News - 2024
ദൈവത്തിന് നിങ്ങളെ ആവശ്യമുണ്ട്: തടവുപുള്ളികള്‍ക്കൊപ്പം ക്രിസ്തുമസ് ആഘോഷിച്ചുകൊണ്ട് ലോസാഞ്ചലസ് ആര്‍ച്ച് ബിഷപ്പ്
സ്വന്തം ലേഖകന്‍ 31-12-2016 - Saturday
ലോസാഞ്ചലസ്: ക്രിസ്തുമസിന്റെ യഥാര്‍ത്ഥ സന്തോഷം തടവുകാരോടൊപ്പം പങ്കിട്ട് ലോസാഞ്ചലസ് ആര്‍ച്ച് ബിഷപ്പ് ജോസ് ഗോമസ് ശ്രദ്ധേയനായി. ലോസാഞ്ചലസിലെ ഡൗണ്‍ടൗണില്‍ സ്ഥിതി ചെയ്യുന്ന പുരുഷന്‍മാരുടെ സെന്‍ട്രല്‍ ജയിലിലാണ് ആര്‍ച്ച് ബിഷപ്പ് ജോസ് ഗോമസ് തന്റെ ക്രിസ്തുമസ് ദിനം ആഘോഷിച്ചത്. തടവുകാര്‍ക്കായി പ്രത്യേക വിശുദ്ധ കുര്‍ബാനയും ക്രിസ്തുമസ് ദിനത്തില്‍ ജയിലില്‍ ഒരുക്കിയിരുന്നു.
കൊടും കുറ്റവാളികള്‍ മുതല്‍, ചെറിയ കുറ്റകൃത്യങ്ങള്‍ക്ക് തടവ് ശിക്ഷ അനുഭവിക്കുന്നവര്‍ വരെ ക്രിസ്തുമസ് ആഘോഷത്തിലും വിശുദ്ധ ബലിയിലും പങ്കുചേരുവാന്‍ എത്തി. തടവുകാരില്‍ മിക്കവരും ദിവ്യകാരുണ്യം സ്വീകരിച്ചു. ചിലര്‍ ആര്‍ച്ച് ബിഷപ്പിന്റെ കൈകള്‍ ചുംബിച്ചു പ്രത്യേക ആശീര്‍വാദം വാങ്ങി. ജയിലില്‍ കരോള്‍ ഗാനം ഉയര്‍ന്നപ്പോള്‍ തടവുകാരുടെ മനസ്സില്‍ അത് ഒരു പുതിയ അനുഭവമായി. തടവുകാര്‍ക്കായി പ്രത്യേക ക്രിസ്തുമസ് സന്ദേശവും ആര്‍ച്ച് ബിഷപ്പ് ജോസ് ഗോമസ് നല്‍കി.
"നമ്മള്‍ ചെയ്യുന്ന കാര്യങ്ങളെയോ, ചെയ്തു പോയ തെറ്റുകളെയോ, വ്യക്തിപരമായുള്ള നമ്മുടെ ശീലങ്ങളെയോ അടിസ്ഥാനപ്പെടുത്തിയല്ല ദൈവം നമ്മേ സ്‌നേഹിക്കുന്നത്. നമ്മള്‍ ഓരോരുത്തരും ഏതെല്ലാം അവസ്ഥയില്‍ ആയിരിക്കുന്നുവോ, ആ അവസ്ഥയില്‍ തന്നെ ദൈവം നമ്മേ സ്‌നേഹിക്കുന്നു. ഇവിടെയുള്ള ഓരോരുത്തരേയും ദൈവം സ്‌നേഹിക്കുന്നു. ആരും നിങ്ങളെ സ്‌നേഹിക്കുന്നില്ലെങ്കില്‍ കൂടിയും ദൈവം നിങ്ങളെ മറക്കുന്നില്ല. ദൈവത്തിന് നിങ്ങളെ ആവശ്യമുണ്ട്. ഇവിടെ നിന്നും പുറത്തു പോകുമ്പോള്‍ ഈ ബോധത്തോടെ വേണം പുതിയ ജീവിതം നിങ്ങള്‍ ആരംഭിക്കുവാന്‍". ആര്‍ച്ച് ബിഷപ്പ് ജോസ് ഗോമസ് തടവുകാരോട് പറഞ്ഞു.
പരിപാടിയില്‍ പങ്കെടുക്കാതെ സെല്ലുകളില്‍ തന്നെ കഴിഞ്ഞ തടവുകാരെ അവരുടെ മുറികളില്‍ എത്തി കാണുവാനും ആര്‍ച്ച് ബിഷപ്പ് ജോസ് ഗോമസ് മറന്നില്ല. തടവുകാര്‍ക്ക് ഹസ്തദാനം നല്‍കിയും, തോളില്‍ തട്ടിയും അദ്ദേഹം ക്രിസ്തുമസ് ആശംസകള്‍ കൈമാറി. ആര്‍ച്ച് ബിഷപ്പ് തന്നെ നേരില്‍ വന്നു ക്രിസ്തുമസ് ആഘോഷങ്ങളില്‍ പങ്കെടുത്തത് ജയില്‍ ജീവനക്കാര്‍ക്കും ഏറെ പുതുമയുള്ള അനുഭവമായി മാറി. സെന്റ് അഗത കത്തോലിക്ക ദേവാലയത്തില്‍ നിന്നുള്ള ഗായക സംഘമാണ് ജയിലില്‍ എത്തി ഗാനങ്ങള്‍ ആലപിച്ചത്. കുട്ടികള്‍ നിര്‍മ്മിച്ച ക്രിസ്തുമസ് ആശംസാ കാര്‍ഡുകള്‍ അവര്‍ തടവുകാര്‍ക്കായി സമ്മാനിച്ചു.
SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക