News - 2025
പുരോഹിതൻ ശാന്തശീലനായിരിക്കണം; ക്രോധിക്കുന്ന പുരോഹിതൻ കർത്താവിന്റെ ശിഷ്യൻ ആകുന്നില്ല : ഫ്രാൻസിസ് മാർപാപ്പ
അഗസ്റ്റസ് സേവ്യർ 24-11-2015 - Tuesday
ഉത്തമനായ പുരോഹിതന്റെ സാമീപ്യം ശാന്തത സൃഷ്ടിക്കുന്നു. ദേഷ്യക്കാരനും കർക്കശക്കാരനുമായ പുരോഹിതനെ കണ്ട് അജഗണങ്ങൾ പരക്കം പായുന്നു. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രഖ്യാപനങ്ങളുടെ, അമ്പതാം വാർഷീകാ ഘോഷവേളയിൽ, Congregation for the Clergy സംഘടിപ്പിച്ച യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു മാർപാപ്പ.
വത്തിക്കാൻ കൗൺസിലിന്റെ, പൗരോഹിത്വവുമായി ബന്ധപ്പെട്ട Decree on the Ministry and Life of Priests, Decree on Priestly Training എന്നിവയായിരുന്നു പിതാവിന്റെ പ്രഭാഷണത്തിന്റെ മുഖ്യവിഷയങ്ങൾ.
പൗരോഹിത്യ ജീവിതത്തെ പറ്റി Decree on the Ministry and Life of Priests-ൽ പറയുന്ന 3 വസ്തുതകളാണ് പിതാവ് ചർച്ച ചെയ്തത്. പുരോഹിതർ സാധാരണക്കാരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവരാണ്. അവർ മനുഷ്യർക്കു വേണ്ടിയുള്ളതാണ്. അവർ മനുഷ്യർക്കിടയിൽ ജീവിക്കുന്നു.
പുരോഹിതർക്കും ഉണ്ട് ജീവചരിത്രം. പട്ടം സ്വീകരിക്കുന്ന സമയമാകുമ്പോൾ മുളച്ചു വരുന്ന ഒരു പ്രതിഭാസമല്ല പുരോഹിതർ. പൗരോഹിത്യ രൂപീകരണ വേളയിൽ തന്നെ, പുരോഹിതരാകാൻ പോകുന്ന വ്യക്തികളുടെ ജീവചരിത്രം, അവരുടെ മാർഗ്ഗ ദർശികൾ അറിഞ്ഞിരിക്കണം.
പൗരോഹിത്യ രൂപീകരണത്തിൽ, ഏറ്റവും അടിസ്ഥാനപരമായ മാർഗ്ഗദർശനം ലഭിക്കുന്നിടം, കുടുംബം തന്നെയാണ് എന്ന് പിതാവ് ഓർമ്മിപ്പിച്ചു. "എല്ലാ ഇടയ പ്രവർത്തനങ്ങളുടെയും കേന്ദ്രം തന്നെയാണ് കുടുംബം. വ്യക്തികളുടെ ആത്മീയ പ്രയാണം തുടങ്ങന്നിടമാണ് കുടുംബം."
"നല്ലൊരു പുരോഹിതന്റെ മുഖമുദ്ര മനുഷ്യത്വമാണ്. സ്വന്തം ചരിത്രത്തെ പറ്റി ബോധമുള്ള, അതിലെ നിധികളും മുറിവുകളും ഓർത്തിരിക്കുന്ന, എന്നാലും അതെല്ലാമായി സമരസപ്പെട്ടു പോകാൻ പഠിച്ചു കഴിഞ്ഞ, ഏതു പ്രതിസന്ധി ഘട്ടങ്ങളിലും ശാന്തത നിലനിറുത്തുന്ന, ഒരു വ്യക്തിക്കേ കർത്താവിന്റെ അനുയായി ആകുവാൻ അർഹതയുള്ളു. ചുരുക്കി പറഞ്ഞാൽ അവർക്ക് ഉത്തമരായ മനുഷ്യരായി വളരുവാനുള്ള സാഹചര്യം ആദ്യം ലഭിക്കുന്നത് കുടുംബത്തിൽ നിന്നുമാണ്."
പിതാവ് വീണ്ടും എടുത്തു പറയുകയാണ്: "പുരോഹിതൻ ശാന്തശീലനായിരിക്കണം. ക്രോധിക്കുന്ന പുരോഹിതൻ നമ്മുടെ കർത്താവിന്റെ ശിഷ്യൻ ആകുന്നില്ല. അങ്ങനെയുള്ള പുരോഹിതന് തനിക്ക് വേണ്ടി തന്നെയോ, ജനങ്ങൾക്ക് വേണ്ടിയോ ഒന്നും ചെയ്യാൻ കഴിയുകയില്ല, ദൈവത്തിന്റെ നിധി സൂക്ഷിച്ചിരിക്കുന്ന മൺകുടമാണ് മനുഷ്യത്വം! അത് ഉടഞ്ഞാൽ നിധി നഷ്ടപ്പെട്ടു പോകും."
പുരോഹിതർ മനുഷ്യർക്ക് വേണ്ടിയാണ്. അതാണ് Decree on the Ministry and Life of Priests -ൽ പറയുന്ന രണ്ടാമത്തെ കാര്യം. കഷ്ടപ്പാടിൽ ഉഴലുന്ന സഹോദരീ- സഹോദരന്മാർക്ക് സേവനം ചെയ്യാനാണ് അവർ വിളിക്കപ്പെട്ടിരിക്കുന്നത്.
പൗരോഹിത്യം പുരോഹിതർക്ക് വേണ്ടിയുള്ളതല്ല, ദുഖിതരും പാപികളുമായ മനുഷ്യരെ രക്ഷയിലേക്ക് നയിക്കാനുള്ളതാണ്. "പുരോഹിതർ പ്രമാണ യുക്തരായിരിക്കണം, പ്രമാണിയാകരുത്; മനസ്സ് ദൃഢമായിരിക്കണം, കഠിനമായിരിക്കരുത്; ആനന്ദ മാനസരായിരിക്കണം, ആനന്ദോന്മത്തരാവരുത്- ചുരുക്കി പറഞ്ഞാൽ ഇടയന്മാരായിരിക്കണം, ഉദ്യോഗസ്ഥരായിരിക്കരുത്."
മൂന്നാമത്തെ കാര്യം പുരോഹിതർ ജനങ്ങളുടെ ഇടയിൽ, അവരിൽ ഒരാളായി, എന്നാൽ അവർക്ക് മാർഗ്ഗദർശനം നൽകി, ജീവിക്കണം എന്നതാണ്. പുരോഹിതർ ഓരോ ദിവസവും തന്റെ പൗരോഹിത്യ ജോലികൾ നിർവ്വഹിച്ചു കഴിഞ്ഞാൽ തന്റെ കടമ കഴിഞ്ഞു എന്നു കരുതി ജീവിക്കരുത്.
"ഒരു പുരോഹിതന് ചെയ്യാനാവുന്ന എല്ലാ നല്ല കാര്യങ്ങളും തന്റെ അജഗണങ്ങളുടെ പാലനവുമായി ബന്ധപ്പെട്ടതാണ്."
"ഒരിക്കൽ കൂടി ഞാൻ ആവർത്തിക്കുന്നു: പുരോഹിതർ ഉദ്യോഗസ്ഥരല്ല, പീതാവാണ്, സഹോദരനാണ്." മാർപാപ്പ പറഞ്ഞു.