News
200-ലധികം അനാഥ മൃതദേഹങ്ങള്‍ യഥാവിധി അടക്കം ചെയ്തു ലോകത്തിന് മാതൃകയായി കൊണ്ട് ഷിക്കാഗോയിലെ കത്തോലിക്കാ സഭ
സ്വന്തം ലേഖകന്‍ 28-11-2015 - Saturday
ഷിക്കാഗോയിലെ കത്തോലിക്കാ സഭ തങ്ങളുടെ സെമിത്തേരികളില്‍ സമീപ വര്‍ഷങ്ങളില്‍ മരിച്ച ഏതാണ്ട് 200-ഓളം തിരിച്ചറിയപ്പെടാത്തതും, ആരും അവകാശപ്പെടാത്തതുമായിട്ടുള്ള മൃതദേഹങ്ങള്‍ യഥാവിധി അടക്കം ചെയ്യുവാന്‍വേണ്ട സഹായങ്ങള്‍ ചെയ്തു. പാര്‍പ്പിടമില്ലായ്മ ഇല്ലായ്മ ചെയ്യേണ്ടത് അത്യാവശ്യമാണെന്നും പ്രാര്‍ത്ഥിക്കുവാന്‍ ആരുമില്ലാതെ മരിച്ചവര്‍ക്ക് വേണ്ടി പരിതപിക്കുകയും പ്രാര്‍ത്ഥിക്കുകയും വേണമെന്ന് ഈ ചടങ്ങില്‍ പങ്കെടുത്ത ഒരു വൈദികന്‍ അഭിപ്രായപ്പെട്ടു.
ഷിക്കാഗോ അതിരൂപത കത്തോലിക്കാ സെമിത്തേരികളുടെ സഹ-ഡയറക്ടറും പുരോഹിതനുമായ ഫാ. ലാറി സുള്ളിവന്‍ ഈ പരിതാപകരമായ അവസ്ഥയെപ്പറ്റി വിശദീകരിച്ചു.
“തീര്‍ച്ചയായും ഇത്തരം വ്യക്തികൽ വളരെയേറെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു ജീവിതമാണ് നയിക്കുന്നത്. കുടുംബത്തില്‍നിന്നും, കൂട്ടുകാരില്‍നിന്നും അന്യരാക്കപ്പെട്ടു ജീവിക്കുന്ന ഇവരെ കുറിച്ച് അധികമാര്‍ക്കും അറിവില്ല.” അദ്ദേഹം EWTN ന്യൂസിനോട് പറഞ്ഞു.
“ഉറപ്പായും ഇവരുടെ അന്ത്യം വളരെയേറെ ദയനീയമാണ്: ഇവരെ ഞങ്ങള്‍ അറിയും എന്ന് പറയുവാന്‍ ഇവര്‍ക്ക് വേണ്ടി ആരും മുന്നോട്ട് വരാറില്ല.” ഫാ. സുള്ളിവന്‍ തുടര്‍ന്നു “നമുക്ക് ഇവരെ അറിയില്ല എങ്കിലും ദൈവത്തിന് ഇവരെ അറിയാമെന്നുള്ള കാര്യം വളരെ പ്രധാനപ്പെട്ടതാണ് എന്നാണ് എനിക്ക് തോന്നുന്നത്.”
നവംബര്‍ 19-ന് ഉച്ചക്ക് ശേഷം ഷിക്കാഗോയിലെ മൌണ്ട് ഒലിവെറ്റ് സെമിത്തേരിയില്‍ ഫാ. സുള്ളിവന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ തിരിച്ചറിയുവാന്‍ കഴിയാത്ത 12 പ്രായപൂര്‍ത്തിയായവരുടേയും 24 ഗര്‍ഭാവസ്ഥയിലുണ്ടായിരുന്നതും (unborn), ചാപിള്ളയുമായ കുഞ്ഞുങ്ങളുടെ അവശിഷ്ടങ്ങളും അടക്കം ചെയ്തു. വിവിധ നഗരങ്ങളിലെ ഉദ്യോഗസ്ഥരും, ശവ-സംസ്കാര അധ്യക്ഷന്‍മാരും ഉള്‍പ്പെടെ ഒരുപാട് പേര്‍ ഈ സംസ്കാര ചടങ്ങില്‍ പങ്കെടുത്തു.
സാധാരണ കത്തോലിക്കാ ശവ-സംസ്കാര ചടങ്ങുകളില്‍നിന്നും ഒട്ടും വ്യത്യസ്ഥമല്ലായിരുന്നു ഈ ചടങ്ങും. “ശവ-സംസ്കാര ചടങ്ങിന്റെ എല്ലാ ശുശ്രൂഷകളോടും കൂടിയാണ് ഞങ്ങള്‍ഇത് ചെയ്തത്.” അദ്ദേഹം പറഞ്ഞു. “ഞങ്ങള്‍ അവരുടെ ആരൊക്കെയോ ആയ പോലെയുള്ള ഒരു വികാരം ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഉണ്ടായി എന്നാണ് എനിക്ക് തോന്നുന്നത്.” “പരിതപിക്കപ്പെടുവാനും, പ്രാര്‍ത്ഥിക്കപ്പെടുവാനുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ട്.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ധാരാളം മൃതദേഹങ്ങള്‍ ആരും അവകാശപ്പെടാന്‍ ഇല്ലാത്ത അവസ്ഥയില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നു. അതിനാല്‍തന്നെ ഷിക്കാഗോ അതിരൂപതയിലെ കത്തോലിക്ക സെമിത്തേരികള്‍ നൂറ് കണക്കിന് കല്ലറകള്‍ ഇത്തരം മൃതദേഹങ്ങള്‍അടക്കുന്നതിനായി നല്‍കിയിട്ടുണ്ട്. 2012-മുതല്‍ ഷിക്കാഗോ സെമിത്തേരികള്‍ ഏതാണ്ട് 200-ഓളം പ്രായപൂര്‍ത്തിയായവരും ആരും അവകാശപ്പെടുവാനോ ഇല്ലാത്ത മൃതദേഹങ്ങള്‍ അടക്കം ചെയ്തിട്ടുണ്ട്. ഇതില്‍ ഭൂരിപക്ഷവും പാര്‍പ്പിടമില്ലാത്തവരുടേതായിരുന്നു. ഇതിനു പുറമേ ഏതാണ്ട് 600-ഓളം വരുന്ന ഭ്രൂണഹത്യ നടത്തിയതും, ചാപിള്ളകളുമായി പിറന്ന ശിശുക്കളുടെയും അവശിഷ്ടങ്ങളും അടക്കംചെതിട്ടുണ്ട്.
ഷിക്കാഗോ കത്തോലിക്കാ സെമിത്തേരികളുടെ എക്സിക്യുട്ടീവ് ഡയറക്ടറായ റോമന്‍ സാബെല്‍സ്കിയുടെ അഭിപ്രായത്തില്‍ എല്ലാവരും സമൂഹത്തിനായി എന്തെങ്കിലും ചെയ്യണം. ആരാലും അറിയപ്പെടാതെ അനാഥരായി മരിച്ചവരും ഇപ്പറഞ്ഞ സമൂഹത്തില്‍ ഉള്‍പ്പെടും.
“ഇത്തരത്തില്‍ മരിച്ചവര്‍ എല്ലാവരും തന്നെ ആരെങ്കിലുടേയും അമ്മയോ, സഹോദരനോ, സഹോദരിയോ, ജീവിതപങ്കാളിയോ ഒക്കെ ആയിരുന്നിരിക്കാം. എങ്ങിനെ ആയിരുന്നാലും ഇത് വളരെ ഖേദകരമാണ്, കാരണം സ്വന്തം സാഹചര്യങ്ങള്‍മൂലം സ്വയം സംസാരിക്കുവാനും ഏകാന്തമായി മരിക്കുവാനും വിധിക്കപ്പെട്ട് കൊണ്ട് അവര്‍ തെരുവിലാക്കപ്പെടുന്നു.” അദ്ദേഹം EWTN ന്യൂസിനോട് പറഞ്ഞു.
“ഒരു സമൂഹമെന്നനിലയിലും ഒരേ സഭാമക്കള്‍ എന്ന നിലയിലും, ഇങ്ങനെയുല്ലവര്‍ക്ക് വേണ്ടി അവരുടെ മരണത്തില്‍ പോലും പ്രാര്‍ത്ഥിക്കുവാനും, പരിതപിക്കുവാനും നാം മുന്നോട്ട് വരേണ്ടിയിരിക്കുന്നു. ദൈവത്തിന്‍റെ ദാനമെന്നനിലയില്‍ ഇവര്‍ നമ്മുടെ അംഗീകാരവും ആദരവും അര്‍ഹിക്കുന്നു.”
പാര്‍പ്പിടമില്ലായ്മ എന്ന വിപത്തിനെ തടയുകയാണെങ്കില്‍ ആരാലും അറിയപ്പെടാതെ മരിക്കുക എന്ന ഈ സാഹചര്യത്തില്‍ കുറെയേറെ മാറ്റങ്ങള്‍വരും. തെരുവില്‍ അലയുന്നവരെ പുനരധിവസിപ്പിക്കേണ്ടതിന്റെയും അവര്‍ക്ക് ശരിയായ രീതിയിലുള്ള മനശാസ്ത്രപരമായ ശ്രദ്ധ നല്‍കേണ്ടതിന്റെയും ആവശ്യത്തെപ്പറ്റി ഫാ. സുള്ളിവന്‍ എടുത്ത് പറഞ്ഞു. “ആരും തെരുവില്‍ അലയുന്ന രീതിയല്‍ ഇനി ഒരിക്കലും കാണേണ്ടിവരരുത്. ഇത് സമൂഹത്തിന് തന്നെ ദോഷമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മരിക്കുന്നവരെ അടക്കുന്നത് വളരെ വലിയ ഒരു കാരുണ്യ-പ്രവര്‍ത്തിയായാണ് കത്തോലിക്കാ സഭ കാണുന്നത്. "നമ്മുടെ ശരീരം ദൈവത്തിന്റെ ദാനമാണെന്ന" വിശ്വാസത്തില്‍ നിന്നുമാണ് ഈ കാഴ്ചപ്പാട് ഉണ്ടായത്. ക്രിസ്ത്യാനി എന്ന നിലയില്‍ നാം മറ്റുള്ളവരുടെ ആത്മീയവും ശാരീരികവുമായ ക്ഷേമത്തിന് ഉത്തരവാദിത്വപ്പെട്ടിരിക്കുന്നു. മരിച്ചവര്‍ക്കുള്ള പ്രാര്‍ത്ഥനകള്‍ക്ക് ആത്മീയമായ പ്രാധാന്യം ഉണ്ട്. എന്നാല്‍ മരിച്ചവരെ അടക്കം ചെയ്യുന്നതിന് ശാരീരികമായ പ്രാധാന്യവും ഉണ്ട് എന്ന് ഒരു വൈദികന്‍ അഭിപ്രായപ്പെട്ടു. ഇത് മരിച്ചതിനു ശേഷവും ബാധകമാണ്. “നമ്മുടെ ശരീരം ദൈവത്തിന്റെ ദാനമാണ്” അതിനാല്‍ നാം ഇതിനെ വളരെ ബഹുമാനപൂര്‍വ്വം കൈകാര്യം ചെയ്യണം. നാം വെറുതെ പ്രാര്‍ത്ഥിക്കുക മാത്രം ചെയ്യാതെ ശാരീരികമായ സഹായങ്ങളും ചെയ്യണം എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അദ്ദേഹം തുടര്‍ന്നു “വിശക്കുന്ന ഒരുവന് വേണ്ടി പ്രാര്‍ത്ഥിച്ചാല്‍മാത്രം പോര. അവന് ഭക്ഷണം കൊടുക്കുക കൂടി വേണം. വേദന സഹിക്കുന്ന ഒരുത്തന് വേണ്ടി പ്രാര്‍ത്ഥിച്ചാല്‍മാത്രം പോര മറിച്ച് അവനു വേണ്ട ശാരീരികമായ ശ്രദ്ധയും വൈദ്യചികിത്സയും ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുക കൂടി വേണം.”
കത്തോലിക്കാ സെമിത്തേരികള്‍ ഒരു വര്‍ഷം 300-ഓളം അടക്കം ചെയ്യലുകള്‍ക്ക് വേണ്ട സാമ്പത്തിക സഹായവും ചെയ്യുന്നുണ്ടെന്ന് റോമന്‍ സാബെല്‍സ്കി പറഞ്ഞു. ഇത് മൂലം കുടുംബക്കാര്‍ക്ക് സംസ്കാര ചടങ്ങുകള്‍ക്ക് ആവശ്യമായ പണം ഇല്ലെങ്കില്‍പോലും കത്തോലിക്ക രീതിയിലുള്ള സംസ്കാര ശുശ്രൂഷകള്‍ അര്‍ഹിക്കുന്നവര്‍ക്ക് അത് ലഭിക്കുന്നു. എന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു.
