News - 2024

പത്തുവര്‍ഷങ്ങള്‍ക്കു ശേഷം പാക്കിസ്ഥാനില്‍ വീണ്ടും ക്രിസ്തുമസ് റാലി നടത്തപ്പെട്ടു

സ്വന്തം ലേഖകന്‍ 21-12-2016 - Wednesday

ലാഹോര്‍: സുരക്ഷാ കാരണങ്ങളാല്‍ പത്തു വര്‍ഷത്തോളമായി മുടങ്ങിയിരിന്ന ക്രിസ്തുമസ് റാലി കഴിഞ്ഞ ദിവസം ലാഹോറില്‍ നടത്തപ്പെട്ടു. ആയിരകണക്കിന് സാന്താക്ലോസുകളും, അലങ്കരിച്ച നിരവധി വാഹനങ്ങളും, കുട്ടികളുടെ വിവിധ കലാപരിപാടികളുമെല്ലാമായി ഏവരേയും ആകര്‍ഷിക്കുന്ന തരത്തിലാണ് റാലി നടത്തിയത്. റായിവിന്‍ഡ് രൂപതയുടെ നേതൃത്വത്തില്‍ നിരവധി ദേവാലയങ്ങളുടെ സഹകരണത്തോടെയാണ് കൂറ്റന്‍ റാലി സംഘടിപ്പിച്ചത്. കരോള്‍ ഗാനങ്ങള്‍ പാടി മുന്നോട്ട് നീങ്ങിയ സംഘം, പാക്കിസ്ഥാന്റെ കൂറ്റന്‍ പതാകകളും കൈയില്‍ വഹിച്ചിരുന്നു.

പരമ്പരാഗതമായി കത്തോലിക്ക സഭയുടെ ആഭിമുഖ്യത്തിലാണ് ക്രിസ്തുമസ് റാലി നടത്തിയിരുന്നത്. തീവ്രവാദി ഭീഷണിയെ തുടര്‍ന്ന് പത്തു വര്‍ഷത്തോളമായി റാലി നടത്താതിരിക്കുകയായിരുന്നു. റാലിക്ക് ബിഷപ്പ് സാമുവേല്‍ അസറിയാ നേതൃത്വം നല്‍കി. അവസാന നിമിഷം വരെ അധികൃതരില്‍ നിന്നും റാലി നടത്തുവാനുള്ള അനുവാദം വാക്കാല്‍ മാത്രമാണ് ലഭിച്ചിരുന്നതെന്നും, ഇതിനാല്‍ തന്നെ അണിയറ പ്രവര്‍ത്തകര്‍ റാലി നടത്തുവാന്‍ സാധിക്കുമോ എന്ന ആശങ്കയിലായിരുന്നുവെന്നും ബിഷപ്പ് സാമുവേല്‍ അസറിയാ പറഞ്ഞു.

"തീവ്രവാദി ഭീഷണിയെ തുടര്‍ന്ന് പത്തു വര്‍ഷമായി നടത്താതിരുന്ന, പാക്കിസ്ഥാനിലെ പരമ്പരാഗത ക്രിസ്തുമസ് റാലി നടത്തുവാന്‍ അധികൃതര്‍ അനുവാദം നല്‍കിയതിന് നന്ദി അറിയിക്കുന്നു. മൂന്നു ട്രാഫിക് വാര്‍ഡന്‍മാരെ മാത്രമാണ് സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി സഹായിച്ചത്. പ്രാദേശിക ക്രൈസ്തവര്‍ക്ക് വലിയ സന്തോഷവും, ആത്മീയ ഉണര്‍വും നല്‍കുവാന്‍ റാലി ഇടയാക്കിയെന്നാണ് കരുതുന്നത്. ഈ രാജ്യത്ത് ക്രൈസ്തവരും ജീവിച്ചിരിക്കുന്നുണ്ടെന്നും, ഞങ്ങളുടെ നേരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നുമാണ് ക്രിസ്തുമസിന്റെ സമയത്ത് ഞങ്ങള്‍ക്ക് അഭ്യര്‍ത്ഥിക്കുവാനുള്ളത്". ബിഷപ്പ് സാമുവേല്‍ അസറിയാ പറഞ്ഞു.

പ്രദേശത്തെ മുസ്ലീം വിശ്വാസികളും റാലിയെ സന്തോഷപൂര്‍വ്വമാണ് സ്വാഗതം ചെയ്തത്. "ഓരോ വിശ്വാസികള്‍ക്കും അവരുടെ വിശുദ്ധ ദിനങ്ങളെ ആഘോഷിക്കുന്നതിന് ഓരോ രീതികളാണ് ഉള്ളത്. ന്യൂനപക്ഷങ്ങളുടെ ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തേണ്ട എന്തെങ്കിലും സാഹചര്യം ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ക്രിസ്തുമസ് പോലെയുള്ള ആഘോഷങ്ങള്‍ ഞങ്ങളുടെ കച്ചവടത്തേയും ഏറെ സഹായിക്കുന്നുണ്ട്". സ്ഥലത്തെ ബേക്കറി ഉടമയായ നോമാന്‍ സെയിദ് പറഞ്ഞു.

പാക്കിസ്ഥാനിലെ ദേവാലയങ്ങളില്‍ ക്രിസ്തുമസ് ആഘോഷം നടത്തപ്പെടാറുണ്ടെങ്കിലും അവയെല്ലാം പരിമിതമായ സാഹചര്യങ്ങളില്‍ ഒതുക്കി നിര്‍ത്തുകയാണ് പതിവ്. ദേവാലയത്തിന്റെ പരിസരത്ത് തന്നെയാണ് ആഘോഷങ്ങള്‍ എല്ലാം നടത്തപ്പെടുന്നത്. പഞ്ചാബ് പ്രവിശ്യയിലെ യൗഹാനാബാദിലെ ദേവാലയത്തില്‍ സ്‌ഫോടനം നടന്നതിന് ശേഷം ആഘോഷങ്ങള്‍ക്കെല്ലാം കര്‍ശന നിയന്ത്രണമാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സുരക്ഷാ ഭീഷണി നേരിടുന്നതിനാല്‍ 480-ല്‍ പരം ദേവാലയങ്ങള്‍ സദാസമയം സുരക്ഷാ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്. രാജ്യത്ത് ക്രിസ്തുമസ് ആഘോഷങ്ങള്‍ നടത്തപ്പെടുന്ന പ്രധാന ദേവാലയങ്ങളില്‍ ഒന്നാണ് ലാഹോറിലെ തിരുഹൃദയ കത്തീഡ്രല്‍ ദേവാലയം. സുരക്ഷയുടെ ഭാഗമായി സിസിടിവി ക്യാമറകളും, മെറ്റല്‍ ഡിക്റ്റക്റ്റര്‍ സംവിധാനങ്ങളുമെല്ലാം ഇവിടെ പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്.

More Archives >>

Page 1 of 119