News - 2025

മാര്‍ ജോയി ആലപ്പാട്ട് ചിക്കാഗോ രൂപതാധ്യക്ഷന്‍

പ്രവാചകശബ്ദം 03-07-2022 - Sunday

കാക്കനാട്: അമേരിക്കയിലെ ചിക്കാഗോ സെന്‍റ് തോമസ് രൂപതയുടെ രണ്ടാമത്തെ മെത്രാനായി ബിഷപ് മാര്‍ ജോയി ആലപ്പാട്ടിനെ പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. നിയമനവിവരം അപ്പസ്തോലിക് നൂണ്‍ഷ്യോ ആര്‍ച്ചുബിഷപ്പ് ലെയോപോള്‍ദോ ജിറേല്ലി മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ പ്രത്യേക സന്ദേശം വഴി അറിയിച്ചു. ജൂലൈ മൂന്നാം തിയതി ഇറ്റലിയന്‍ സമയം പന്ത്രണ്ടുമണിക്കു റോമിലും ഇന്ത്യന്‍ സമയം വൈകുന്നേരം 3.30 ന് സീറോമലബാര്‍സഭയുടെ ആസ്ഥാനകാര്യാലമായ മൗണ്ട് സെന്‍റ് തോമസിലും ചിക്കാഗോയിലെ രൂപതാ ആസ്ഥാനത്തു രാവിലെ 6 മണിക്കും ഇതു സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ നടന്നു. ചിക്കാഗോ സെന്‍റ് തോമസ് സീറോമലബാര്‍ രൂപതയുടെ സഹായമെത്രാനായി സേവനം ചെയ്തുവരികയായിരുന്നു മാര്‍ ജോയി ആലപ്പാട്ട്. സ്ഥാനാരോഹണത്തിന്‍റെ തീയതി പിന്നീടു നിശ്ചയിക്കുന്നതാണ്.

1956 സെപ്റ്റംബര്‍ 27-ന് ഇരിങ്ങാലക്കുട രൂപതയിലെ പറപ്പൂക്കര ഇടവകയിലാണ് ബിഷപ് ജോയി ആലപ്പാട്ടിന്‍റെ ജനനം. ഇരിങ്ങാലക്കുട മൈനര്‍ സെമിനാരിയിലും വടവാതൂര്‍ സെന്‍റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലും വൈദികപഠനം പൂര്‍ത്തിയാക്കിയശേഷം 1981 ഡിസംബര്‍ 31ന് വൈദികപട്ടം സ്വീകരിച്ചു. ഇരിങ്ങാലക്കുട രൂപതയിലും ചെന്നൈ മിഷനിലും അജപാലനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. ആലുവ സെന്‍റ് ജോസഫ്സ് പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നു ദൈവശാസ്ത്രത്തില്‍ മാസ്റ്റര്‍ ബിരുദം പൂര്‍ത്തിയാക്കി. 1993 ലാണ് അദ്ദേഹം അജപാലന ശുശ്രൂഷയ്ക്കായി അമേരിക്കയില്‍ എത്തിയത്. വിവിധ മിഷന്‍കേന്ദ്രങ്ങളുടെ ഡയറക്ടറായും മാര്‍തോമാശ്ലീഹാ സീറോമലബാര്‍ കത്തീഡ്രല്‍ ദൈവാലയത്തില്‍ വികാരിയായും സേവനമനുഷ്ഠിച്ചു.

അതിനിടയില്‍ വാഷിങ്ങ്ടണിലെ ജോര്‍ജ്ടൗണ്‍ യൂണിവേഴ്സിറ്റിയില്‍നിന്നു ക്ലിനിക്കല്‍ പാസ്റ്ററല്‍ എഡ്യൂക്കേഷന്‍ പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കി. 2014 ജൂലൈ 24ന് രൂപതയുടെ സഹായമെത്രാനായി നിയമിതനായ അദ്ദേഹം അതേവര്‍ഷം സെപ്റ്റംബര്‍ 27 ന് മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു. രൂപതയുടെ സഹായമെത്രാനെന്ന നിലയില്‍ രൂപതയുടെ അജപാലനപ്രവര്‍ത്തനങ്ങളില്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിനോടു ചേര്‍ന്ന് എട്ടുവര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചതിന്‍റെ അനുഭവസമ്പത്തുമായിട്ടാണ് മാര്‍ ജോയി ആലപ്പാട്ട് ചിക്കാഗോ രൂപതയുടെ ഇടയസ്ഥാനം എറ്റെടുക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്.

രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്‍റെ രാജി സ്വീകരിച്ചുകൊണ്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പുതിയ നിയമനം നടത്തിയിരിക്കുന്നത്. 75 വയസ് പൂര്‍ത്തിയായപ്പോള്‍ മാര്‍ അങ്ങാടിയത്ത് കാനന്‍ നിയമം അനുശാസിക്കുന്നവിധം പരിശുദ്ധ പിതാവിന് രാജി സമര്‍പ്പിച്ചിരുന്നു. 2001 മാര്‍ച്ച് 13 നാണ് ചിക്കാഗോ സെന്‍റ് തോമസ് രൂപത രൂപീകൃതമായത്. 2001 ജൂലൈ ഒന്നാം തിയതി മെത്രാന്‍പട്ടം സ്വീകരിച്ച മാര്‍ ജേക്കബ് അങ്ങാടിയത്തിന്‍റെ അജപാലന നേതൃത്വത്തില്‍ ഇടവകകളും മിഷന്‍സെന്‍ററുകളും രൂപീകരിക്കപ്പെട്ടു. രൂപതയുടെ കത്തീഡ്രല്‍ ദൈവാലയം, രൂപതാകാര്യലയത്തി നാവശ്യമായ സൗകര്യങ്ങള്‍ തുടങ്ങിയവ സജ്ജീകരിച്ചു. തന്‍റെ ഇടയശുശ്രൂഷയുടെ ഫലമായി അമേരിക്കയിലെ സീറോമലബാര്‍ വിശ്വാസിസമൂഹത്തിന്‍റെ കൂട്ടായ്മയും രൂപതയ്ക്ക് അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്തിയാണ് മാര്‍ ജേക്കബ് അങ്ങാടിയത്ത് തന്‍റെ പിന്‍ഗാമിക്കു രൂപതാഭരണം കൈമാറുന്നതെന്ന്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ ചാന്‍സലര്‍ ഫാ. വിന്‍സെന്‍റ് ചെറുവത്തൂര്‍ അറിയിച്ചു.


Related Articles »