News - 2025

2017 വിശുദ്ധ ജോസഫ് വാസിന്റെ വര്‍ഷമായി ശ്രീലങ്ക ആചരിക്കും

സ്വന്തം ലേഖകന്‍ 20-01-2017 - Friday

കൊളംമ്പോ: 2017 വിശുദ്ധ ജോസഫ് വാസിന്റെ വര്‍ഷമായി ആചരിക്കുവാന്‍ ശ്രീലങ്കന്‍ സഭ തീരുമാനിച്ചു. ഇതു സംബന്ധിക്കുന്ന പ്രഖ്യാപനം കൊളംമ്പോ ആര്‍ച്ച് ബിഷപ്പായ കര്‍ദിനാള്‍ മാല്‍ക്കം രജ്ഞിത്താണ് നടത്തിയത്. ശ്രീലങ്കയിലെ ഏക വിശുദ്ധനായ ജോസഫ് വാസിന്റെ ജീവിതത്തെയും പ്രവര്‍ത്തികളെയും കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുവാനുള്ള ശ്രമങ്ങളാകും 2017-ല്‍ സഭയുടെ ഭാഗത്തു നിന്നും ഉണ്ടാകുകയെന്നും കര്‍ദിനാള്‍ അറിയിച്ചു.

വിശുദ്ധ ജോസഫ് വാസിന്റെ വര്‍ഷമായി 2017-നെ ആചരിക്കുന്നതിന്റെ ഭാഗമായി വിവിധ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കു സഭ പ്രത്യേകം പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. രാജ്യത്തു നിന്നും ദാരിദ്രം തുടച്ചു നീക്കുക എന്നതാണ് ഈ വര്‍ഷത്തില്‍ സഭ ലക്ഷ്യമിടുന്ന പ്രധാന പദ്ധതി. ഇതിന്റെ ഭാഗമായി കൊളംമ്പോയില്‍ പാവപ്പെട്ട സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷണം തയ്യാറാക്കി നല്‍കുന്നതിനായി ഭക്ഷണശാല തുറന്നിട്ടുണ്ട്. ശ്രീലങ്കന്‍ സര്‍ക്കാര്‍ നല്‍കിയ സ്ഥലത്ത് വിശുദ്ധന്റെ പേരില്‍ പ്രത്യേകം പള്ളി പണിയുവാനും സഭ തീരുമാനിച്ചിട്ടുണ്ട്.

കുരുണിഗാലയിലെ മഹാഗല്‍ഗമൂവ എന്ന പ്രദേശത്താണ് വിശുദ്ധന്റെ നാമത്തില്‍ പള്ളി പണിയുന്നത്. ജാതിമത ഭേദമില്ലാതെ എല്ലാവര്‍ക്കും കടന്നുവരുവാന്‍ കഴിയുന്ന ഒരു ദേവാലയമായിരിക്കും ഇതെന്ന് കുരുണിഗാല രൂപതയുടെ എപ്പിസ്‌ക്കോപ്പല്‍ വികാര്‍ ഫാദര്‍ പിയാല്‍ ജാനക അറിയിച്ചു. 2017-ല്‍ വിശുദ്ധന്റെ ജന്മ സ്ഥലമായ ഭാരതത്തിലെ ഗോവയിലേക്ക് പ്രത്യേകം തീര്‍ത്ഥാടനം നടത്തുവാനും സഭ പദ്ധതിയിട്ടിട്ടുണ്ട്.

1651-ല്‍ ഗോവയില്‍ ആണ് ജോസഫ് വാസ് ജനിച്ചത്. ഒററ്റോറിയന്‍ സഭാംഗമായ വിശുദ്ധ ജോസഫ് വാസ് 1676-ല്‍ വൈദികനായി പൗരോഹിത്യം സ്വീകരിച്ചു. ലങ്കയിലെ തമിഴരുടെയും, സിംഗളരുടെയും ഇടയില്‍ ഒരുപോലെ ബഹുമാനിക്കപ്പെട്ട വ്യക്തിയായിരിന്നു വിശുദ്ധ ജോസഫ് വാസ്. സിംഗള ഭാഷയും, തമിഴും പഠിച്ച അദ്ദേഹം, ശത്രുക്കളായി കഴിഞ്ഞിരുന്ന ഇരുവിഭാഗങ്ങളേയും തമ്മില്‍ യോജിപ്പില്‍ മുന്നോട്ടു കൊണ്ടു പോകുവാനുള്ള വലിയ ശ്രമങ്ങളാണ് നടത്തിയത്. ക്രിസ്തുവിന്റെ സ്‌നേഹത്തേയും രക്ഷയേയും കുറിച്ച് അദ്ദേഹം ലങ്കന്‍ ജനതയോട് പ്രഘോഷിച്ചു.

1505-ല്‍ തന്നെ ശ്രീലങ്കയിലേക്ക് കത്തോലിക്ക വിശ്വാസം പോര്‍ച്ചുഗീസുകാര്‍ കൊണ്ടെത്തിച്ചിരുന്നു. 1658-ല്‍ വന്ന ഡെച്ചുകാരാണ് ലങ്കയിലേക്ക് പ്രൊട്ടസ്റ്റന്‍ഡ് വിശ്വാസം കൊണ്ടുവന്നത്. ശ്രീലങ്കയുടെ തീരപ്രദേശങ്ങളില്‍ പ്രൊട്ടസ്റ്റന്‍ഡ് ആശയങ്ങള്‍ പടര്‍ന്നു പിടിക്കുകയും, വിശ്വാസികള്‍ കത്തോലിക്ക സഭയെ ഉപേക്ഷിക്കുവാന്‍ തീരുമാനിക്കുകയും ചെയ്ത സമയത്താണ് വിശുദ്ധ ജോസഫ് വാസ് തന്റെ പ്രവര്‍ത്തനവുമായി തീരദേശ ഗ്രാമങ്ങളിലേക്ക് എത്തിയത്. വൈദികരില്ലാതെ മുന്നോട്ടു നീങ്ങിയ കത്തോലിക്ക വിശ്വാസികള്‍ക്ക് വലിയ ആശ്വാസവുമായിട്ടാണ് ഭാരതത്തില്‍ നിന്നും വിശുദ്ധ ജോസഫ് വാസ് ലങ്കയിലേക്ക് എത്തിയത്.

തന്റെ മിഷ്‌ണറി പ്രവര്‍ത്തനം ഒറ്റയ്ക്കാണു വിശുദ്ധ ജോസഫ് വാസ് ആരംഭിച്ചത്. ബുദ്ധമത വിശ്വാസിയായ ലങ്കന്‍ രാജാവ് കാന്‍ഡിയുമായുള്ള സൗഹൃദം, തന്റെ പ്രവര്‍ത്തനം കൂടുതല്‍ പ്രദേശത്തേക്ക് വ്യാപിക്കുവാന്‍ വിശുദ്ധനു സഹായമായി തീര്‍ന്നു.

പ്രവര്‍ത്തനങ്ങളുടെ ആരംഭത്തില്‍ വെറും എട്ടു മിഷനുകളിലേക്ക് മാത്രം സേവനം എത്തിച്ചിരുന്ന വിശുദ്ധ ജോസഫ് വാസ്, കാന്‍ഡി രാജാവിന്റെ സഹായത്തോടെ മിഷന്‍ കേന്ദ്രങ്ങളുടെ എണ്ണം 60 ആയി ഉയര്‍ത്തി. ശ്രീലങ്കയുടെ അപ്പസ്‌തോലന്‍ ആയി അറിയപ്പെട്ട ജോസഫ് വാസ് 1711-ൽ ആണ് അന്തരിച്ചത്. തന്റെ ശ്രീലങ്കന്‍ സന്ദര്‍ശനത്തിനിടെ 1995-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് ജോസഫ് വാസിനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയത്. 2015-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് ജോസഫ് വാസിനെ വിശുദ്ധനായി പ്രഖ്യാപിച്ചത്.


Related Articles »