News - 2024

പൂര്‍വ്വീകരുടെ സഹനങ്ങളെ സ്മരിച്ചുകൊണ്ട് മുന്നേറുന്ന ജപ്പാനിലെ ക്രൈസ്തവ സമൂഹം

സ്വന്തം ലേഖകന്‍ 21-12-2016 - Wednesday

ഇകിറ്റ്‌സൂക്കി: ക്രൈസ്തവ വിശ്വാസത്തിന്റെ ഇന്നും മങ്ങാത്ത സാക്ഷ്യമാണ് ജപ്പാനിലെ ക്രൈസ്തവ സമൂഹം. നൂറ്റാണ്ടുകളായി രാജ്യത്തെ ക്രൈസ്തവര്‍ തങ്ങളുടെ വിശ്വാസത്തെ നെഞ്ചോട് ചേര്‍ത്താണ് മുന്നോട്ട് ജീവിക്കുന്നത്. പതിനേഴാം നൂറ്റാണ്ടില്‍ ക്രൈസ്തവ വിശ്വാസത്തെ പരസ്യമായി പറയുവാന്‍ വിശ്വാസികള്‍ ഏറെ ഭയന്നിരുന്നു. ക്രൂരമായി നേരിടേണ്ടി വന്നിരുന്ന ശിക്ഷകളെ ഓര്‍ത്തായിരുന്നു അത്. ഇന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. നൂറ്റാണ്ടുകള്‍ പിന്നിട്ടെങ്കിലും തങ്ങള്‍ക്ക് പകര്‍ന്നു കിട്ടിയ ക്രൈസ്തവ വിശ്വാസത്തിന്റെ നിലനില്‍പ്പിനും അത് മറ്റുള്ളവര്‍ക്ക് പകര്‍ന്ന് നല്‍കുന്നതിനും വേണ്ടി വേണ്ടി ദൈവജനം നിലകൊള്ളുകയാണ്.

ഓസ്‌കാര്‍ ജേതാവായ പ്രശസ്ത സംവിധായകന്‍ മാര്‍ട്ടിന്‍ സ്‌കോഴ്‌സസേയുടെ പുതിയ ചലച്ചിത്രമായ 'സൈലന്‍സ്' ജപ്പാനില്‍ ക്രൈസ്തവര്‍ നേരിടേണ്ടി വന്ന കൊടിയ പീഡനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് നിര്‍മ്മിക്കുന്നത്. 1966-ല്‍ പ്രശസ്ത ജപ്പാന്‍ നോവലിസ്റ്റ് ഷുസാക്കൂ എന്‍ഡോ എഴുതിയ നോവലിനെ അടിസ്ഥാനമാക്കിയാണ് ജപ്പാനിലെ ക്രൈസ്തവ പീഡനം മുഖ്യവിഷയമാകുന്ന 'സൈലന്‍സ്' ഒരുക്കിയിരിക്കുന്നത്. 17-ാം നൂറ്റാണ്ടില്‍ ജപ്പാന്‍ ഭരിച്ചിരുന്ന ഷോഗണ്‍സിന്റെ കാലത്ത് ക്രൈസ്തവര്‍ സഹിച്ച പീഡനങ്ങള്‍ അസഹ്യമായിരുന്നുവെന്ന് ചരിത്രത്താളുകളില്‍ വ്യക്തമാണ്.

1549-ല്‍ പോര്‍ച്ചുഗലില്‍ നിന്നുമെത്തിയ ജസ്യൂട്ട് വൈദികര്‍ നിരവധി ത്യാഗങ്ങള്‍ സഹിച്ചാണ് ജപ്പാനില്‍ ക്രൈസ്തവ വിശ്വാസം പ്രചരിപ്പിച്ചത്. എന്നാല്‍ 17-ാം നൂറ്റാണ്ടിലെ സ്വേഛാധിപതികള്‍ ക്രൈസ്തവരുടെ വളര്‍ച്ചയില്‍ അസൂയകൊള്ളുകയും, അവരുടെ വളര്‍ച്ച തങ്ങള്‍ക്ക് ഭീഷണിയാകുമെന്നു കരുതി ക്രൈസ്തവരെ ഉന്‍മൂലനം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. ക്രൈസ്തവ വിശ്വാസികളെ ക്രൂശിച്ചും, തീയിലിട്ടും, വെള്ളത്തില്‍ മുക്കിയുമെല്ലാം ജാപ്പനീസ് ഭരണാധികാരികള്‍ കൊലപ്പെടുത്തി. എങ്കിലും വിശ്വാസത്തിന്റെ ഒളിമങ്ങാതെ രഹസ്യത്തെ തലമുറകളിലേക്ക് കൈമാറുവാന്‍ അക്കാലങ്ങളിലെ ജാപ്പനീസ് ക്രൈസ്തവ സമൂഹം ശ്രദ്ധിച്ചിരുന്നു.

ആദിമ ക്രൈസ്തവര്‍ പീഡനങ്ങള്‍ ഏറ്റുവാങ്ങിയ കാലഘട്ടങ്ങളില്‍ ചെയ്തിരുന്നതിന് സമാനമായ ആരാധന രീതികള്‍ ജപ്പാനിലെ വലിയൊരു സമൂഹം ക്രൈസ്തവരും ഇന്നും തുടര്‍ന്നു പോരുന്നു. രഹസ്യമായാണ് പല സ്ഥലങ്ങളിലും ആരാധന നടത്തുന്നത്.

ജപ്പാനിലെ ക്രൈസ്തവ വിശ്വാസികളുടെ വീടുകള്‍ തന്നെയാണ് അവിടുത്തെ ക്രൈസ്തവ ദേവാലയങ്ങള്‍. പുതിയ തലമുറകള്‍ തങ്ങളുടെ വിശ്വാസം അതേപടി തുടരുന്ന കാര്യത്തില്‍ ശ്രദ്ധാലുക്കളല്ലെന്ന് മുതിര്‍ന്നവര്‍ പറയുന്നു. പീഡനങ്ങള്‍ തളര്‍ത്താത്ത ഒരു സഭയും അതിന്റെ ഓര്‍മ്മയില്‍ ഇന്നും ജീവിക്കുന്ന വിശ്വാസസമൂഹവുമാണ് ക്രൈസ്തവരെ ജപ്പാനില്‍ ഇന്നും സമ്പന്നമാക്കുന്നത്.

More Archives >>

Page 1 of 119