‍ നമുക്ക് അമ്മയെ ദര്‍ശിക്കാം. അതിനു സമീപമായി ജോസഫ് നല്‍ക്കുന്നു. ദൂതന്റെ സന്ദേശം ഉള്‍ക്കൊള്ളുകയും, ദൈവാത്മാവിനാല്‍ നിറഞ്ഞ ശിശുവിനെയാണ് താന്‍ സംരക്ഷിക്കേണ്ടതെന്ന ഉത്തരവാദിത്വവും അദ്ദേഹം ഏറ്റെടുക്കുന്നു".

"പണ്ഡിതരേയും, സാധാരണക്കാരായ ആട്ടിടയരേയും നമുക്ക് പുല്‍ക്കുടിലില്‍ കാണുവാന്‍ സാധിക്കും. ഇസ്രായേലിന്റെ വീണ്ടെടുപ്പുകാരനായ മിശിഹായേ പ്രതീക്ഷയോടെ കാത്തിരുന്നവരാണ് അവര്‍. തങ്ങളെ രക്ഷിക്കുവാന്‍ സ്വന്തമായി കഴിയില്ലെന്ന തിരിച്ചറിവാണ് അവരെ രക്ഷകന് വേണ്ടി പ്രത്യാശയോടെ കാത്തിരിക്കുവാനുള്ള സാഹചര്യത്തെ ഒരുക്കിയത്. ഈ തിരിച്ചറിവ് ഏറെ പ്രധാനപ്പെട്ടതാണ്. ദൈവത്തിലുള്ള പ്രത്യാശ മാത്രമാണ് നമ്മേ കാത്തു സംരക്ഷിക്കുന്നത്. കാലിതൊഴുത്തിലെ എല്ലാവര്‍ക്കും പ്രത്യാശയുടെ ഈ തിരിച്ചറിവ് ഉണ്ടായിരുന്നു". പാപ്പ വിശദീകരിച്ചു.

കോംങ്കോയില്‍ പ്രസിഡന്‍റ് ജോസഫ് കബിലയുടെ ഭരണത്തില്‍ അപ്രീതി പ്രകടിപ്പിച്ച് പ്രതിപക്ഷവും വിമതകക്ഷികളും ചേര്‍ന്നു നടത്തുന്ന അഭ്യാന്തരകലാപങ്ങളില്‍ മരണമടയുകയും ക്ലേശിക്കുകയും ചെയ്യുന്ന നിഷ്കളങ്കരായ ജനത്തെയും പാപ്പ തന്റെ പ്രസംഗത്തില്‍ സ്മരിച്ചു. രാജ്യത്ത് ഉടന്‍ തന്നെ സമാധാനം പുനസ്ഥാപിക്കുവാന്‍ ആവശ്യമായ നടപടികള്‍ ഭരണാധികാരികള്‍ സ്വീകരിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും പാപ്പ തന്റെ സന്ദേശത്തില്‍ പറഞ്ഞു.

More Archives >>

Page 1 of 119