News - 2025
ഓസ്‌ട്രേലിയന്‍ വൈദികന്‍ ആവിഷ്‌കരിച്ച പദ്ധതി അനേകരെ തടവറയില്‍ നിന്നും രക്ഷിക്കുന്നു
സ്വന്തം ലേഖകന്‍ 06-01-2017 - Friday
ഹോങ്കോംഗ്: ആഫ്രിക്കയില്‍ നിന്നും ഹോങ്കോംഗ് വഴി ചൈനയിലേക്ക് മയക്കുമരുന്ന് കടത്തുന്നവരെ ഫലപ്രദമായി തടയുന്ന വൈദികന്റെ സേവനം ശ്രദ്ധേയമാകുന്നു. ഓസ്‌ട്രേലിയായില്‍ നിന്നും എത്തിയ ഒബ്ലേറ്റ് സഭാംഗമായ ഫാദര്‍ ജോണ്‍ വോതര്‍സ്പൂണാണ് തന്റെ പദ്ധതികളിലൂടെ നിരവധി ആഫ്രിക്കകാരെ കുറ്റകൃത്യം ചെയ്യുന്നതില്‍ നിന്നും പിന്‍തിരിപ്പിക്കുന്നത്. തടവുകാരുടെ ചാപ്ലിനായി സേവനം ചെയ്യുന്ന ഫാദര്‍ വോതര്‍സ്പൂണ്‍ ആഫ്രിക്കന്‍ തടവുകാരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.
മയക്കുമരുന്നുകള്‍ കടത്തുവാന്‍ ആഫ്രിക്കക്കാരെ പലപ്പോഴും പ്രേരിപ്പിക്കുന്നത് നിയമത്തെ കുറിച്ചുള്ള അജ്ഞതയും, ജീവിത പ്രാരാബ്ധങ്ങളുമാണെന്ന് മനസ്സിലാക്കിയ ഫാദര്‍ വോതര്‍സ്പൂണ്‍ ഈ പ്രശ്‌നത്തെ തരണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണു പദ്ധതി തയ്യാറാക്കിയത്. ഇതിനായി ആഫ്രിക്കന്‍ തടവുകാരോട്, തങ്ങളുടെ സ്വന്തം രാജ്യത്തെ സുഹൃത്തുക്കള്‍ക്ക് കത്തുകള്‍ അയക്കുവാന്‍ അദ്ദേഹം നിര്‍ദ്ദേശം നല്‍കി. മയക്കുമരുന്ന് കടത്തിയാല്‍ ലഭിക്കുന്ന ശിക്ഷയെ കുറിച്ചും, തങ്ങള്‍ ഇപ്പോള്‍ ജയിലിലാണെന്ന കാര്യത്തെ കുറിച്ചും ജയിലിലെ ദുരവസ്ഥകളെ കുറിച്ചും ആഫ്രിക്കന്‍ തടവുകാര്‍ കത്തിലൂടെ തങ്ങളുടെ സുഹൃത്തുക്കളെ അറിയിക്കുവാന്‍ തുടങ്ങി.
പദ്ധതി മൂലം ഉണ്ടായ മാറ്റം ഏറെ ശ്രദ്ധേയമായിരിന്നുവെന്ന് ഫാദര്‍ വോതര്‍സ്പൂണ്‍ കണക്കുകള്‍ സഹിതം വെളിപ്പെടുത്തുന്നു. 2012-13 വര്‍ഷത്തില്‍ ടാന്‍സാനിയായില്‍ നിന്നും മയക്കുമരുന്ന് കടത്തിയ കേസില്‍ 30-ല്‍ അധികം പേരെയാണ് ഹോങ്കോംഗ് പോലീസ് പിടികൂടിയത്. എന്നാല്‍ വൈദികന്‍ തന്റെ പുതിയ പദ്ധതി ആരംഭിച്ച ശേഷം ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള മയക്കുമരുന്ന് കടത്തിന് വലിയ കുറവാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം മൂന്നു പേരെ മാത്രമാണ് ഇത്തരം കേസുകളില്‍ പിടികൂടിയത്.
ആഫ്രിക്കന്‍ തടവുകാര്‍ എഴുതുന്ന കത്തുകള്‍ തന്റെ വെബ്‌സൈറ്റ് വഴി ഫാദര്‍ ജോണ്‍ വോതര്‍സ്പൂണ്‍ പ്രസിദ്ധീകരിക്കാറുണ്ട്. ആളുകളുടെ ഇടയില്‍ അവബോധം വര്‍ദ്ധിപ്പിക്കുന്നതിന് ഇത്തരം നടപടികള്‍ കാരണമായി. "എന്റെ ഈ ചെറിയ പ്രവര്‍ത്തി തന്നെ ആഫ്രിക്കയിലെ നൂറുകണക്കിന് യുവജനങ്ങളെയാണ് മയക്കുമരുന്ന് കടത്തുന്നതില്‍ നിന്നും തടഞ്ഞത്. മൂന്നു വര്‍ഷത്തിന് മുമ്പാണ് ആഫ്രിക്കന്‍ തടവുകാരെ കൊണ്ട് കത്ത് എഴുതിപ്പിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്. മയക്കുമരുന്ന് കടത്തുന്നത് 10 മുതല്‍ 12 വര്‍ഷം വരെ തടവ് ലഭിക്കുന്ന കുറ്റമാണെന്നു പല ആഫ്രിക്കന്‍ പൗരന്‍മാര്‍ക്കും അറിയില്ല". ഫാദര്‍ ജോണ്‍ വോതര്‍സ്പൂണ്‍ പറഞ്ഞു.
സാമ്പത്തികമായി ഞെരുക്കം അനുഭവിക്കുന്ന ആഫ്രിക്കന്‍ ജനതയെ ചൂഷണം ചെയ്താണ് പലരും മയക്കുമരുന്ന് മാഫിയകളുടെ അടിമകളാകുന്നതെന്ന് വിന്‍സെന്റ് ഡീ പോള്‍ സൊസൈറ്റിയുടെ വൈസ് ചെയര്‍മാനായ ഡേവിഡ് ഷാന്‍ പറഞ്ഞു. അതിവേഗം പണമുണ്ടാക്കാം എന്ന ചിന്തയാണ് ഇത്തരം കുറ്റങ്ങള്‍ ചെയ്യുവാന്‍ എല്ലാവരേയും പ്രേരിപ്പിക്കുന്നത്. ഫാദര്‍ ജോണ്‍ വോതര്‍സ്പൂണിന്റെ പദ്ധതി ഏറെ ഗുണം ചെയ്യുന്നതായും ഡേവിഡ് ഷാന്‍ കൂട്ടിച്ചേര്‍ത്തു.
ഫാദര്‍ വോതര്‍സ്പൂണ്‍ തന്റെ വെബ്‌സൈറ്റിലൂടെ പ്രസിദ്ധീകരിച്ചിരിക്കുന്ന എഴുത്തുകളില്‍ 40 -കാരിയായ ടന്‍സാനിയന്‍ സ്ത്രീയുടെ കത്തും ഉള്‍പ്പെടുന്നു. തന്റെ രാജ്യക്കാരോട് ഈ സ്ത്രീ കത്തിലൂടെ പറയുന്ന കാര്യങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. സ്വന്തം നാട്ടില്‍ എന്തെല്ലാം പ്രശ്‌നങ്ങള്‍ നേരിട്ടാലും, പട്ടിണി കിടന്നു മരിക്കേണ്ടി വന്നാല്‍ പോലും ആരും മയക്കുമരുന്ന് കടത്തുവാന്‍ ഒരിക്കലും ശ്രമിക്കരുതെന്ന് അവര്‍ കത്തില്‍ വിവരിക്കുന്നു.
താന്‍ തടവിലാണെന്നും, തന്റെ കുടുംബത്തിന് മാത്രമാണ് മയക്കുമരുന്ന് കടത്തിയതുകൊണ്ടുള്ള നഷ്ടം സംഭവിച്ചതെന്നും യുവതി കത്തിലൂടെ വെളിപ്പെടുത്തുന്നു. തടവുകാരുടെ ഇടയില്‍ സാന്ത്വനമായി മാറുമ്പോള്‍ തന്നെ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും ആരും ഇത്തരം കുരുക്കുകളില്‍ ഉള്‍പ്പെടാതെയിരിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുകയാണ് ഫാദര്‍ വോതര്‍സ്പൂണ്‍ എന്ന ഓസ്‌ട്രേലിയന്‍ മിഷ്ണറി വൈദികന്‍.